സർക്കാറിൽനിന്ന് ലക്ഷങ്ങൾ കുടിശ്ശിക: മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയിൽ സൗജന്യ ചികിത്സ പ്രതിസന്ധിയിൽ
text_fieldsമണ്ണാര്‍ക്കാട്: സര്‍ക്കാര്‍ ഫണ്ട് കുടിശ്ശികയായതോടെ ഗവ. താലൂക്ക് ആശുപത്രിയിലെ സൗജന്യചികിത്സ പ്രതിസന്ധിയില്‍. 18 വയസിന് താഴെയുള്ള കുട്ടികളുടെ സമഗ്ര ആരോഗ്യ സംരക്ഷണത്തിനുള്ള സേവനങ്ങള്‍ ഒരു കുടക്കീഴില് ഉറപ്പുവരുത്തുന്ന പദ്ധതിയായ ആരോഗ്യ കിരണം പദ്ധതിയില്‍ ലക്ഷങ്ങളാണ് അനുവദിക്കാനുള്ളത്. നാല് വര്‍ഷമായി ഫണ്ട് ലഭിച്ചിട്ടില്ല. 2019 ആഗസ്റ്റ് ഒന്ന് മുതല്‍ 2022 ഒക്ടോബര്‍ 31 വരെയുള്ള കാലയളവില്‍ പദ്ധതി പ്രകാരം 16, 66, 325 രൂപ ലഭിക്കാനുണ്ട്. പുറമെ 9, 24,504 രൂപയും ബാക്കിയുണ്ട്.
2022 നവംബര്‍ ഒന്ന് മുതല്‍ ഈ വര്‍ഷം ഒക്ടോബര്‍ 31 വരെ കിടപ്പു രോഗികള്‍ക്കും ആഗസ്റ്റ് ഒന്ന് മുതല്‍ ഒക്ടോബര്‍ 31 വരെയുള്ള തിയതികളില്‍ 18 വയസ് വരെയുള്ള ഒ.പി. വിഭാഗക്കാര്‍ക്കും 7, 79,504 രൂപയും ദേശീയ ആരോഗ്യ ദൗത്യം ഓഫിസ്, തിരുവനന്തപുരം സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി ഓഫ് കേരളയില്‍ നിന്നും കിട്ടാനുണ്ട്. ആര്.എസ്.ബി.വൈ, കാസ്പ് പദ്ധതി പ്രകാരം 1, 34, 51,617 രൂപ, മെഡിസെപ്പില്‍ 49, 480രൂപ, ബ്ലഡ് ബാങ്കിന് 4,18,000 രൂപയും ആശുപത്രിയക്ക് ലഭ്യമാകാനുണ്ട്. നഗരസഭയുടെ തനത് ഫണ്ടില്‍ നിന്നും 30 ലക്ഷം അനുവദിച്ചാണ് ആശുപത്രിയിലെ ഡയാലിസിസ് യൂനിറ്റിന്റെ പ്രവര്‍ത്തനം മുന്നോട്ട് പോകുന്നത്.
രണ്ട് ഷിഫ്റ്റുകളിലായി 11 ഡയാലിസിസ് യന്ത്രങ്ങളാണ് പ്രവര്‍ത്തിക്കുന്നത്. ട്രഷറിയില്‍ ഫണ്ടില്ലാത്തതിനാല്‍ ഡയാലിസിസ് കിറ്റും മറ്റും വാങ്ങാന്‍ കഴിയാത്ത ദുരവസ്ഥയുമുണ്ട്. ഇത് മുടങ്ങുമോയന്ന ആശങ്കയും ഉയരുന്നു. ചികിത്സ പദ്ധതികള്‍ക്ക് ഫണ്ട് ലഭ്യമാകാത്തതിനാല്‍ ആശുപത്രി പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുന്നുണ്ട്. ആരോഗ്യകിരണം ഒ.പി. വിഭാഗത്തിന് സൗജന്യമായി നല്കി വരുന്ന മരുന്നുകള്‍, ലാബ് പരിശോധനകള്‍, എക്സ്റേ, സ്കാനിങ് തുടങ്ങിയ തുടര്‍ന്ന് നടത്തി കൊണ്ട് പോകാന്‍ ബുദ്ധിമുള്ളതായി കാണിച്ച് കഴിഞ്ഞ ദിവസം ആശുപത്രി സൂപ്രണ്ട് കത്ത് നല്‍കിയതായി നഗരസഭാ ചെയര്മാന് സി.മുഹമ്മദ് ബഷീര്‍ അറിയിച്ചു.
തുക ലഭ്യമാകുന്നത് വരെ ഒ.പി. വിഭാഗക്കാര്‍ക്ക് നല്കുന്ന സൗജന്യമരുന്നുകളും പരിശോധനകളുമെല്ലാം നിര്‍ത്താന്‍ വേണ്ട നടപടി സ്വീകരിക്കണമെന്നും കത്തില്‍ പരാമര്‍ശിച്ചിട്ടുള്ളതായി ചെയര്മാന് അറിയിച്ചു. പ്രശ്നത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ടില്ലെങ്കില്‍ പാവപ്പെട്ട ഒട്ടനവധി രോഗികളാണ് പെരുവഴിയിലാവുക. ആശുപത്രിക്കുള്ള സര്‍ക്കാര്‍ വിഹിതം എത്രയും വേഗം അനുവദിക്കാന്‍ നടപടിയുണ്ടാകണമെന്ന് നഗരസഭാ ചെയര്മാന് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.