കൊടിയത്തൂരിൽ മഞ്ഞപ്പിത്തം പരക്കുന്നു
text_fieldsകൊടിയത്തൂർ: പഞ്ചായത്തിലെ വിവിധ വാർഡുകളിൽ മഞ്ഞപ്പിത്തം പരക്കുന്നു. ചെറുവാടി, പന്നിക്കോട്, ചുള്ളിക്കാപറമ്പ്, കൊടിയത്തൂർ എന്നിവിടങ്ങളിലാണ് മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്തത്.
മൂന്നാഴ്ചക്കിടെ 35ഓളം പേർക്കാണ് രോഗബാധയുണ്ടായത്. മഞ്ഞപ്പിത്തം വെള്ളത്തിലൂടെയും മറ്റുമാണ് പകരാറുള്ളത്. കടകളിലും വിവാഹ സൽക്കാരങ്ങളിലും നൽകുന്ന ശീതളപാനീയങ്ങളിലും നിലവാരമില്ലാത്ത സിപ്പപ്പ്, ഐസ്ക്രീം എന്നിവയാണ് ഇതിന് കാരണമായി പറയുന്നത്.
സ്കൂൾ കുട്ടികളിലൂടെയാണ് രോഗം പടരുന്നതായി കാണുന്നതെന്നും, വ്യക്തമായ ലേബലോ തീയതിയോ ഇല്ലാത്ത സിപ്പപ്പ് പോലുള്ള തണുത്ത വസ്തുക്കൾ ഉപയോഗിക്കുന്നതിനാലാണ് രോഗത്തിന് കാരണമാകുന്നതെന്നും മെഡിക്കൽ ഓഫിസർ ഡോ. മനുലാൽ പറഞ്ഞു. രോഗം നിയന്ത്രിക്കാൻ ആരോഗ്യവകുപ്പ് നടപടികൾ ഊർജിതമാക്കിയിട്ടുണ്ട്. മലത്തിലൂടെയും വെള്ളത്തിലൂടെയും പകരുന്ന രോഗമായതിനാൽ ജനങ്ങൾ പരിസരശുചിത്വം സൂക്ഷിക്കണമെന്നും, എല്ലാ സമയങ്ങളിലും കൈകൾ കഴുകണമെന്നും നിർദേശം നൽകുന്നുണ്ട്.
ജല ഉറവിടങ്ങളിൽ ക്ലോറിനേഷനും വിവിധ രീതിയിലുള്ള ബോധവത്കരണ പരിപാടികളും നടത്തുന്നുണ്ടെന്നും കടകളിലും പരിസരങ്ങളിലും പരിശോധന ശക്തമാക്കുമെന്നും ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.