മഞ്ഞപ്പിത്ത വ്യാപനം; ആശങ്കയില്‍ വേങ്ങൂര്‍ പഞ്ചായത്ത്
text_fieldsപെരുമ്പാവൂര്‍: മഞ്ഞപ്പിത്തം പടര്‍ന്നുപിടിക്കുന്ന വേങ്ങൂര്‍ പഞ്ചായത്തിലെ ജനങ്ങള്‍ ആശങ്കയില്‍. ദിവസംതോറും രോഗം പടര്‍ന്നുപിടിക്കുമ്പോള്‍ നിയന്ത്രണങ്ങള്‍ പാളുന്നതായി നാട്ടുകാര്‍. ഇതിനകം 200നടുത്ത് പേർക്കള രോഗം ബാധിച്ചിട്ടുണ്ട്. മലിനജലത്തില്‍നിന്ന് പകരുന്ന ഹൈപ്പറ്റൈറ്റിസ് എ രോഗബാധയാണ് പടര്‍ന്നുപിടിക്കുന്നത്. ആശുപത്രിയില്‍ ചികിത്സയിലുള്ളവരില്‍ ആറുപേരുടെ നില ഗുരുതരമാണ്. ചികിത്സയിലിരുന്ന വക്കുവള്ളി കണിയാറ്റുപീടിക പരുന്താടുംകുഴി വീട്ടില്‍ ജോളി രാജു (51) ഒരാഴ്ച മുമ്പ് മരിച്ചു.
ജല അതോറിറ്റിയുടെ കുടിവെള്ള വിതരണത്തിലെ പാളിച്ചയാണ് രോഗ കാരണമെന്ന് ചിറയിലെയും വീടുകളിലെയും വെള്ളം പരിശോധിച്ച് ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. ആവശ്യമായ ക്ലോറിനേഷന് നടന്നിട്ടില്ലെന്നാണ് കണ്ടെത്തല്‍. ഏപ്രില്‍ 17നാണ് കൈപ്പിള്ളി വാര്‍ഡില്‍ രോഗം കണ്ടെത്തിയത്.
ഒരുമാസമായിട്ടും രോഗം നിയന്ത്രണ വിധേയമാക്കാന്‍ സാധിക്കാത്തത് അധികൃതരുടെ അനാസ്ഥയാണെന്ന് ആക്ഷേപമുണ്ട്. ഇടതുരുത്ത്, വക്കുവള്ളി, ചൂരത്തോട് തുടങ്ങിയ സ്ഥലങ്ങളിലാണ് കൂടുതല്‍ രോഗികളുള്ളത്. വേനൽക്കാലത്ത് ജലലഭ്യത കുറയുമ്പോള്‍ കനാലിലെ വെള്ളം വിതരണത്തിന് ഉപയോഗിക്കുന്നുണ്ട്. രോഗബാധക്കുശേഷം വെള്ളം പരിശോധിച്ചപ്പോള്‍ ക്ലോറിനേഷന്റെ അംശം കണ്ടെത്തിയില്ല. താല്‍ക്കാലിക ജീവനക്കാരുടെ പരിചയക്കുറവാണ് ശുചീകരണത്തിലെ വീഴ്ചയെന്ന് വിശദീകരിച്ച് കൈയൊഴിയുകയാണ് ജല അതോറിറ്റി. വീഴ്ചവരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാത്തത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
രോഗം കണ്ടെത്തിയിട്ടും ടാങ്ക് ശരിയായി ശുചീകരിക്കാന്‍ അധികൃതര്‍ തയാറായിട്ടില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. നിലവിലുള്ള വെള്ളം തുറന്നുവിട്ട് ടാങ്ക് കാലിയാക്കി പൈപ്പുകള്‍ ഉൾപ്പടെ ശുചീകരിച്ചാലേ അണുക്കളെ നീക്കംചെയ്യാനാകൂ. എന്നാല്‍, കുടിവെള്ള വിതരണംപോലും ഇതുവരെ നിര്‍ത്തിവെച്ചിട്ടില്ല. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തീരുന്നതുവരെ ടാങ്കറില്‍ കുടിവെള്ളം എത്തിച്ചുനല്‍കണം. ഇതിനിടെ രോഗം നിയന്ത്രണവിധേയമാക്കാന്‍ പ്രത്യേക മെഡിക്കല്‍ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ജില്ല കലക്ടര്‍, കുന്നത്തുനാട് തഹസില്‍ദാറെ ചുമതലപ്പെടുത്തി. രോഗബാധിതര്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരാണ്. ചികിത്സ ചെലവ് മൂലം നിലവില്‍ പലരും സാമ്പത്തികമായി തകര്‍ന്നു. തുടര്‍ചികിത്സക്ക് പണം കണ്ടെത്താന്‍ വലയുകയാണ് ഭൂരിപക്ഷവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.