ജപ്പാൻ ജ്വരം; പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി
text_fieldsവടകര: വടകര റെയിൽവേ സ്റ്റേഷനു സമീപം വാടക കെട്ടിടത്തിൽ താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളി കുടുംബത്തിലെ വിദ്യാർഥിക്ക് ജപ്പാൻ ജ്വരം സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രദേശത്ത് നഗരസഭ ആരോഗ്യ വിഭാഗം നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി.
ആശാവർക്കർമാരുടെ നേതൃത്വത്തിൽ വീടുകയറി ബോധവത്കരണവും പനി സർവേയും ഞായറാഴ്ചയും നടന്നു. നഗരസഭ കണ്ടിജൻസി ജീവനക്കാരുടെ നേതൃത്വത്തിൽ അണുനശീകരണം നടത്തി.
ജില്ല വെക്ടർ കൺട്രോൾ സഹകരണത്തോടെ പാക്കയിൽ പ്രദേശത്ത് ഫോഗിങ്ങും നടത്തി.
ആരോഗ്യ വകുപ്പ് അധികൃതർ ക്യാമ്പ് ചെയ്താണ് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നത്.
ജാഗ്രത വേണം
കോഴിക്കോട്: ജപ്പാൻ ജ്വരത്തിനെതിരെ ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ്. ക്യൂലക്സ് വിഭാഗത്തിൽപെടുന്ന കൊതുകുകളാണ് ജപ്പാൻ ജ്വരം പരത്തുന്നത്. പന്നികൾ, ദേശാടന പക്ഷികൾ എന്നിവയുടെ രക്തം കുടിക്കുന്ന കൊതുകുകൾ യാദൃച്ഛികമായി മനുഷ്യരെ കടിക്കുമ്പോഴാണ് മനുഷ്യരിൽ ജപ്പാൻ ജ്വരം ഉണ്ടാകുന്നത്. മനുഷ്യരിൽനിന്ന് മനുഷ്യരിലേക്ക് ജപ്പാൻ ജ്വരം പകരില്ല.
രോഗവ്യാപനം തടയുന്നതിനായി കൊതുകുകളുടെ ഉറവിടങ്ങൾ നശിപ്പിക്കുകയും കൊതുകുകടി ഏൽക്കാതിരിക്കാനായി കൊതുകുവലകൾ, ലേപനങ്ങൾ, കൊതുകുതിരികൾ, ശരീരം മൂടുന്ന നീളൻ വസ്ത്രങ്ങൾ എന്നിവ ഉപയോഗിക്കുകയും ചെയ്യുക.
പനിയും തലവേദനയുമാണ് ജപ്പാൻ ജ്വരത്തിന്റെ പ്രാരംഭ ലക്ഷണങ്ങൾ. ചിലരിൽ ഛർദി, വിറയൽ എന്നിവയും ഉണ്ടാകും. രോഗ തീവ്രതക്കനുസരിച്ച് ശക്തമായ തലവേദന, തളർച്ച, അപസ്മാരം, ബോധക്ഷയം, കൈകാൽ തളർച്ച, കീഴ്താടിയിൽ മരവിപ്പ്, കാഴ്ചമങ്ങൽ എന്നിവയും പ്രകടമാകും. രോഗം മൂർച്ഛിച്ചാൽ മരണസാധ്യത കൂടുതലുള്ള രോഗമായതിനാൽ ലക്ഷണങ്ങൾ ശ്രദ്ധിച്ച് ഉടൻ ചികിത്സ തേടണം. ഗുരുതരാവസ്ഥയിൽനിന്ന് രക്ഷപ്പെടുന്നവരിൽ മാനസിക-വൈകാരിക അസ്വാസ്ഥ്യങ്ങൾ, വ്യക്തിത്വ സ്വഭാവ മാറ്റങ്ങൾ, പക്ഷാഘാതം എന്നിവക്കും സാധ്യതയുണ്ടെന്ന് ജാഗ്രത നിർദേശത്തിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.