പോത്തുകല്ലില്‍ മഞ്ഞപ്പിത്തം വ്യാപകം
text_fieldsഎടക്കര: പോത്തുകല്ലില്‍ മഞ്ഞപ്പിത്തം വ്യാപകമാകുന്നു. നിയന്ത്രണ മാര്‍ഗങ്ങളുമായി ആരോഗ്യ വകുപ്പ് രംഗത്ത്. നാല്പതിലേറെ ആളുകള്‍ക്കാണ് കഴിഞ്ഞ ഒന്നര മാസത്തിനിടയില്‍ പഞ്ചായത്തില്‍ മഞ്ഞപ്പിത്തം ബധിച്ചത്. ഇതില്‍ മൂന്ന് പേര് ഛർദിയടക്കമുള്ള ലക്ഷണങ്ങളോടെ നിലമ്പൂര്‍ ജില്ല ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞ 20 ദിവസത്തിനുള്ളില്‍ 30 കേസുകളാണ് ഉണ്ടായിട്ടുള്ളത്.
പോത്തുകല്‍, എടക്കര, നിലമ്പൂര്‍ ടൗണുകളിലെ കൂള്‍ബാറുകളില്‍നിന്ന് ശീതള പാനീയങ്ങള്‍ കഴിച്ചവരിലാണ് കൂടുതലായി മഞ്ഞപ്പിത്തം ബാധിച്ചിട്ടുള്ളത്. മഞ്ഞപ്പിത്ത ബാധയുടെ വ്യാപനതോത് ഉയരാനുള്ള സാധ്യത ആരോഗ്യവകുപ്പ് തള്ളിക്കളയുന്നില്ല. വേനലായതോടെ ടൗണുകളിലെ കിണറുകള്‍ മലിനമായതാണ് മഞ്ഞപ്പിത്തബാധ ഉയരാനുള്ള കാരണം.
വ്യാപനത്തെത്തുടര്‍ന്ന് പോത്തുകല്‍ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. ഇതിന്റെ ഭാഗമായി ഹോട്ടലുകളിലും കൂള്‍ബാറുകളിലും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധനകള്‍ നടത്തി. പല സ്ഥാപനങ്ങളിലും ഉപയോഗിക്കുന്ന ജലം മലിനമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ജല സ്രോതസ്സുകളും മലിനമായതായി പരിശോധനകളില്‍ തെളിഞ്ഞു. കടകളില്‍ ഫില്‍ട്ടര്‍ സ്ഥാപിക്കാനും മലിന ജലം ഉപയോഗിക്കാതിരിക്കാനും സ്ഥാപന ഉടമകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഉപയോഗിക്കുന്ന ജലം പരിശോന നടത്തി ആരോഗ്യ വകുപ്പിന് സര്‍ട്ടിഫിക്കറ്റ് നല്കിയ ശേഷം ഉപയോഗിക്കാനും നിര്‍ദേശം നല്കി. അനൗണ്‍സ്മെന്റ്, നോട്ടീസ് വിതരണം തുടങ്ങിയ ബോധവത്കരണ പരിപാടികളും, കിണറുകളില്‍ ക്ലോറിനേഷന് അടക്കമുളള പ്രതിരോധപ്രവര്‍ത്തനങ്ങളും ഊര്‍ജിതമാണ്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.