അവയവമാറ്റം: ഉറ്റബന്ധുക്കൾ വേണമെന്ന വ്യവസ്ഥ നിയമവിരുദ്ധം -ഹൈകോടതി
text_fieldsകൊച്ചി: അവയവമാറ്റത്തിന് രക്തഗ്രൂപ് ചേരാതെ വരുന്ന ദാതാക്കളെ പരസ്പരം വെച്ചുമാറിയുള്ള സ്വാപ് ട്രാൻസ്പ്ലാൻറ് ഉറ്റ ബന്ധുക്കളായിരിക്കണമെന്ന വ്യവസ്ഥയുടെ പേരിൽ തടയരുതെന്ന് ഹൈകോടതി.
അവയവ മാറ്റത്തിന് അപേക്ഷ നൽകുന്നവർ ഉറ്റ ബന്ധുക്കളായിരിക്കണമെന്ന വ്യവസ്ഥ എല്ലാ സാഹചര്യത്തിലും നടപ്പാക്കാനാവാത്തതും നിയമവിരുദ്ധവുമാണെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് എൻ. നഗരേഷിെൻറ ഉത്തരവ്. ഈ വ്യവസ്ഥ കണക്കിലെടുക്കാതെ തന്നെ സ്വാപ് ട്രാൻസ്‌പ്ലാൻറിന് അനുമതി തേടുന്ന അപേക്ഷ പരിഗണിക്കണമെന്നും കോടതി ഉത്തരവിട്ടു.
ഉത്തരവ് മലപ്പുറം, കണ്ണൂർ സ്വദേശികളുടെ ഹരജിയിൽ
സ്വാപ് ട്രാൻസ്‌പ്ലാൻറിന് അനുമതി നിഷേധിച്ചതിനെതിരെ മലപ്പുറം സ്വദേശി മൊയ്തീൻ കുട്ടി, ഇയാളുടെ മകെൻറ ഭാര്യാപിതാവും ദാതാവുമായ ഉമർ ഫാറൂഖ്, കണ്ണൂർ സ്വദേശി സലിം, ഭാര്യയും ദാതാവുമായ ജമീല എന്നിവർ നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്.
മൊയ്തീൻകുട്ടിയും സലീമും വൃക്കരോഗികളാണ്. ഉമർ ഫാറൂഖും ജമീലയും ഇവർക്ക് വൃക്കദാനം ചെയ്യാൻ തയാറാണെങ്കിലും രക്തഗ്രൂപ് ചേരാത്തതിനെ തുടർന്ന് ദാതാക്കളെ പരസ്പരം െവച്ചുമാറിയുള്ള സ്വാപ് ട്രാൻസ്‌പ്ലാൻറിന് അനുമതി തേടി ഒാതറൈസേഷൻ സമിതിയെ സമീപിക്കുകയായിരുന്നു. സലീമിെൻറ ഭാര്യയെന്ന നിലയിൽ ജമീല അടുത്ത ബന്ധുവാണെങ്കിലും മൊയ്തീൻകുട്ടിയുടെ അടുത്ത ബന്ധുവായി ഉമർ ഫാറൂഖിനെ കണക്കാക്കാൻ കഴിയില്ലെന്ന് വിലയിരുത്തി സ്വാപ് ട്രാൻസ്‌പ്ലാൻറിന് അനുമതി നിഷേധിച്ചു. തുടർന്നാണ് ഹരജിക്കാർ ഹൈകോടതിയെ സമീപിച്ചത്.
സ്വാപ് ട്രാൻസ്‌പ്ലാൻറിന് അനുമതി 2018ൽ
അടുത്ത ബന്ധുക്കൾ ഉൾപ്പെട്ട സ്വാപ് ട്രാൻസ്‌പ്ലാൻറിന് 2018ലാണ് സർക്കാർ അനുമതി നൽകിയത്. അവയവ ദാനത്തിന് നിയന്ത്രണമേർപ്പെടുത്തുന്ന നിയമത്തിലെ ഒമ്പത് (മൂന്ന്) വകുപ്പ് പ്രകാരം അടുത്ത ബന്ധുക്കളല്ലാത്തവർക്കും അവയവദാനം നടത്താനാവും. അതിനാൽ, സ്വാപ് ട്രാൻസ്‌പ്ലാൻറിന് അടുത്ത ബന്ധുക്കൾ തന്നെ വേണമെന്ന് പറയാനാവില്ലെന്ന് സിംഗിൾബെഞ്ച് ചൂണ്ടിക്കാട്ടി.
നിയമം കൊണ്ട് ലക്ഷ്യമിടുന്ന വിധം അവയവദാനവുമായി ബന്ധപ്പെട്ട വാണിജ്യ താൽപര്യങ്ങൾ നടപ്പാകുന്നില്ലെന്ന കാര്യം ഉറപ്പാക്കുകയാണ് ഒാതറൈസേഷൻ കമ്മിറ്റി ചെയ്യേണ്ടതെന്നും കോടതി വ്യക്തമാക്കി. തുടർന്ന് ഹരജിക്കാരുടെ അപേക്ഷ എത്രയും വേഗം പരിഗണിച്ച് തീരുമാനമെടുക്കണമെന്ന നിർദേശത്തോടെ ഹരജി തീർപ്പാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.