11 ശതമാനം ഇന്ത്യക്കാരും പ്രമേഹ രോഗികളെന്ന് സർവേ റിപ്പോർട്ട്
text_fieldsന്യൂഡൽഹി: ഇന്ത്യയിലെ ആകെ ജനസംഖ്യയിൽ 11 ശതമാനത്തിലധികം പേർക്ക് പ്രമേഹ രോഗമുള്ളതായി സർവേ റിപ്പോർട്ട്. 36 ശതമാനം ആളുകൾ രക്താതിസമ്മർദം അനുഭവിക്കുന്നതായും കണക്കുകൾ പറയുന്നു. ‘ദ ലാൻസെറ്റ് ഡയബറ്റിസ് ആൻഡ് എൻഡോക്രൈനോളജി’ ജേണലിൽ പ്രസിദ്ധീകരിച്ച സർവേ റിപ്പോർട്ടിലാണ് പുതിയ കണക്കുകളുള്ളത്. ഇന്ത്യയിൽ 11.4 ശതമാനം പേർക്ക് പ്രമേഹവും 15.3 ശതമാനം പേർക്ക് പ്രമേഹ പൂർവ രോഗാവസ്ഥയും 35.5 ശതമാനം പേർക്ക് രക്തസമ്മർദവും ഉള്ളതായി സർവേ വ്യക്തമാക്കുന്നു.
പ്രമേഹ, സാംക്രമികേതര രോഗങ്ങൾ സംബന്ധിച്ച് 2021ൽ നടത്തിയ എപ്പിഡെമിയോളജിക്കൽ പഠനം അനുസരിച്ച് ഇന്ത്യയിൽ 10.10 കോടി പ്രമേഹരോഗികളും 31.50 കോടി അമിത രക്തസമ്മർദ രോഗികളും ഉണ്ട്. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർചുമായി (ഐ.സി.എം.ആർ) സഹകരിച്ച് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ ധനസഹായത്തോടെ മദ്രാസ് ഡയബറ്റിസ് റിസർച് ഫൗണ്ടേഷൻ (എം.ഡി.ആർ.എഫ്) നടത്തിയ പഠനത്തിൽ ഇന്ത്യയിൽ 28.6 ശതമാനം പേർക്ക് പൊണ്ണത്തടി ഉള്ളതായി കണ്ടെത്തിയിരുന്നു. കുടവയറുള്ളവരാകട്ടെ 39.5 ശതമാനവും. 2021ലെ കണക്കനുസരിച്ച് രാജ്യത്ത് 25.40 കോടി പൊണ്ണത്തടിയന്മാരുണ്ട്. 35 കോടിയാണ് കുടവയറന്മാരുടെ കണക്ക്.
രാജ്യത്തെ മൊത്തം പ്രമേഹ രോഗികളിൽ 26.4 ശതമാനവും ഗോവയിലാണ്. ഉത്തർപ്രദേശിലാണ് ഏറ്റവും കുറവ്, 4.8 ശതമാനം. ഹൈപ്പർ ടെൻഷൻ ഏറ്റവും കൂടുതലുള്ളത് പഞ്ചാബിലാണ്. ആകെ രോഗികളിൽ 51.8 ശതമാനവും ഇവിടെയാണ്. ഏറ്റവും കുറവ് മേഘാലയയിൽ, 24.3 ശതമാനം.
2008നും 2020നും ഇടയിൽ രാജ്യത്തെ 31 സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും 1,13,043 ആളുകളിൽ നടത്തിയ സർവേയുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയാറാക്കിയത്.
23 മരുന്നു സംയുക്തങ്ങളുടെ വില നിശ്ചയിച്ച് വില നിയന്ത്രണ അതോറിറ്റി
ന്യൂഡൽഹി: പ്രമേഹത്തിനും അമിത രക്തസമ്മർദത്തിനും ഉള്ളവ ഉൾപ്പെടെ 23 മരുന്ന് സംയുക്തങ്ങളുടെ വിപണിയിലെ വില നിശ്ചയിച്ച് ദേശീയ മരുന്നുവില നിയന്ത്രണ അതോറിറ്റി (എൻ.പി.പി.എ). 2013ലെ മരുന്നുവില നിയന്ത്രണ ഉത്തരവ് പ്രകാരം, ഇക്കഴിഞ്ഞ മേയിൽ ചേർന്ന അതോറിറ്റിയുടെ 113ാമത് യോഗത്തിന്റെ അടിസ്ഥാനത്തിലാണ് വിവിധ മരുന്നുകളുടെ വില നിശ്ചയിച്ചുകൊണ്ട് വിജ്ഞാപനമിറക്കിയത്.
പ്രമേഹത്തിനുള്ള ഗ്ലിസ്ലസൈഡ് ഇ.ആർ , മെറ്റ്ഫോർമിൻ ഹൈഡ്രോക്ലോറൈഡ് എന്നീ ഗുളികകളുടെ ചില്ലറ വിൽപന വില (ഒരു ഗുളികക്ക്) 10.03 രൂപയായാണ് നിജപ്പെടുത്തിയത്. അതുപോലെ ടെൽമിസാർടൻ , ക്ലോർതാലിഡോൺ , സിൽനിഡിപൈൻ എന്നീ ഗുളികകളുടെ വില (ഒന്നിന്)13.17 രൂപയായും നിജപ്പെടുത്തി. വേദന സംഹാരികളായ ട്രൈപ്സിൻ , ബ്രോമെലൈൻ, റൂട്ടോസൈഡ് ട്രൈഹൈഡ്രേറ്റ് , ഡിക്ലോഫെനാക് സോഡിയം എന്നീ ഗുളികകൾക്ക് 20.51 രൂപയാണ് വില. അവശ്യമരുന്നുകളിൽ ഉൾപ്പെട്ടിട്ടുള്ള 15 മരുന്ന് സംയുക്തങ്ങളുടെ വിലയും പുനഃക്രമീകരിച്ചിട്ടുണ്ട്.
രാജ്യത്ത് മരുന്നിന്റെ ലഭ്യതയും വിലനിയന്ത്രണവും ഉറപ്പാക്കുന്നതിനായാണ് ദേശീയ മരുന്നുവില നിയന്ത്രണ അതോറിറ്റി പ്രവർത്തിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.