മഞ്ഞപ്പിത്തം: എടക്കരയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കും
text_fieldsഎടക്കര: പഞ്ചായത്ത് പരിധിയില്‍ മഞ്ഞപ്പിത്തം പടരുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ തീരുമാനം. പോത്തുകല്‍ കുടുംബാരോഗ്യ കേന്ദ്രത്തിന് കീഴില്‍ വരുന്ന എടക്കര ഗ്രാമപഞ്ചായത്തിലെ രണ്ട് വാര്‍ഡുകളിലായി രണ്ട് മരണങ്ങളുണ്ടാകുകയും പതിനൊന്ന് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് പ്രസിഡന്റ് ഒ.ടി. ജെയിംസിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നത്.
പഞ്ചായത്തിലെ മുഴുവന്‍ കിണറുകളിലും ക്ലോറിനേഷന് ചെയ്യാനും മുഴുവന്‍ വാര്‍ഡുകളിലും ആരോഗ്യ ജാഗ്രത സമിതി യോഗങ്ങള്‍ ചേരാനും തീരുമാനിച്ചു. വ്യാപാരികളും കെട്ടിട ഉടമകളും ജലസംഭരണി മാസത്തിലൊരിക്കല്‍ വൃത്തിയാക്കണം. കിണര്‍ വെള്ളം ഉപയോഗിച്ച് ഭക്ഷണം പാകം ചെയ്യുന്ന സ്ഥാപനങ്ങളില്‍ ക്ലോറിനേഷന് രജിസ്റ്റര്‍ സൂക്ഷിക്കണം. ഓടകളിൽ മലിനജലം ഒഴുക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും.
ഹോട്ടലുകളിലും കൂള്‍ബാറുകളിലും ശുദ്ധജലത്തില്‍ വേണം ഭക്ഷണം പാകം ചെയ്യാന്‍. തൊഴിലാളികളില്‍ ആര്‍ക്കെങ്കിലും രോഗലക്ഷണമുണ്ടെങ്കില്‍ ജോലിയില്‍നിന്ന് വിട്ടുനിര്‍ത്തണം. ആരാധനാലയങ്ങളില്‍ ബോധവത്കരണ സന്ദേശം വായിക്കാന്‍ നിര്‍ദേശം നല്‍കാനും നോമ്പുതുറ ഉള്‍പ്പെടെ പൊതുപരിപാടികളില്‍ ശുചിത്വം ഉറപ്പുവരുത്താനും യോഗത്തില്‍ നിര്‍ദേശമുയര്‍ന്നു.
വൈസ് പ്രസിഡന്റ് കെ. ആയിശക്കുട്ടി, കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ.എം. അമീന് ഫൈസല്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ജോജു വര്‍ഗീസ്, ജനപ്രതിനിധികള്‍, വിവിധ പാര്‍ട്ടി പ്രതിനിധികള്‍, ആരോഗ്യ പ്രവര്‍ത്തകര്‍, കുടുംബശ്രീ, ആശ, അംഗന്‍വാടി ജീവനക്കാര്‍, വ്യാപാരികള്‍, ഹോട്ടല്‍ ആന്‍ഡ് റസ്റ്ററന്റ് അസോസിയേഷന്, കെട്ടിട ഉടമകള്‍, തട്ടുകട അസോസിയേഷന് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.