കോവിഡിനൊപ്പം പകർച്ചവ്യാധികളും കരുതൽ ഇല്ലെങ്കിൽ രക്ഷയില്ല
text_fieldsകോഴിക്കോട്: കോവിഡ് വ്യാപനം തീവ്രമായിരിക്കെ ആരോഗ്യ പ്രവർത്തകരെ വലച്ച് ഡെങ്കിപ്പനിയടക്കമുള്ള മറ്റ് രോഗങ്ങൾ. ഡെങ്കിപ്പനി, എലിപ്പനി, മഞ്ഞപ്പിത്തം, ഷിഗെല്ല തുടങ്ങിയ പകർച്ചവ്യാധികൾ ജില്ലയിൽ വ്യാപിക്കുകയാണ്. മഴ പെയ്തതോടെ ജലദോഷപ്പനിയടക്കം തലപൊക്കിയിട്ടുണ്ട്. കോവിഡ് രോഗികളെ ചികിത്സിക്കാൻതന്നെ ആരോഗ്യപ്രവർത്തകരുടെ ക്ഷാമം നേരിട്ടുകൊണ്ടിരിക്കുന്ന അവസ്ഥയിലാണ് മറ്റ് പകർച്ചവ്യാധികൾ വ്യാപിക്കുന്നത്. മറ്റു രോഗികളുടെ എണ്ണം കൂടുന്നത് കോവിഡ് വ്യാപനം രൂക്ഷമാക്കുമെന്ന ഭയവും ആരോഗ്യപ്രവർത്തകർക്ക് ഉണ്ട്.
ഡെങ്കിപ്പനിയാണ് ജില്ലയില്‍ ഏറ്റവും കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നത്. മണിയൂര്‍, ചോറോട്, വില്യാപ്പിള്ളി എന്നിവിടങ്ങളില്‍ കഴിഞ്ഞ ദിവസം 36 കേസുകളും ഫറോക്ക്, രാമനാട്ടുകര, ഓര്‍ക്കാട്ടേരി എന്നിവിടങ്ങില്‍ ഒരു കേസുമാണ് റിപ്പോര്‍ട്ട് ചെയ്തത്. കൊടിയത്തൂരില്‍ ഒരാള്‍ക്ക് മഞ്ഞപ്പിത്തവും കുരുവട്ടൂര്‍, കക്കോടി എന്നിവിടങ്ങളില്‍ ഒന്നു വീതം എലിപ്പനിയും പെരുവയല്‍, കുന്ദമംഗലം, കിഴക്കോത്ത് എന്നിവിടങ്ങളില്‍ ഒന്നുവീതം ഷിഗല്ലയും റിപ്പോര്‍ട്ട് ചെയ്തു. ഡെങ്കിപ്പനി സംശയിക്കുന്നവരുടെ എണ്ണവും വലിയ തോതില്‍ കൂടിയിട്ടുണ്ട്. അതേസമയം, ഷിഗല്ല റിപ്പോര്‍ട്ട് ചെയ്യുന്നവരുടെ എണ്ണത്തില്‍ കുറവുണ്ടായിട്ടുണ്ട്.
ഡെങ്കിപ്പനി, എലിപ്പനി, മഞ്ഞപ്പിത്തം തുടങ്ങിയവ പലപ്പോഴും ജലദോഷപ്പനിയാണെന്ന് തെറ്റിദ്ധരിച്ച് സ്വയം ചികിത്സിച്ച് രോഗം ഗുരുതരാവസ്ഥയിലെത്തിക്കുകയാണ്. കോവിഡാണെങ്കിൽ ക്വാറൻറീനിൽ കഴിയേണ്ടത് ഭയന്നും പലരും ആശുപത്രികളെ സമീപിക്കാൻ മടിക്കുകയാണ്. സ്വയം ചികിത്സമൂലം പലപ്പോഴും രോഗം ഗുരുതരമാകുമ്പോഴാണ് ആശുപത്രിയിൽ എത്തുന്നത്. ഇത് രോഗികളുടെ മരണത്തിലേക്ക് നയിക്കുകയാണ്.
പനി വന്ന് ആശുപത്രിയിലെത്തിയാൽ ആദ്യം കോവിഡ് പരിശോധനയാണ് നടക്കുന്നത്. കോവിഡ് നെഗറ്റിവ് ആണെന്ന് അറിഞ്ഞാൽ മാത്രമേ മറ്റു പനികളാണോ എന്ന പരിശോധന നടത്തൂ. പകര്‍ച്ചവ്യാധികള്‍ രൂക്ഷമായതോടെ അതിജാഗ്രതയോടെ ആരോഗ്യ വകുപ്പും പ്രവര്‍ത്തിക്കുന്നുണ്ട്. ജലജന്യരോഗങ്ങളെയും കൊതുക് പരത്തുന്ന രോഗങ്ങളെയും പ്രതിരോധിക്കാന്‍ പ്രത്യേക ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മാലിന്യവുമായി നിരന്തരം സമ്പർക്കത്തിൽവരുന്ന ശുചീകരണ തൊഴിലാളികൾക്ക് രോഗസാധ്യത കൂടുതലാണ്. കെട്ടിനില്‍ക്കുന്ന മഴവെള്ളത്തില്‍ ഇറങ്ങുന്നവര്‍ക്കും മറ്റ് മലിനജലവുമായി സമ്പര്‍ക്കത്തില്‍ വരുന്നവര്‍ക്കുമാണ് എലിപ്പനി ഉണ്ടാകുന്നതിന് സാധ്യതയേറെയുള്ളത്. കോവിഡ് രോഗികളെ പരിചരിച്ച് തളർന്ന ആരോഗ്യപ്രവർത്തകർക്ക് മറ്റ് പകർച്ചവ്യാധികൾ ഇരട്ടിപ്പണിയാവുകയാണ്. മറ്റ് പകർച്ച വ്യാധികൾക്കും ഒരേപോലെ ശ്രദ്ധ നൽകേണ്ടിവരുന്നതാണ് ജീവനക്കാരെ തളർത്തുന്നത്. മഴക്കാല ശുചീകരണ പ്രവർത്തനങ്ങൾ തുടങ്ങാനുള്ള നടപടികൾ ആയിട്ടുണ്ട്.
നിലവിൽ ഡെങ്കിപ്പനിയും എലിപ്പനിയും മഞ്ഞപ്പിത്തവും ഉൾപ്പെടെയുള്ളവ സ്ഥിരീകരിച്ച പ്രദേശത്തെ വീടുകളിൽ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ, ആർ.ആർ.ടി, ആശാവർക്കർമാർ, കുടുംബശ്രീ പ്രവർത്തകർ എന്നിവർ നേരിട്ടെത്തി ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നുണ്ട്. കിണറുകളിലടക്കം ക്ലോറിനേഷൻ നടത്തുകയും ആരോഗ്യ ബോധവത്കരണ പ്രവർത്തനങ്ങൾ നടപ്പാക്കുകയും ചെയ്യുകയാണ് ആരോഗ്യ വകുപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.