ഐ ഡ്രോപ്പിനെതിരായ റിപ്പോർട്ട്: ഗ്ലോബൽ ഫാർമയിൽ അർധരാത്രി ഡ്രഗ് കൺട്രോൾ വിഭാഗത്തിന്റെ പരിശോധന
text_fieldsചെന്നൈ: അന്ധതക്കും മരണത്തിനും കാരണമാകുന്ന ബാക്ടീരിയ അടങ്ങിയിട്ടുണ്ടെന്ന റിപ്പോർട്ടിനെ തുടർന്ന് യു.എസിൽ നിരോധിച്ച ഐ ഡ്രോപ്പ് നിർമാണ കമ്പനിയായ ഗ്ലോബൽ ഫാർമക്കെതിരെ ദ്രുതഗതിയിൽ നടപടി. ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗ്ലോബൽ ഫാർമ ഹെൽത്ത് കെയർ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയിൽ തമിഴ്നാട് ഡ്രഗ് കൺട്രോളർ വിഭാഗവും കേന്ദ്ര ഡ്രഗ് കൺട്രോളർ അതോറിറ്റി അംഗങ്ങളും ചേർന്ന് അർധരാത്രി പരിശോധന നടത്തി.
സൗത് ചെന്നൈയിൽ നിന്ന് 40 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന കമ്പനിയുടെ ഇസ്രി കെയർ ആർട്ടിഫിഷ്യൽ ടിയർ ലൂബ്രിക്കന്റ് ഐ ഡ്രോപ്പാണ് വിപണിയിൽ നിന്ന് പിൻവലിച്ചത്. ഐ ഡ്രോപ്പിൽ മാരക ബാക്ടീരിയ അടങ്ങിയിട്ടുണ്ടെന്ന യു.എസ് അധികതരുടെ റിപ്പോർട്ടിനെ തുടർന്ന് കമ്പനി തന്നെ മരുന്നുകൾ തിരിച്ചു വിളിക്കുകയായിരുന്നു.
യു.എസിലേക്ക് അയച്ച ബാച്ചിലെ സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. മരുന്നുൽപ്പാദനത്തിന് ഉപയോഗിച്ച അസംസ്കൃത വസ്തുക്കളുടെ സാമ്പിളുകളും ശേഖരിച്ചു. ഇനി യു.എസിൽ നിന്ന് തുറക്കാത്ത സാമ്പിളുകളുടെ പരിശോധന ഫലം ലഭിക്കാനാണ് കാത്തിരിക്കുന്നത്. വിഷയത്തിൽ സർക്കാറിന് പ്രാഥമിക റിപ്പോർട്ട് നൽകിയിട്ടുണ്ട് - തമിഴ്നാട് ഡ്രഗ് കൺട്രോളർ ഡോ. പി.വി. വിജയലക്ഷ്മി പറഞ്ഞു.
കമ്പനിയിൽ നടത്തിയ പരിശോധന പുലർച്ചെ രണ്ടുമണിയോടെയാണ് പൂർത്തിയായാത്. ഐട്രോപ്പുകളുടെ നിർമാണം നിർത്തിവെക്കാൻ അധികൃതർ കമ്പനിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഉത്പന്നങ്ങൾ നിർമിക്കാനും കയറ്റി അയക്കാനും പ്ലാന്റിന് ലൈസൻസ് ഉണ്ടെന്ന് ഉറപ്പിച്ചിട്ടുണ്ടെന്നും യു.എസിൽ നിന്ന് പരിശോധനാഫലം വന്ന ശേഷമായിരിക്കും അന്വേഷണം തുടരുകയെന്നും ഡോ. വിജയലക്ഷ്മി പറഞ്ഞു.
യു.എസ് അധികൃതരുമായി സഹകരിക്കുന്നുണ്ടെന്ന് ഗ്ലോബൽ ഫാർമ ഹെൽത്ത് കെയർ അറിയിച്ചു. യു.എസിലുള്ള ഉപഭോക്താക്കൾ മരുന്ന് ഉപയോഗിക്കരുത്. ആർക്കെങ്കിലും ബുദ്ധിമുട്ട് നേരിട്ടിട്ടുണ്ടെങ്കിൽ ഉടൻ വൈദ്യ സഹായം തേടണമെന്നും കമ്പനി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.