Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Newschevron_rightഹൃദയത്തെ സൂക്ഷിക്കാം

ഹൃദയത്തെ സൂക്ഷിക്കാം

text_fields
bookmark_border
Heart
cancel
Listen to this Article

മുമ്പ് പ്രായമായവരെ മാത്രം ബാധിക്കുന്ന രോഗമായാണ് ഹൃദ്രോഗത്തെ (heart disease) കണക്കാക്കിയിരുന്നത്. എന്നാല്‍, ഇന്നത്തെ കാലത്ത് ഹൃദ്രോഗം സാധാരണ അസുഖമായി മാറി. ജീവിതശൈലീമാറ്റങ്ങള്‍ കുറച്ച് വര്‍ഷങ്ങളായി ഹൃദയാരോഗ്യത്തെ മോശമായി ബാധിക്കുന്നുണ്ട്.

ഹൃദയാഘാതത്തിന്‍റെ ലക്ഷണങ്ങള്‍ സ്ത്രീകളിലും പുരുഷന്മാരിലും വ്യത്യാസമുണ്ടായിരിക്കാം. അതിനാല്‍ സ്ത്രീകൾ പലപ്പോഴും ഇത് ശ്രദ്ധിക്കാതെപോവുകയും ലക്ഷണങ്ങൾ അവഗണിക്കുകയും ചെയ്യുന്നു. സ്ത്രീകളിലെ ഹൃദയാഘാതനിരക്ക് വര്‍ധിക്കുന്നതിന് അടിസ്ഥാനപരമായി നിരവധി കാരണങ്ങളുണ്ട്. അവയിൽ പ്രധാനപ്പെട്ടവയാണ് താഴെ കൊടുക്കുന്നത്.

1 ആർത്തവ വിരാമം: സ്ത്രീകളിൽ ആര്‍ത്തവവിരാമംമൂലം ഈസ്ട്രജന്‍ ഹോര്‍മോണിന്‍റെ അളവ് കുറയുകയും ഇത് ഹൃദയാഘാതസാധ്യത വർധിപ്പിക്കുകയും ചെയ്യുന്നു.

2. ഗര്‍ഭധാരണത്തിലെ സങ്കീര്‍ണതകള്‍: ചില സ്ത്രീകള്‍ക്ക് അവരുടെ ഗര്‍ഭകാലത്ത് ഉയര്‍ന്ന രക്തസമ്മര്‍ദംപോലെ നിരവധി പ്രശ്‌നങ്ങള്‍ നേരിടേണ്ടിവന്നേക്കാം. അത്തരക്കാർക്ക് പിന്നീടും ഹൃദ്രോഗസാധ്യത ഏറുന്നു.

3. പ്രമേഹം: പ്രമേഹമുള്ളവര്‍ക്ക് ഹൈപര്‍ടെന്‍ഷന്‍, കൊളസ്ട്രോള്‍ തുടങ്ങിയ പല പ്രശ്നങ്ങളും ഉണ്ടാകാൻ സാധ്യതയുണ്ട്. രക്തത്തിലെ ഉയര്‍ന്ന പഞ്ചസാരയുടെ അളവും കൊളസ്‌ട്രോളും കാരണം രക്തക്കുഴലുകള്‍ക്കുള്ളില്‍ തടസ്സം ഉണ്ടാകുകയും ഹൃദയത്തില്‍ സമ്മര്‍ദം സൃഷ്ടിക്കുകയും ചെയ്യുന്നു. പ്രമേഹം കൃത്യസമയത്ത് നിയന്ത്രിച്ചില്ലെങ്കില്‍ ഹൃദയസ്തംഭനത്തിന് കാരണമാകും.

