കുഷ്ഠരോഗം: ആശങ്കപ്പെടേണ്ടതില്ലെന്ന് ജില്ല മെഡിക്കൽ ഓഫിസർ
text_fieldsമലപ്പുറം: ജനസംഖ്യാനുപാതികമായാണ് ജില്ലയിൽ കൂടുതൽ കുഷ്ഠരോഗ ബാധിതരെ കണ്ടെത്തിയതെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജില്ല മെഡിക്കൽ ഓഫിസർ ഡോ. ആർ. രേണുക. സംസ്ഥാനമൊട്ടാകെ നടക്കുന്ന ബാലമിത്ര കുഷ്ഠരോഗ സ്ക്രീനിങ് കാമ്പയിന്റെ ഭാഗമായാണ് ജില്ലയിലും രോഗബാധിതരെ കണ്ടെത്തിയത്. ഇവർക്ക് ആവശ്യമായ ചികിത്സ സൗകര്യങ്ങൾ ലഭ്യമാക്കി വരുകയാണ്. കൂടാതെ ചികിത്സവേളയിലും തുടർന്നും രോഗികളുടെ സ്വകാര്യത ഉറപ്പ് വരുത്തും.
രോഗബാധ നേരത്തേ കണ്ടെത്താനായാൽ ചികിത്സയിലൂടെ പൂർണമായും ഭേദമാക്കാനാവുമെന്നതിനാലാണ് സ്കൂളുകളും അംഗൻവാടികളും കേന്ദ്രീകരിച്ച് ബോധവത്കരണ കാമ്പയിനുകളും സ്ക്രീനിങ് പരിപാടികളും സംഘടിപ്പിക്കുന്നത്. കുട്ടികളിൽ രോഗ ലക്ഷണങ്ങളുണ്ടെങ്കിൽ അവരുടെ രക്ഷിതാക്കളെയും പരിശോധനക്ക് വിധേയമാക്കും.
അതിഥി തൊഴിലാളികളെ ഉൾപ്പെടെ സ്ക്രീനിങ്ങിന് വിധേയമാക്കുമെന്നും ജില്ല മെഡിക്കൽ ഓഫിസർ പറഞ്ഞു. ചർമത്തിലുണ്ടാകുന്ന ക്ഷതങ്ങളാണ് മൈകോബാക്ടീരിയം ലെപ്രേ ഇനത്തിൽപെട്ട ബാക്ടീരിയകൾ വഴി ഉണ്ടാകുന്ന കുഷ്ഠരോഗത്തിന്റെ പ്രധാന ബാഹ്യലക്ഷണം. കൃത്യമായ ചികിത്സ ലഭിക്കാതിരുന്നാൽ ചർമത്തിനും നാഡികൾക്കും അവയവങ്ങൾക്കും കണ്ണുൾപ്പെടെ ഇന്ദ്രിയങ്ങൾക്കും പ്രശ്നങ്ങൾ സംഭവിക്കാം. ശരീരത്തിന്റെ പ്രതിരോധ ശക്തിയെ ദുർബലപ്പെടുത്തുന്നതു മൂലം ശരീരഭാഗങ്ങൾക്ക് ക്ഷതം പറ്റുകയോ ചേതന നഷ്ടപ്പെടുകയോ ചെയ്യാം. അവയവങ്ങൾ ക്ഷയിക്കുകയോ, വികൃതമാവുകയോ, അസ്ഥികൾ ആഗിരണം ചെയ്യപ്പെട്ട് ചെറുതാവുകയോ ചെയ്യാനും ഇടയുണ്ട്.
ഇവ ശ്രദ്ധിക്കാം
തൊലിപ്പുറത്തുള്ള നിറം മങ്ങിയതോ ചുവപ്പു നിറമുള്ളതോ ആയ സ്പർശനശേഷി കുറഞ്ഞ പാടുകൾ, തടിപ്പുകൾ, ചൊറിച്ചിൽ ഇല്ലാത്ത പാടുകൾ, തടിച്ചതും തിളക്കം ഉള്ളതുമായ ചർമം, ശരീരത്തിലെ പുതിയ നിറവ്യത്യാസങ്ങൾ, ചെവിയിലെ തടിപ്പുകൾ, നാഡികൾക്ക് വേദനയും തടിപ്പും, വേദനയില്ലാത്ത വ്രണങ്ങൾ, കൈകാലുകളിലെ മരവിപ്പ് എന്നീ ലക്ഷണങ്ങളുള്ളവർ ഉടൻ തന്നെ ആരോഗ്യപ്രവർത്തകരെ വിവരം അറിയിക്കുകയും പ്രതിരോധ നടപടികൾ സ്വീകരിക്കുകയും വേണം. ജില്ലയിലെ എല്ലാ സർക്കാർ ആശുപത്രികളിലും കുഷ്ഠരോഗ പരിശോധനയും ചികിത്സയും സൗജന്യമായി നൽകി വരുന്നതായും രോഗ ലക്ഷണങ്ങളുള്ളവർ പരിശോധനക്ക് വിധേയരാകണമെന്നും ജില്ല മെഡിക്കൽ ഓഫിസർ അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.