ലസ്സ പനി ബാധിച്ച് യു.കെയിൽ ആദ്യ മരണം; ലക്ഷണങ്ങളും കാരണങ്ങളും അറിയാം
text_fieldsലസ്സ പനി ബാധിച്ച് യു.കെയിൽ ആദ്യ മരണം സ്ഥിരീകരിച്ചിരിക്കുകയാണ്. ബെഡ്ഫോഡ്ഷെയറിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നയാളാണ് മരിച്ചതെന്ന് യു.കെ ആരോഗ്യ അധികൃതർ വ്യക്തമാക്കി. കോവിഡ് മൂന്നാംതരംഗം ഏൽപ്പിച്ച ആഘാതത്തിൽ നിന്ന് മോചനം നേടുന്നതിനിടെ യു.കെയിൽ ലസ്സ പനി സ്ഥിരീകരിച്ചത് ആശങ്കക്കിടയാക്കിയിരിക്കുകയാണ്. അതേസമയം, രാജ്യത്താകെ മൂന്ന് പേർക്ക് മാത്രമാണ് പനി സ്ഥിരീകരിച്ചത്. വ്യാപകമായി പകരാനുള്ള സാധ്യത വളരെ കുറവാണെന്നും അതുകൊണ്ട് പൊതുജനാരോഗ്യത്തിന് ലസ്സ വലിയ ഭീഷണിയുണ്ടാക്കുന്നില്ലെന്നുമാണ് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
എന്താണ് ലസ്സ പനി
പശ്ചിമാഫ്രിക്കയുടെ ചില ഭാഗങ്ങളിൽ മാത്രം കണ്ടിരുന്ന വൈറൽ രോഗമാണ് ലസ്സ പനി. 1969ൽ ആദ്യമായി കേസുകൾ കണ്ടെത്തിയത് നൈജീരിയയിലെ ലസ്സ നഗരത്തിലാണ്. ഇതോടെയാണ് വൈറസിന് ലസ്സ എന്ന് പേര് നൽകിയത്. യു.കെയിൽ നിലവിൽ സ്ഥിരീകരിച്ച മൂന്ന് കേസുകളും ഒരു കുടുംബത്തിലെ അംഗങ്ങളാണ്. ഇവർ സമീപകാലത്ത് പശ്ചിമാഫ്രിക്കയിലേക്ക് യാത്ര നടത്തിയിരുന്നവരുമാണ്. ഒരു ദശാബ്ദത്തിനിടെ ആദ്യമായാണ് യു.കെയിൽ ലസ്സ പനി സ്ഥിരീകരിക്കുന്നത്.
ലക്ഷണങ്ങൾ
ആഫ്രിക്കയിൽ സാധാരണയായ എബോളക്ക് സമാനമായ ലക്ഷണങ്ങളാണ് ലസ്സ പനിക്കുള്ളത്. രോഗബാധിതരായവരുടെ ശരീരദ്രവങ്ങളിലൂടെ മറ്റുള്ളവരിലേക്കും വൈറസ് പകരും. ആഫ്രിക്കൻ വോൾവറിൻ എലിയാണ് പശ്ചിമാഫ്രിക്കയിൽ വൈറസ് വാഹകരാകുന്നത്.
രോഗം ബാധിച്ച വ്യക്തിക്ക് ലക്ഷണങ്ങളായി പനിയും തലവേദനയും ഒപ്പം കൈകാലുകളിൽ വേദനയും ഉണ്ടാകും. തൊണ്ടവേദന, വരണ്ട ചുമ, നെഞ്ച് വേദന ഒപ്പം അടിവയറ്റിൽ വേദന എന്നിവയുമുണ്ടാകും. തീവ്രമാകുന്ന ഘട്ടങ്ങളിൽ മൂക്കിലൂടെയും വായിലൂടെയും മറ്റ് ശരീരഭാഗങ്ങളിലൂടെയും രക്തസ്രാവമുണ്ടാകും. പലഘട്ടങ്ങളിലും മറ്റ് രോഗങ്ങളാണെന്ന് തെറ്റിദ്ധരിച്ച് ലസ്സ നേരത്തെ കണ്ടെത്താൻ സാധിക്കാറില്ല.
ഗുരുതരമായ രോഗം ഉള്ളവർ മരണത്തിന് സാധ്യതയുള്ളവരാണ്. എന്നാലും ഒരു ശതമാനം മാത്രമാണ് മരണനിരക്ക്. ഗർഭിണികൾക്ക് ലസ്സ ബാധിച്ചാൽ ഗുരുതരമാകാനുള്ള സാധ്യത കൂടുതലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.