അർബുദ ഗവേഷണത്തിൽ നൂതന പദ്ധതി
text_fieldsകോട്ടക്കൽ: ഔഷധസസ്യങ്ങളിൽ അടങ്ങിയ രാസഘടകങ്ങളെ അടിസ്ഥാനപ്പെടുത്തി നൂതനമായ അർബുദ ഗവേഷണ പദ്ധതികൾക്ക് തുടക്കംകുറിക്കാൻ കോട്ടക്കൽ ആര്യവൈദ്യശാലയുടെ ഔഷധസസ്യ ഗവേഷണകേന്ദ്രവും ദക്ഷിണാഫ്രിക്കയിലെ ജൊഹാനസ്ബർഗ് സർവകലാശാലയും കൈകോർക്കുന്നു. ഫോട്ടോഡൈനാമിക് തെറപ്പിയിൽ ഔഷധസസ്യങ്ങളെ ഉപയോഗപ്പെടുത്താനുള്ള പദ്ധതിക്കാണ് തുടക്കംകുറിക്കുന്നത്.
ഔഷധസസ്യ ഗവേഷണ കേന്ദ്രത്തിലെ സീനിയർ സയന്റിസ്റ്റ് ഡോ. സി.ടി. സുലൈമാനും ജൊഹാനസ്ബർഗ് സർവകലാശാലയിലെ ലേസർ റിസർച്ച് സെന്റർ അസോസിയേറ്റ് പ്രഫസർ ഡോ. ബ്ലാസൻ ജോർജും ചേർന്നാണ് നിർദിഷ്ട പദ്ധതി രൂപപ്പെടുത്തിയത്. ഔഷധസസ്യങ്ങളിൽ ഫോട്ടോ ആക്ടിവ് തന്മാത്രകൾ അടങ്ങിയിട്ടുണ്ട്. ഇത് അർബുദം ഉൾപ്പെടെ നിരവധി രോഗങ്ങളുടെ ചികിത്സക്കായി ഉപയോഗിക്കാം. അനുയോജ്യമായ തരംഗദൈർഘ്യമുള്ള പ്രകാശത്തിൽ സമ്പർക്കം പുലർത്തുമ്പോൾ ഫോട്ടോ ആക്ടിവ് സംയുക്തങ്ങൾ സജീവമാവുകയും വ്യത്യസ്ത പ്രവർത്തനരീതികളാൽ ഇവ അർബുദ കോശങ്ങളെ നശിപ്പിക്കുകയും ചെയ്യുന്നുവെന്ന് ഡോ. സുലൈമാൻ പറഞ്ഞു.
ഫോട്ടോഡൈനാമിക് തെറപ്പി അടിസ്ഥാനപ്പെടുത്തിയുള്ള നിരവധി ഗവേഷണങ്ങളാണ് ജൊഹാനസ്ബർഗ് സർവകലാശാലയിലെ ലേസർ ഗവേഷണ കേന്ദ്രത്തിന്റെ ഡയറക്ടർ പ്രഫസർ ഹൈഡി അബ്രഹാംസിന്റെ നേതൃത്വത്തിൽ നടന്നുവരുന്നത്. മാരകമായ അർബുദമുഴകൾ കൈകാര്യം ചെയ്യുന്നതിന് താരതമ്യേന പുതിയതും വളരെ സാധ്യതയുള്ളതുമായ ഒരു സാങ്കേതികതയാണ് ഫോട്ടോഡൈനാമിക് തെറപ്പി. സാധാരണ ഉപയോഗിച്ചുവരുന്ന രാസസംയുക്തങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഔഷധ സസ്യങ്ങളിലടങ്ങിയിരിക്കുന്ന രാസഘടകങ്ങൾ ഉപയോഗിച്ചുള്ള ഫോട്ടോഡൈനാമിക് തെറപ്പി സുരക്ഷിതമാണെന്ന് ഡോ. ബ്ലാസൻ ജോർജ് അഭിപ്രായപ്പെടുന്നു. ഈ പഠനവുമായി ബന്ധപ്പെട്ട ധാരണപത്രം ഉടൻ ഒപ്പുവെക്കുമെന്ന് ഔഷധസസ്യ ഗവേഷണ കേന്ദ്രം പ്രോജക്ട് ഡയറക്ടർ ഡോ. ഇന്ദിര ബാലചന്ദ്രൻ പറഞ്ഞു. സ്വിറ്റ്‌സർലൻഡിൽനിന്ന് പ്രസിദ്ധീകരിക്കുന്ന അന്താരാഷ്ട്ര ജേണലായ 'മോളിക്യൂൾസി'ന്റെ പുതിയ ലക്കത്തിൽ ഇതുമായി ബന്ധപ്പെട്ട ലേഖനം ഇരുസ്ഥാപനങ്ങളും ചേർന്ന് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.