ഗാംബിയയിലെ കുട്ടികളുടെ മരണം: സിറപ്പുകളുടെ പ്രശ്നം പഠിക്കാൻ ഡബ്ല്യു.എച്ച്.ഒ നൽകിയ വിവരങ്ങൾ മതിയാകില്ലെന്ന് ഇന്ത്യ
text_fieldsന്യൂഡൽഹി: ഗാംബിയയിലെ 66 കുട്ടികളുടെ മരണത്തിനിടയാക്കിയ നാല് കഫ് സിറപ്പുകളുടെ പ്രശ്നങ്ങൾ കണ്ടെത്താൻ ലോകാരോഗ്യ സംഘടന നൽകിയ വിവരങ്ങൾ മതിയാവില്ലെന്ന് ഇന്ത്യൻ സംഘം.
കഫ് സിറപ്പുകളുടെ പ്രശ്നങ്ങൾ പരിശോധിക്കാൻ സർക്കാർ നിയോഗിച്ച സമിതിയാണ് ഇക്കാര്യം ലോകാരോഗ്യ സംഘടനയെ അറിയിച്ചത്. സംഘടന ഇതുവരെ നൽകിയ ക്ലിനിക്കൽ വിവരങ്ങൾ പ്രശ്നങ്ങളുടെ കാരണം കണ്ടെത്താൻ പര്യാപ്തമല്ലെന്ന് ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡി.സി.ജി.ഐ) വി. ജി. സോമാനി ലോകാരോഗ്യ സംഘടനയെ അറിയിച്ചു.
നാല് കഫ് സിറപ്പുകളുടെ നിർമ്മാതാവായ സോനിപത് ആസ്ഥാനമായുള്ള മെയ്ഡൻ ഫാർമസ്യൂട്ടിക്കൽസിനെതിരായ അന്വേഷണത്തിന്റെ പുരോഗതി അറിയിക്കാൻ ആവശ്യപ്പെട്ട് ഒക്ടോബർ 13 ന് ലോകാരോഗ്യ സംഘടനയിൽ നിന്നുള്ള റുട്ടെൻഡോ കുവാന ഡി.സി.ജി.ഐക്ക് മെയിൽ അയച്ചിരുന്നു.
കഫ്സിറപ്പുകളെ കുറിച്ച് അന്വേഷിക്കാനും തുടർ നടപടികൾ ശിപാർശ ചെയ്യാനും കേന്ദ്ര ആരോഗ്യ മന്ത്രാലയം സാങ്കേതിക വിദഗ്ധരുടെ ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്ന് ഡോ. സോമാനി മറുപടിയിൽ വ്യക്തമാക്കി.
സ്റ്റാൻഡിംഗ് നാഷണൽ കമ്മിറ്റി ഓൺ മെഡിസിൻസ് വൈസ് ചെയർപേഴ്‌സൺ ഡോ. വൈ.കെ.ഗുപ്ത അധ്യക്ഷനായ നാലംഗ സമിതി ആദ്യ യോഗത്തിൽ തന്നെ ലോകാരോഗ്യ സംഘടനയിൽ നിന്ന് ഇതുവരെ ലഭിച്ച റിപ്പോർട്ടുകൾ പരിശോധിച്ച് നിരവധി നിരീക്ഷണങ്ങൾ നടത്തിയതായും സോമാനി സംഘടനയെ അറിയിച്ചു.
