മലപ്പുറത്ത് കോളജ് ഹോസ്റ്റലിലെ വിദ്യാർഥികൾക്ക് നോറോ വൈറസ് ബാധ
text_fieldsമലപ്പുറം: മലപ്പുറത്ത് പെരിന്തൽമണ്ണയിലെ സ്വകാര്യ കോളജ് വിദ്യാർഥികളിൽ നോറോ വൈറസ് സ്ഥിരീകരിച്ചു. കോളജ് ഹോസ്റ്റലിലെ വിദ്യാർഥികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ഹോസ്റ്റലിലെ രോഗലക്ഷണങ്ങളുള്ള 55 വിദ്യാർഥികൾ ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തിലാണ്. സംഭവത്തിൽ ജില്ലാ ആരോഗ്യ വകുപ്പ് പ്രതിരോധ നടപടികൾ ആരംഭിച്ചു.
കഴിഞ്ഞ മാസം കാക്കനാട്ടെ സ്കൂൾ വിദ്യാർഥികളിലും നോറോ വൈറസ് സ്ഥിരീകരിച്ചിരുന്നു. ഗുരുതര വയറിളക്കമാണ് നോറോ വൈറസ് ബാധ മൂലം അനുഭവപ്പെടുക. വയറുവേദന, ഛര്‍ദ്ദി, മനംമറിച്ചില്‍, പനി, തലവേദന, ശരീരവേദന തുടങ്ങിയവയാണ് രോഗ ലക്ഷണങ്ങള്‍. ഛര്‍ദ്ദി, വയറിളക്കം എന്നിവ മൂര്‍ച്ഛിച്ചാല്‍ നിര്‍ജലീകരണം സംഭവിക്കുകയും ഗുരുതരാവസ്ഥയിലേക്ക് പോകുകയും ചെയ്യും. അതിനാൽ ഈ വൈറസിനെ ഭയക്കേണ്ടതുണ്ട്.
വളരെപ്പെട്ടെന്ന് രോഗം പകരുന്നതിനാല്‍ വളരെയേറെ ശ്രദ്ധിക്കണം. വൈറസ് ബാധിതര്‍ ഡോക്ടറുടെ നിര്‍ദേശാനുസരണം വീട്ടിലിരുന്ന് വിശ്രമിക്കണം.
ഒ.ആര്.എസ് ലായനി, തിളപ്പിച്ചാറ്റിയ വെള്ളം എന്നിവ നന്നായി കുടിക്കേണ്ടതുമാണ്. ആവശ്യമെങ്കില്‍ ചികിത്സ ലഭ്യമാക്കണം. രോഗം മാറി രണ്ട് ദിവസങ്ങള്‍ വരെ വൈറസ് പടരാന്‍ സാധ്യതയുള്ളതിനാല്‍ രണ്ട് ദിവസം കഴിഞ്ഞ് മാത്രമേ പുറത്തിറങ്ങാന്‍ പാടുള്ളൂ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.