രോഗമായി ജീവിതശൈലി
text_fieldsകൊച്ചി: ആരോഗ്യവകുപ്പ് നേതൃത്വത്തിൽ വീട് കയറിയുള്ള ജീവിതശൈലീരോഗ നിർണയ കാമ്പയിൻ ജില്ലയിൽ പുരോഗമിക്കുന്നു. ഇതിനകം 19 ആരോഗ്യബ്ലോക്കിലായി 12,69,624 പേരിൽ പരിശോധന പൂർത്തിയായി. ഇതിൽ 70,756 പേർക്ക് അർബുദം സംബന്ധമായ പരിശോധന നിർദേശിച്ചിരിക്കുകയാണ്. ഇവരിൽ കൂടുതലും സ്ത്രീകളാണ്. 70,006 പേരിൽ ഹൈപർടെൻഷനും പ്രമേഹവും സ്ഥിരീകരിച്ചിട്ടുണ്ട്.
ജീവിതശൈലീരോഗങ്ങൾ മുൻകൂട്ടി കണ്ടെത്തി പ്രതിരോധിക്കാൻ നടന്നുവരുന്ന കാമ്പയിനിലാണ് നിരവധി പേരിൽ വിവിധ തരം അർബുദം സംബന്ധിച്ച പരിശോധന ആവശ്യമാണെന്ന് കണ്ടെത്തിയത്. ഇവർക്ക് തുടർ രോഗനിർണയത്തിനായി വിദഗ്ധ പരിശോധന നടത്തും. ‘അൽപം ശ്രദ്ധ ആരോഗ്യം ഉറപ്പ്’ എന്ന പേരിൽ രണ്ടുവർഷമായി നടന്നുവരുന്ന കാമ്പയിന്റെ ഭാഗമായി ഇതിനകം സംസ്ഥാനത്ത് 1,53,18,030 പേരിൽ പരിശോധന പൂർത്തിയായി. 30 വയസ്സിന് മുകളിലുള്ളവരെ വീടുകളിലെത്തിയാണ് ജീവിതശൈലീരോഗ നിർണയ പരിശോധനക്ക് വിധേയരാക്കുന്നത്.
ഇവരിൽ അർബുദം, ക്ഷയം, പ്രമേഹം തുടങ്ങിയവ പിടിപെടാൻ സാധ്യതയുള്ളവരായി കണ്ടെത്തിയവർക്ക് പ്രത്യേക ക്യാമ്പുകൾ വഴി വിദഗ്ധ പരിശോധന നടത്താനാണ് തീരുമാനം. ജില്ലയിൽ 7662 കിടപ്പുരോഗികളുള്ളതായും സർവേയിൽ കണ്ടെത്തി. വായിലെ അർബുദം, സ്തനാർബുദം, ഗർഭാശയ അർബുദം എന്നിവക്ക് സാധ്യതയുണ്ടോയെന്ന് കണ്ടെത്താനുള്ള പരിശോധനയാണ് 70,756 പേർക്ക് നിർദേശിച്ചിട്ടുള്ളത്. രോഗസാധ്യതയുള്ളവർക്ക് പ്രതിരോധപ്രവർത്തനങ്ങൾക്ക് ആവശ്യമായ പിന്തുണ ഉറപ്പാക്കാനുള്ള പ്രവർത്തനവും കാമ്പയിന്റെ ഭാഗമാണ്. അർബുദം പോലുള്ള മാരകരോഗങ്ങൾ നേരത്തേ കണ്ടെത്താൻ കഴിയുന്നതുവഴി ഫലപ്രദമായ ചികിത്സയും രോഗമുക്തിയും ഉറപ്പാക്കുകയാണ് കാമ്പയിന്റെ മുഖ്യലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.