ആശുപത്രികൾക്ക് നിർദേശം: ‘മരുന്ന് സൂക്ഷിപ്പ് സുരക്ഷിതമാക്കണം’
text_fieldsതിരുവനന്തപുരം: കെ.എം.എസ്.സി.എൽ സംഭരണശാലകളിലെ തീപിടിത്തം ദുരൂഹമായി തുടരുന്നതിനിടെ, ആശുപത്രികളിലെ മരുന്ന് സൂക്ഷിപ്പും സുരക്ഷിതമാക്കാൻ ആരോഗ്യവകുപ്പ് നിർദേശം. മരുന്നുകളും കെമിക്കലുകളും സർജിക്കൽ ഉപകരണങ്ങളുമെല്ലാം സൂക്ഷിക്കുന്നത് സംബന്ധിച്ച് നേരത്തേ തന്നെ സർക്കുലർ നൽകിയിരുന്നു. പലയിടത്തും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം മൂലം മാർഗനിർദേശങ്ങൾ പാലിക്കാനായിട്ടില്ല.
ആശുപത്രികളിലെ ബ്ലീച്ചിങ് പൗഡർ ശേഖരം മരുന്നുകളിൽ നിന്ന് മാറ്റി ദൂരെയായി ഈർപ്പം തട്ടാത്ത പ്രത്യേക മുറിയിൽ സൂക്ഷിക്കണമെന്നതാണ് പ്രധാന നിർദേശം. അടിസ്ഥാന സൗകര്യങ്ങൾ കുറവുള്ള സ്ഥാപനങ്ങൾ തദ്ദേശ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് പോരായ്മ പരിഹരിക്കാൻ നടപടി സ്വീകരിക്കണമെന്നും സർക്കുലറിലുണ്ട്. ബ്ലീച്ചിങ് പൗഡറിനെ കുറിച്ചാണ് പൊതുവായ ആശങ്കയെങ്കിലും നിലവിൽ ആശുപത്രികളിലുള്ളത് പഴയ സ്റ്റോക്കാണ്.
തീപിടിത്ത കാരണമായി ആരോപിക്കുന്ന ഗോഡൗണുകളിലുള്ള സ്റ്റോക്ക് ആശുപത്രികൾക്ക് വിതരണം ചെയ്തിട്ടില്ല. ഫലത്തിൽ ആശുപത്രികളിൽ ആശങ്കക്ക് വകയില്ലെന്നതാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ. മുൻകരുതൽ എന്ന നിലയിലാണ് സർക്കുലർ നൽകിയതും.
അതേ സമയം, പല ആശുപത്രികളിലും മരുന്നുകൾ സൂക്ഷിക്കുന്നതിനുള്ള സംവിധാനങ്ങൾ അപര്യാപ്തമാണ്. ആരോഗ്യവകുപ്പാകട്ടെ, തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ച് ക്രമീകരണമേർപ്പെടുത്താനാണ് ആവശ്യപ്പെടുന്നത്. പദ്ധതി വിഹിതത്തിലെയും തനത് വരുമാനത്തിലെയും കുറവ് മൂലം പ്രതിസന്ധി നേരിടുന്ന തദ്ദേശ സ്ഥാപനങ്ങളാകട്ടെ, കൈമലർത്തുകയും ചെയ്യുന്നതോടെ പ്രശ്ന പരിഹാരം നീളുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.