ഗ്രാമീണ സ്ത്രീകൾക്ക് ഒരു രൂപക്ക് പത്ത് സാനിറ്ററി നാപ്കിനുകൾ നൽകുമെന്ന് മഹാരാഷ്ട്ര സർക്കാർ
text_fieldsമുംബൈ: ലോക ആർത്തവ ശുചിത്വ ദിനത്തോടനുബന്ധിച്ച് ദാരിദ്രരേഖക്ക് താഴെയുള്ള 60 ലക്ഷം സ്ത്രീകൾക്ക് പത്ത് സാനിറ്ററി നാപ്കിനുകൾ ഒരു രൂപക്ക് നൽകുന്ന പദ്ധതി പ്രഖ്യാപിച്ച് മഹാരാഷ്ട്ര സർക്കാർ. 2022 ഓഗസ്റ്റ് 15 മുതലാണ് പദ്ധതി നടപ്പാക്കി തുടങ്ങുക. ഗ്രാമപ്രദേശങ്ങളിലെ 60 ലക്ഷത്തോളം സ്ത്രീകൾക്ക് ഇത് പ്രയോജനപ്പെടുമെന്ന് സംസ്ഥാന ഗ്രാമവികസന മന്ത്രി ഹസൻ മുഷ്‌രിഫ് പറഞ്ഞു.
ബോധവൽക്കരണത്തിന്റെ അഭാവവും താങ്ങാനാവാത്ത വിലയും കാരണം ആർത്തവ സമയത്ത് ശുചിത്വക്കുറവ് നേരിടുന്ന ഗ്രാമീണ മേഖലയിലെ സ്ത്രീകളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിനായി പ്രതിവർഷം 200 കോടി രൂപ സർക്കാരിന് ചെലവ് വരുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഗ്രാമ പ്രദേശങ്ങളിലെ സ്ത്രീകളുടെ മരണത്തിന്‍റെ പ്രധാന കാരണങ്ങളിലൊന്ന് ആർത്തവ സമയത്തെ അശ്രദ്ധയും ശുചിത്വമില്ലായ്മയുമാണെന്ന് സർക്കാർ പ്രസ്താവനയിൽ പറയുന്നു. ഇതിനൊരു പരിഹാരം കാണുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
ആർത്തവ ശുചിത്വ സംരക്ഷണ പദ്ധതി പ്രകാരം നിലവിൽ മഹാരാഷ്ട്രയിലെ ആരോഗ്യ വകുപ്പിന് കീഴിൽ 19 വയസിന് താഴെയുള്ള പെൺകുട്ടികൾക്ക് ആറ് നാപ്കിനുകളുടെ റെഡിമെയ്ഡ് കിറ്റുകൾ 6 രൂപക്ക് നൽകി വരുന്നുണ്ട്. എന്നാൽ ദാരിദ്ര രേഖക്ക് താഴെയുള്ള എല്ലാ സ്ത്രീകൾക്കും ഇതിന്‍റെ പ്രയോജനം ലഭിക്കുന്നില്ല.
വിവിധ റിപ്പോർട്ടുകൾ പ്രകാരം മഹാരാഷ്ട്രയിൽ 66 ശതമാനം സ്ത്രീകൾ മാത്രമാണ് സാനിറ്ററി നാപ്കിനുകൾ ഉപയോഗിക്കുന്നത്. എന്നാൽ നഗരപ്രദേശങ്ങളിൽ ഈ അനുപാതം കൂടുതലാണ്. ഗ്രാമീണ മേഖലയിലെ 17 ശതമാനം സ്ത്രീകൾക്ക് മാത്രമാണ് സാനിറ്ററി നാപ്കിനുകൾ ലഭ്യമാകുന്നതെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.