ഇൻഷുറൻസ് കാർഡ് ലഭിച്ചില്ല; നിർധനരോഗിയുടെ ജീവൻ അപകടത്തിൽ
text_fieldsകോഴിക്കോട്: കാരുണ്യ ഇൻഷുറൻസ് പദ്ധതിയുടെ വെബ്സൈറ്റ് ഒരാഴ്ചയായി തകരാറിലായത് നിർധന രോഗികളുടെ ജീവൻ അപകടത്തിലാക്കുന്നു. ഇൻഷുറൻസ് കാർഡ് അനുവദിച്ചുകിട്ടാത്തത് കാരണം ആൻജിയോഗ്രാം ചികിത്സക്ക് വഴികണ്ടെത്താനാവാതെ കുഴങ്ങുകയാണ് വടകര ചെരണ്ടത്തൂർ മഹ്മൂദിന്റെ കുടുംബം.
ഇന്നലെ ഉച്ചക്കുശേഷമാണ് മഹ്മൂദിനെ നെഞ്ചുവേദനയെത്തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്. വടകര സർക്കാർ ആശുപത്രിയിൽ ആദ്യം ചികിത്സ തേടിയെങ്കിലും നില ഗുരുതരമായതിനാൽ മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്യുകയായിരുന്നു.
മഹ്മൂദിന് ആൻജിയോഗ്രാം ചെയ്യാനാണ് ഡോക്ടർ നിർദേശിച്ചത്. മെഡിക്കൽ കോളജ് സൂപ്പർ സ്പെഷാലിറ്റി ആശുപത്രിയിൽ ഇതിന് ഏകദേശം ഒന്നര ലക്ഷം രൂപ ചെലവ് വരും. മഹ്മൂദിന്റെ കുടുംബം നിലവിൽ ആരോഗ്യ ഇൻഷുറൻസ് പദ്ധതികളിലൊന്നും ഗുണഭോക്താക്കളല്ല.
ഇത്തരക്കാർക്ക് ചികിത്സക്കായി മെഡിക്കൽ കോളജിൽനിന്ന് അനുവദിക്കുന്ന കാരുണ്യ ബെനവലന്റ് കാർഡിന് കുടുംബം ശ്രമിച്ചെങ്കിലും, ഒരാഴ്ചയായി സൈറ്റ് ജാമായതിനാൽ കാർഡ് നൽകാൻ കഴിയില്ലെന്നാണ് മറുപടി ലഭിച്ചത്. ഐ.സി.യുവിൽ തുടരുന്ന രോഗിയുടെ ജീവൻ ഇതോടെ അപകടാവസ്ഥയിലായി.
ഉടൻ ആൻജിയോഗ്രാം ചെയ്യാനാണ് ഡോക്ടറുടെ നിർദേശമെങ്കിലും അതിന് പണം കണ്ടെത്താനാവാതെ പ്രയാസപ്പെടുകയാണ് കുടുംബം. കാരുണ്യ പദ്ധതിയിൽ ഉൾപ്പെടുത്തി പിതാവിന്റെ ചികിത്സ ഉറപ്പാക്കാൻ മെഡിക്കൽ കോളജ് അധികൃതരും അധികാരികളും ഇടപെടണമെന്ന് മകൻ അഷ്കർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.