4. സമ്മര്‍ദം അല്ലെങ്കില്‍ വിഷാദം: സമ്മര്‍ദവും വിഷാദവും ആരോഗ്യകരമായ ജീവിതം നയിക്കുന്നതിന് തടസ്സമുണ്ടാക്കും. തുടര്‍ന്നുണ്ടാകുന്ന അനാരോഗ്യകരമായ ജീവിതശൈലിയും ഹൃദയാരോഗ്യത്തെ അപകടത്തിലാക്കുന്നു. ഇത് സ്ത്രീകളിലെ ഹൃദയാഘാതസാധ്യത വർധിക്കാനിടയാക്കുന്നു.

ലക്ഷണവും ചികിത്സയും

ദിവസങ്ങളോളം തുടരുന്ന അസ്വാഭാവികമായ ക്ഷീണം, ഉറക്ക പ്രശ്നം, തലചുറ്റല്‍, ശ്വാസംമുട്ടല്‍, ദഹനപ്രശ്നം, താടിവേദന, പുറംവേദന, തോള്‍വേദന, നെഞ്ച് വേദന എന്നിങ്ങനെ നീളുന്നു ഹൃദ്രോഗികളായ സ്ത്രീകളില്‍ കാണപ്പെടുന്ന ലക്ഷണങ്ങള്‍.

ഹൃദയാഘാതം വന്ന് വീണുകിടക്കുന്ന രോഗിയുടെ ജീവന്‍ രക്ഷിക്കുന്നതില്‍ വളരെ നിര്‍ണായകമാണ് ഉടൻ ലഭിക്കുന്ന സി.പി.ആര്‍ ചികിത്സ. രോഗിയുടെ നെഞ്ചില്‍ മര്‍ദംചെലുത്തിയും കൃത്രിമശ്വാസം നല്‍കിയും ചെയ്യുന്ന സി.പി.ആര്‍ നിലച്ചുപോയ ഹൃദയത്തെ വീണ്ടെടുക്കാന്‍ സഹായിക്കുന്നു.

എന്നാല്‍, പൊതുസ്ഥലത്തുവെച്ച് ഇത്തരത്തില്‍ ഹൃദയാഘാതം വന്നാല്‍ പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകള്‍ക്ക് സി.പി.ആര്‍ ലഭിക്കാൻ സാധ്യത കുറവാണെന്ന് അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ നടത്തിയ പഠനം വ്യക്തമാക്കുന്നു. 45 ശതമാനം പുരുഷന്മാര്‍ക്കും സി.പി.ആര്‍ ലഭിക്കുമ്പോൾ സ്ത്രീകള്‍ക്ക് ഇത് 39 ശതമാനമാണ്.

പുരുഷന്മാർ ധ്രുതഗതിയിൽ ഇതിനെതിരെ ചികിത്സ തേടുന്നവരും സ്ത്രീകൾ ഇക്കാര്യത്തിൽ അശ്രദ്ധ കാണിക്കുന്നവരുമാണ്. അതിനാൽ സ്ത്രീകളിൽ പ്രത്യേക ബോധവത്കരണ ക്ലാസുകൾ നടത്തണം.

സ്ത്രീകൾ നടത്തേണ്ട പരിശോധന

പുരുഷന്മാരിൽ സാധാരണയായി നടത്തുന്ന രോഗനിർണയ രീതികൾ സ്ത്രീകളിൽ ഫലംകാണാറില്ല. സ്ത്രീകളിലെ ഹൃദ്രോഗം പ്രത്യേകിച്ച് കൊറോണറി ആർട്ടറി രോഗം കണ്ടുപിടിക്കാൻ സ്ട്രെസ് എക്കോയും സി.ടി കൊറോണറി ആൻജിയോഗ്രാഫിയും വേണ്ടിവരും (യുവതികൾക്കൊഴികെ).

(ഷാർജ ആസ്റ്റർ ഹോസ്പിറ്റലിലെ കാർഡിയോളജിസ്റ്റാണ് ലേഖിക)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:HealthHeart DiseaseHeart AttackHeart
News Summary - Keep the Heart
Next Story