കുഷ്ഠരോഗം നാട്ടിലിപ്പോഴുമുണ്ട് വേണം, കരുതൽ
text_fieldsകൊച്ചി: നമ്മുടെ നാട്ടിലിപ്പോൾ കുഷ്ഠരോഗികളൊന്നുമുണ്ടാവില്ലെന്ന് ധരിച്ചിരിക്കുന്നവരാണ് ഏറെപ്പേരും. എന്നാൽ, ചിലയിടത്തെങ്കിലും ഈ രോഗം ഇപ്പോഴുമുണ്ടെന്നും കരുതൽ വേണമെന്നുമുള്ള ഓർമപ്പെടുത്തലാണ് ആരോഗ്യവകുപ്പ് നൽകുന്നത്.
നേരത്തേ കണ്ടുപിടിക്കാം, സുഖപ്പെടുത്താം
വായുവിലൂടെ പകരുന്ന രോഗമായതിനാൽ സ്പർശനത്തിലൂടെ പകരില്ല. പാരമ്പര്യമായി കൈമാറ്റം ചെയ്യപ്പെടുന്ന രോഗവുമല്ല. ശരീരത്തിലെ ചെറിയ അസ്വാഭാവിക വെള്ളപ്പാടുകൾ പോലും കുഷ്ഠരോഗത്തിലേക്കു നയിച്ചേക്കാം. എന്നാൽ, നേരത്തെ കണ്ടെത്തി ചികിത്സ തേടിയാൽ പൂർണമായും ഭേദമാക്കാനുമാവുമെന്ന് ഡെപ്യൂട്ടി ഡി.എം.ഒ ഡോ.കെ. സവിത ചൂണ്ടിക്കാട്ടി.
രോഗത്തിന്റെ ഇൻകുബേഷൻ പിരീഡ് രണ്ടു മുതൽ അഞ്ചു വർഷം വരെയാണ്. അതായത്, രോഗകാരിയായ മൈക്രോബാക്ടീരിയം ലെപ്രേ ശരീരത്തിൽ പ്രവേശിച്ചാലും പെട്ടെന്നൊന്നും രോഗം തിരിച്ചറിഞ്ഞേക്കില്ല. എന്നാൽ, ചൊറിച്ചിൽ ഒന്നുമില്ലാത്ത നിറ വ്യത്യാസമുള്ള തൊലിഭാഗങ്ങൾ, പെരിഫെറൽ നെർവിലെ തടിപ്പ്, പുരികം കൊഴിയൽ, മൂക്കിന്റെ പാലം വളയൽ, കണ്ണടക്കാൻ ബുദ്ധിമുട്ട്, കൈകാൽ മരവിപ്പ്, പിന്നീട് ശരീരമാകെ ചുവന്നു തടിച്ച പാടുകൾ എന്നിങ്ങനെയാണ് ലക്ഷണങ്ങൾ പുരോഗമിക്കുന്നത്.
പിന്നീട് ശരീരമാകെ വലിയ തടിച്ച ഭാഗങ്ങളും ശാരീരിക ഭംഗങ്ങളും സംഭവിക്കുന്ന രീതിയിലേക്കെത്തുന്നതിന് പത്തു വർഷം വരെ എടുക്കും. എന്നാൽ തുടക്കത്തിൽ സംശയം തോന്നിയാൽ, ചികിത്സ തേടണമെന്നും ഡോക്ടർ വ്യക്തമാക്കുന്നു. സ്കിൻ/ നെർവ് ബയോപ്സിയിലൂടെ രോഗം കണ്ടെത്തുകയും മൾട്ടി ഡ്രഗ് തെറപ്പിയിലൂടെ ചികിത്സിക്കുകയും ചെയ്യാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.