വേങ്ങൂര്‍ പഞ്ചായത്തില്‍ മഞ്ഞപ്പിത്തം വ്യാപിക്കുന്നു
text_fieldsപെരുമ്പാവൂര്‍: വേങ്ങൂര്‍ പഞ്ചായത്തില്‍ മഞ്ഞപ്പിത്തം വ്യാപകമായതോടെ നട്ടുകാര്‍ ആശങ്കയില്‍. ഒരു വീട്ടില്‍ തന്നെ ഒന്നിലധികം പേര്‍ക്ക് രോഗം പിടിപെട്ടതോടെ പരിഭ്രാന്തി നിലനില്‍ക്കുകയാണ്. 11, 12 വാര്‍ഡുകളിലാണ് രോഗികള്‍ അധികമുള്ളത്. 96 പേര് വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. നാല്പതോളം പേര് വീടുകളില്‍ കഴിയുന്നുണ്ട്. ആശുപത്രിയില്‍ കഴിയുന്നവരില്‍ മൂന്നു പേരുടെ കരള്‍ മാറ്റി വെക്കേണ്ട അവസ്ഥയാണ്. സ്ഥിതി ഗുരുതരമായവര്‍ കോട്ടയം മെഡിക്കല്‍ കോളജിലും എറണാകുളത്തെയും ആലുവയിലെയും സ്വകാര്യ ആശുപത്രികളിലും ചികിത്സയിലാണ്. വെള്ളത്തിലൂടെ പകരുന്ന ഹൈപ്പറ്റൈറ്റിസ് എ ആണ് സ്ഥിരീകരിച്ചത്. നിര്‍ധനരായ ഇവരില്‍ ഭൂരിപക്ഷവും ചികിത്സക്ക് പണം കണ്ടെത്താന്‍ ബുദ്ധിമുട്ടുകയാണ്.
രോഗം വ്യാപകമാകാന്‍ കാരണം കുടിവെള്ള വിതരണത്തിലെ പാളിച്ചയാണെന്നാണ് ആക്ഷേപം. ജല വകുപ്പിന്റെ ടാങ്കില്‍ നിന്ന് വിതരണം ചെയ്യുന്ന വെളളം വേണ്ടത്ര ശുചീകരിച്ചിരുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു. വെള്ളത്തിന്റെ ശുചിത്വം സമയാസമയങ്ങളില്‍ പരിശോധിച്ചിട്ടില്ലെന്നും രോഗ വ്യാപനം തുടക്കത്തില്‍ തടയാന്‍ പഞ്ചായത്തും ആരോഗ്യ വിഭാഗവും നടപടി എടുത്തിട്ടില്ലെന്നും ചൂണ്ടികാണിക്കപ്പെടുന്നു. ലോക്സഭ വോട്ടെടുപ്പിന് മുമ്പ് രോഗം സ്ഥിരീകരിച്ചിരുന്നു. രോഗം കണ്ടെത്തിയ 35 പേര്‍ക്ക് വോട്ട് ചെയ്യാനായില്ല. ഗുരുതരമായ സംഭവം പുറംലോകം അറിയാതിരിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പുകള്‍ അഡ്മിന്റെ നിയന്ത്രണത്തിലാക്കിയെന്ന് ആരോപണമുണ്ട്.
ഗ്രാമ പഞ്ചായത്തും ആരോഗ്യ വിഭാഗവും ജല വകുപ്പും ഏകോപിച്ച് ജലം ശുചീകരണം ഉള്‍പ്പടെയുളള കാര്യങ്ങള്‍ നടത്തിവരുകയാണ്. ഡി.എം.ഒയുടെ നിര്‍ദേശ പ്രകാരം രോഗവ്യാപനം തടയുന്നതിനുള്ള മുന്‍കരുതലുകള്‍ നടന്നുവരുന്നു. ഇതിനിടെ വേങ്ങൂര്‍ തൂങ്ങാലി ഗവ. ആശുപത്രിയില്‍ ചികിത്സക്ക് ആവശ്യമായ സംവിധാനം ഒരുക്കണമെന്ന ആവശ്യമുയരുന്നുണ്ട്. ഡോക്ടര്‍മാരെ കൂടുതല്‍ നിയമിക്കുകയും മരുന്നുകള്‍ ശേഖരിക്കുകയും കിടത്തി ചികിത്സക്ക് സൗകര്യമൊരുക്കുകയും വേണമെന്നാണ് ആവശ്യം. സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലുള്ള പലരും ലക്ഷങ്ങളുടെ ബാധ്യതയിലാണ്. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ ആശുപത്രി സൗകര്യപ്പെടുത്തിയാല്‍ ആശ്വാസമാകുമെന്നാണ് വിലയിരുത്തല്‍. ചികില്സയിലുളളവര്ക്ക് അടിയന്തരമായി മൂന്നുലക്ഷം രൂപ അനുവദിക്കണമെന്ന് എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ മുഖ്യമന്ത്രിയോടും ആരോഗ്യ മന്ത്രിയോടും ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.