കൃത്യസമയത്ത് ഉറങ്ങാറുണ്ടോ? ഇല്ലെങ്കിൽ ഒന്ന് സൂക്ഷിച്ചോളൂ, നിങ്ങളെ കാത്തിരിക്കുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങൾ
text_fieldsഉറങ്ങാനും ഉണരാനും കൃത്യസമയം പാലിക്കാത്തവരാണ് നമ്മളിൽ പലരും. പല കാരണങ്ങൾ കൊണ്ടാകാം പലർക്കും കൃത്യസമയത്ത് ഉറങ്ങാനും ഉണരാനും സാധിക്കാത്തത്. ജോലി, പഠനം തുടങ്ങി പലതുമാകാം കാരണങ്ങൾ. ഉറങ്ങുന്നതിന് കൃത്യസമയം പാലിക്കാത്തവരെ കാത്തിരിക്കുന്നത് ഗുരുതര ആരോഗ്യ പ്രശ്നങ്ങളാണെന്ന് പുതിയ പഠനം. യു.കെ ബയോബാങ്ക് നടത്തിയ പഠനം ജേണൽ ഓഫ് എപ്പിഡെമിയോളജി ആൻഡ് കമ്മ്യൂണിറ്റി ഹെൽത്താണ് പ്രസിദ്ധീകരിച്ചത്.
കൃത്യസമയം പാലിക്കാതെ ഉറങ്ങുകയും ഉണരുകയും ചെയ്യുന്നവർക്ക് ഹൃദയാഘാതം, ഹൃദയസ്തംഭനം എന്നിവയ്ക്കുള്ള സാധ്യത മറ്റുള്ളവരെക്കാൾ 26 ശതമാനം കൂടുതലാണെന്ന് പഠനത്തിൽ പറയുന്നു. ഇടയ്ക്കിടെ സമയം തെറ്റിക്കുന്നവരിൽ ഹൃദയാഘാതത്തിനും ഹൃദയസ്തംഭനതിനുമുള്ള സാധ്യത എട്ട് ശതമാനം കൂടുതലാണെന്നും റിപ്പോർട്ടിലുണ്ട്.
40 വയസിനും 79 വയസിനും ഇടയിൽ പ്രായമുള്ള 72,269 പേരിലാണ് പഠനം നടത്തിയത്. ആരോഗ്യമുള്ളവർ ഏഴ് മുതൽ ഒൻപത് മണിക്കൂർ വരെ ഉറങ്ങണം. ഉറങ്ങാൻ കൃത്യസമയം പാലിക്കാത്തവർ ദിവസം എട്ട് മണിക്കൂർ ഉറങ്ങിയാലും അസുഖങ്ങളിൽ നിന്ന് രക്ഷപ്പെടാനാവില്ലെന്നും പഠനം പറയുന്നു. ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം സമയത്തിൽ മാറ്റം വരുന്നവരെ കുറിച്ചല്ല മറിച്ച് അഞ്ചോ ആറോ ദിവസം ഉറങ്ങുന്ന സമയത്തിൽ മാറ്റം വരുന്നവരെ കുറിച്ചാണ് പഠനത്തിൽ പരാമർശിച്ചിട്ടുള്ളതെന്നും ഗവേഷകർ പറയുന്നു. ദിവസവും രാവിലെ വ്യത്യസ്ത സമയങ്ങളിൽ ഉണരുന്നത് മനുഷ്യന്റെ ബയോളജിക്കൽ ക്ലോക്കിന്റെ താളം തെറ്റിക്കും. ഇത് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുന്നതിന് കാരണമാകും.
പഠനത്തിന്റെ ഭാഗമായവർ അവരുടെ ഉറക്കം രേഖപ്പെടുത്താൻ ഏഴ് ദിവസത്തേക്ക് ഒരു ആക്റ്റിവിറ്റി ട്രാക്കർ ഉപയോഗിച്ചിരുന്നു. ഇതില്‍ നിന്ന് ലഭിച്ച ഡാറ്റ ഉൾപ്പെടുത്തി വിദഗ്ധർ സ്ലീപ്പ് റെഗുലാരിറ്റി ഇൻഡക്‌സ് (എസ്.ആർ.ഐ) സ്‌കോർ കണക്കാക്കുകയും ചെയ്തിരുന്നു. പൂജ്യം മുതൽ 100 വരെയായിരുന്നു ആളുകൾക്ക് നൽകിയ സ്‌കോർ. ഉറങ്ങുന്ന സമയം, ഉണരുന്ന സമയം, ഉറക്കത്തിന്റെ ദൈർഘ്യം, രാത്രിയിൽ ഉണർന്നിരിക്കൽ എന്നിവ കണക്കാക്കിയാണ് ദൈനംദിന സ്‌കോർ റെക്കോർഡ് ചെയ്തത്. പഠനം നടത്തിയവരിൽ 61 ശതമാനം ആളുകളും കൃത്യസമയത്ത് ഉറങ്ങുന്നവരാണെന്നും 48 ശതമാനം സമയം പാലിക്കാതെ ഉറങ്ങുന്നവരാണെന്നും പഠനം പറയുന്നു. എട്ട് വർഷത്തോളമാണ് ആളുകളെ പഠനത്തിന് വിധേയമാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.