സിറിഞ്ചും സൂചിയും വേണ്ട; ഇൻസുലിൻ കുത്തിവെപ്പിന് പകരം ഇൻഹേലർ
text_fieldsതിരുവനന്തപുരം: സിറിഞ്ചും നീഡിലും ഉപേക്ഷിക്കാം, പ്രമേഹരോഗികൾക്ക് ആശ്വാസമായി ഇൻഹേലർ ചികിത്സ വൈകാതെ എത്തും. കുട്ടികൾക്കും മുതിർന്നവർക്കും ഇൻസുലിൻ കുത്തിവെക്കുന്നതിന് പകരം വായിലൂടെ ഇൻസുലിൻ ശ്വസിച്ചാൽ മതി. അതിനുള്ള ഇൻഹേലർ ഈ വർഷം തന്നെ ആശുപത്രികളിലും മെഡിക്കൽ സ്റ്റോറുകളിലും ലഭ്യമായിത്തുടങ്ങും.
അമേരിക്കയിലെ മാൻകൈൻഡ് കോർപറേഷൻ വികസിപ്പിച്ച ഇൻസുലിൻ ഇൻഹേലർ അഫ്രെസ്സക്ക് ഇന്ത്യയിലും അനുമതിയായി.
മൾട്ടിനാഷനൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ സിപ്ലയാണ് ഇന്ത്യയിൽ നിർമിക്കുന്നതും വിൽപന നടത്തുന്നതും. വില പുറത്തുവിട്ടിട്ടില്ല. അമേരിക്കയിൽ 2014ലാണ് അംഗീകാരം ലഭിച്ചത്. പൗഡർ ഇൻഹേലറാണ് ഇതിനായി ഉപയോഗിക്കുന്നത്. മൂന്ന് യൂനിറ്റ് കുത്തിവെപ്പ് എടുക്കുന്നവർക്ക് ഇതിൽ ആറ് ഡോസ് വേണ്ടിവരും.
അതനുസരിച്ച് പൗഡർ കാട്രിജ്ഡ് ഇൻഹേലറിൽ വെക്കണം. മരുന്ന് ശരീരത്തിലെത്തിയാൽ 15 മിനിറ്റിനുള്ളിൽ പ്രവർത്തിക്കും. മൂന്ന് മണിക്കൂറിനുള്ളിൽ രക്തത്തിൽനിന്ന് ഇൻസുലിൻ അപ്രത്യക്ഷമാകും. ഭക്ഷണത്തിനുശേഷം രക്തത്തിലെ പഞ്ചസാര പെട്ടെന്ന് കുറയുന്ന ഹൈപ്പോ ഗ്ലൈസീമിയ എന്ന അവസ്ഥക്കാണ് മാറ്റം ഉണ്ടാക്കുന്നത്. ഇൻസുലിൻ എടുക്കുന്നവർക്ക് ഭാരം കൂടുന്നു എന്ന പാർശ്വഫലവും ഇതിനില്ല.
നിരവധിതവണ ഇൻസുലിൻ കുത്തിവെപ്പ് എടുക്കുന്നവർക്കും ഓട്ടോമാറ്റഡ് ഡിവൈസ് ഉപയോഗിക്കുന്നവർക്കും ഇത് ആശ്വാസമാകും. സംസ്ഥാനത്തെ 3.51 കോടി ജനസംഖ്യയിൽ ഏതാണ്ട് 1.52 കോടി (43.5 ശതമാനം) പ്രമേഹ ബാധിതരെന്നാണ് ഐ.സി.എം.ആറിന്റെ പുതിയ കണക്ക്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.