മഞ്ഞപ്പിത്തവും ചിക്കൻ പോക്സും വ്യാപിക്കുന്നു
text_fieldsകോഴിക്കോട്: ചൂട് കൂടിയതോടെ ജില്ലയിൽ മഞ്ഞപ്പിത്തവും (വൈറൽ ഹെപ്പറ്റൈറ്റിസ്-എ) ചിക്കൻ പോക്സും വ്യാപിക്കുന്നു. ദിനംപ്രതി നിരവധി പേരാണ് സർക്കാർ, സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടിയെത്തുന്നത്. ചിക്കൻ പോക്സ് മുമ്പെങ്ങുമില്ലാത്ത വിധം വർധിച്ചതായി ആരോഗ്യ പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. പനി, ഛർദി ബാധിച്ചെത്തുന്ന 100 പേരെ പരിശോധിച്ചാൽ 20 പേർക്കും രോഗം സ്ഥിരീകരിക്കുന്ന അവസ്ഥയാണ്. പ്രകടമായ മഞ്ഞപ്പിത്ത ലക്ഷണങ്ങൾ ഉള്ളവരെ മാത്രമാണ് സാമ്പിൾ പരിശോധനക്ക് വിധേയമാക്കുന്നത്. പനിയും ഛർദിയും അനുഭവപ്പെട്ടാൽ സ്വയം ചികിത്സ നടത്തരുതെന്നും ആശുപത്രിയിൽ ചികിത്സ തേടണമെന്നും ഡോക്ടർമാർ നിർദേശിച്ചു.
മഞ്ഞപ്പിത്തം ഗുരുതരമായാൽ കരളിനെ ബാധിക്കുകയും മരണത്തിലേക്ക് നയിക്കുകയും ചെയ്യും. അതിനാൽ അതീവ ജാഗ്രത പുലർത്തണമെന്നാണ് ആരോഗ്യ പ്രവർത്തകർ നിർദേശിക്കുന്നത്. എന്നാൽ, രോഗം പകർന്നുപിടിക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങൾ ആരോഗ്യവകുപ്പിന്റെ വെബ്സൈറ്റിൽ കൃത്യമായി അപ്ഡേറ്റ് ചെയ്യുന്നില്ലെന്നും ആക്ഷേപമുണ്ട്. കോർപറേഷൻ പരിധിയിൽ നല്ലളം, പാലാഴി, പയ്യാനക്കൽ മേഖലകളിലാണ് കൂടുതൽ മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്യപ്പെടുന്നത്.
ഗ്രാമപ്രദേശങ്ങളിലും രോഗം പടരുന്നുണ്ട്. ശുദ്ധമല്ലാത്ത വെള്ളത്തിലൂടെയാണ് മഞ്ഞപ്പിത്തം വ്യാപിക്കുന്നത്. കുടിവെള്ളത്തിൽ മാലിന്യം കലരുന്നതും വൃത്തിഹീനമായ സാഹചര്യത്തിൽ തയാറാക്കുന്ന പാനീയങ്ങൾ കുടിക്കാനിടയാകുന്നതുമാണ് രോഗവ്യാപനത്തിന് ഇടയാക്കുന്നത്. ചിക്കൻപോക്സ് കുട്ടികളിലാണ് കൂടുതലായി കണ്ടുവരുന്നത്. പരീക്ഷാകാലത്ത് വിദ്യാർഥികളിൽ ചിക്കൻപോക്സ് പകരുന്നത് ആശങ്കക്കിടയാക്കുന്നുണ്ട്.
ജാഗ്രത പുലർത്തണമെന്ന് ഡി.എം.ഒ
ജില്ലയിൽ മഞ്ഞപ്പിത്തം വ്യാപിക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് ജില്ല ആരോഗ്യ ഓഫിസ് അറിയിച്ചു. ശുദ്ധമല്ലാത്ത വെള്ളത്തിലൂടെയും രോഗബാധയുള്ളവരുമായി അശ്രദ്ധമായ സമ്പർക്കംമൂലവും രോഗം പകരാം. പനി, ഛർദി, ക്ഷീണം, കണ്ണുകളിലും മൂത്രത്തിലും മഞ്ഞനിറം എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങൾ. ഈ ലക്ഷണങ്ങളുള്ളവർ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടറുടെ സേവനം തേടണം. ആഹാരത്തിനു മുമ്പും ശേഷവും മലവിസർജനത്തിനുശേഷവും വൃത്തിയായി കൈകൾ കഴുകുകയും തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കണമെന്നും ജില്ല മെഡിക്കൽ ഓഫിസർ നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.