സമിതിയുടെ നിരീക്ഷണങ്ങൾ പരാമർശിച്ചുകൊണ്ട്, കുട്ടികൾക്ക് ഇതുവരെ ലഭിച്ച ചികിത്സയും ക്ലിനിക്കൽ ഫീച്ചറുകളും സംബന്ധിച്ച് ലോകാരോഗ്യ സംഘടന പങ്കുവെച്ച വിവരങ്ങൾ രോഗകാരണങ്ങൾ കണ്ടെത്തുന്നതിന് അപര്യാപ്തമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
രോഗത്തിന്റെ പ്രാരംഭ ലക്ഷണങ്ങൾ, ലക്ഷണങ്ങളും അടയാളങ്ങളും, അവയുടെ ദൈർഘ്യം, വിവിധ അടയാളങ്ങളും പാരാമീറ്ററുകളും ഉൾപ്പെടെ നടത്തിയ ലബോറട്ടറി പരിശോധനകളുടെ ഫലങ്ങൾ, രോഗികളുടെ സാമ്പിളുകളിൽ ഡൈഎഥിലീൻ ഗ്ലൈക്കോൾ, എഥിലീൻ ഗ്ലൈക്കോൾ എന്നിവയുടെ അളവുകൾ, ഗാംബിയയിലെ ത്രിതല ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിന് മുമ്പും ശേഷവും ലഭിച്ച ചികിത്സ, മരണകാരണമെന്ന് കരുതുന്ന ഗുരുതരമായ വൃക്ക തകരാറിന് മുമ്പും ശേഷവും ലഭിച്ച ചികിത്സ, ആശുപത്രിയിൽ പ്രവേശിക്കുന്നതിന് മുമ്പും ശേഷവും ചികിത്സയിൽ ഉപയോഗിച്ച മരുന്നുകളുടെ പേരുകളും ബ്രാൻഡുകളും, അവയുടെ നിർമ്മാതാക്കൾ, ഓരോ മരുന്നിന്റെയും കാലാവധി ഉൾപ്പെടെ മറ്റ് പ്രസക്തമായ വിവരങ്ങൾ എന്നിവ പരിശോധനക്ക് ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.
മലം സാമ്പിളുകൾ ശേഖരിക്കുകയും വിശകലനം ചെയ്യുകയും ചെയ്തതിന്റെ വിവരങ്ങൾ ആവശ്യപ്പെട്ടു. പരിശോധന സാമ്പിളുകൾ ശേഖരിച്ച, വൃക്ക തകരാറുണ്ടായിരുന്ന കുട്ടികളുടെ എണ്ണവും ഡോ. സോമാനി തേടിയിട്ടുണ്ട്.
കൂടുതൽ പരിശോധനക്കും തുടർനടപടികൾക്കുമായി എത്രയും വേഗം മുകളിലുള്ളവയുടെ വിശദാംശങ്ങൾ പങ്കിടാൻ അഭ്യർഥിക്കുന്നുവെന്ന് അദ്ദേഹം കുറിച്ചു.
നിർമ്മാതാവിനെതിരായ അന്വേഷണം പുരോഗമിക്കുന്നുണ്ടെന്നും സാമ്പിൾ ഉൽപ്പന്നങ്ങളുടെ പരിശോധനാ റിപ്പോർട്ടുകൾക്കായി കാത്തിരിക്കുകയാണെന്നും ഡി.സി.ജി.ഐ അറിയിച്ചു. നിർമ്മാണ സ്ഥലം പരിശോധിച്ച് എല്ലാ നിർമ്മാണ പ്രവർത്തനങ്ങളും നിർത്തിവച്ചിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് ലോകാരോഗ്യ സംഘടനയെ അറിയിച്ചതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
പരിശോധനയിലെ നിയമലംഘനങ്ങൾ ഒരാഴ്ചക്കകം വിശദീകരിക്കണമെന്ന് ഹരിയാന സ്റ്റേറ്റ് ഡ്രഗ് കൺട്രോളർ നിർമാതാവിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. വിശദീകരണം നൽകിയില്ലെങ്കിൽ ലൈസൻസ് സസ്പെൻഡ് ചെയ്യുകയോ റദ്ദാക്കുകയോ ചെയ്യുമെന്ന് ഹരിയാന സർക്കാർ ഒക്ടോബർ 11 ന് ഉത്തരവിറക്കി.
കുട്ടികൾ മരിച്ച ഗാംബിയക്ക് സഹായവും ഉപദേശവും നൽകുന്നുണ്ടെന്ന് നേരത്തെ ലോകാരോഗ്യ സംഘടന സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷനെ (സി.ഡി.എസ്.സി.ഒ) അറിയിച്ചിരുന്നു.
പ്രൊമെതാസിൻ ഓറൽ സൊലൂഷൻ ബി.പി, കൊഫെക്സ്നാലിൻ ബേബി കഫ് സിറപ്പ്, മാകോഫ് ബേബി കഫ് സിറപ്പ്, മാഗ്രിപ്പ് ആന്റ് കോൾഡ് സിറപ്പ് എന്നീ മരുന്നുകളിലാണ് കുട്ടികളുടെ മരണകാരണമായ ചേരുവകൾ അടങ്ങിയതെന്നാണ് സംശയം. ഹരിയാനയിലെ സോനെപട്ടിലെ മെയ്ഡൻ ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡാണ് അവ നിർമിച്ച് കയറ്റുമതി ചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.