കോഴിക്കോട് മെഡിക്കൽ കോളജിലെ അത്യാഹിത വിഭാഗം ശനിയാഴ്ച മുതൽ പുതിയ ബ്ലോക്കിൽ
text_fieldsകോഴിക്കോട്: മെഡി. കോളജിലെ അത്യാഹിത വിഭാഗം ശനിയാഴ്ച മുതൽ പൂർണമായി പുതിയ ബ്ലോക്കിലേക്ക്. ശനിയാഴ്ച രാവിലെ പത്ത് മണിയോടെ കാഷ്വാലിറ്റിയിലെ രോഗികളെ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിന് സമീപം പുതുതായി സ്ഥാപിച്ച സർജിക്കൽ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിലേക്കാണ് മാറ്റുന്നത്. ഇതിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി സൂപ്രണ്ട് ഡോ. ശ്രീജയൻ അറിയിച്ചു.
മെഡി. കോളജ്-കാരന്തൂർ റോഡിൽ ഐ.എം.സി.എച്ച് കഴിഞ്ഞയുടനെയാണ് പുതിയ കാഷ്യാലിറ്റിയിലേക്കുള്ള പ്രധാന വഴി. അത്യാഹിത വിഭാഗത്തിലേക്കുള്ള ആംബുലൻസുകളും മറ്റ് വാഹനങ്ങളും ശനിയാഴ്ച മുതൽ പഴയ കാഷ്വാലിറ്റി ഗേറ്റ് വഴി പ്രവേശിക്കരുത്.
പുതിയ കെട്ടിടത്തിന്റെ ഔപചാരിക ഉദ്ഘാടനം മാർച്ച് നാലിന് മുഖ്യമന്ത്രി നിർവഹിച്ചിരുന്നു. അത്യാധുനിക സൗകര്യങ്ങളോടു കൂടി നിർമിച്ച പുതിയ ബ്ലോക്കില്‍ ആറ് സൂപ്പര്‍ സ്പെഷ്യാലിറ്റി വിഭാഗങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്. 195.93 കോടി രൂപ (കേന്ദ്രം -120 കോടി, സംസ്ഥാനം - 75.93 കോടി) ചെലവഴിച്ചതാണ് സർജിക്കൽ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്ക് നിര്‍മ്മിച്ചിട്ടുള്ളത്. ഏഴ് നിലകളിലായി രോഗീ സൗഹൃദ സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.
ഏറെ പരിമിതികളോടെയാണ് മെഡി. കോളജ് അത്യാഹിത വിഭാഗം പ്രവർത്തിച്ചിരുന്നത്. അസൗകര്യം കാരണം രോഗികളും ചികിത്സിക്കുന്ന ഡോക്ടർമാരും ജീവനക്കാരും പ്രയാസമനുഭവിക്കുമായിരുന്നു. വലിയ ദുരന്തങ്ങളും അത്യാഹിതങ്ങളുമുണ്ടാവുമ്പോൾ ഇവിടെ അസാധാരണമായ വീർപുമുട്ടലാണ് അനുഭവപ്പെട്ടിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.