കോവിഡ് മരുന്നു ഗവേഷണത്തിൽ നേട്ടവുമായി മലയാളി ശാസ്ത്രജ്ഞർ
text_fieldsവൈത്തിരി: ലോകമാകമാനം വ്യാപിച്ച കോവിഡ് മഹാമാരിയെ പ്രതിരോധിക്കാൻ വാക്സിനുകൾക്കൊപ്പം ചികിത്സയും കണ്ടെത്താനുള്ള ശ്രമങ്ങൾക്ക് മുതൽക്കൂട്ടായി മലയാളി ശാസ്ത്രജ്ഞരുടെ കണ്ടുപിടിത്തം. കോവിഡ് മരുന്ന് മേഖലയിൽ ഗണ്യമായ മാറ്റത്തിന് വഴിവെക്കുന്ന കണ്ടുപിടിത്തം നടത്തിയിരിക്കുകയാണ് മലയാളി ശാസ്ത്രജ്ഞരുടെ നേതൃത്വത്തിലുള്ള ഗവേഷക സംഘം. അന്താരാഷ്ട്ര ജേണലായ സൗദി ജേണൽ ഓഫ് ബയോളജിക്കൽ സയൻസസിലെ ഏറ്റവും പുതിയ ലക്കത്തിൽ ഇതുസംബന്ധിച്ച ശാസ്ത്രലേഖനം പ്രസിദ്ധപ്പെടുത്തി.
കോവിഡ് മരുന്ന് വികസിപ്പിക്കുന്നതിൽ കാര്യമായ സംഭാവന നൽകുന്നതിന് ഉതകുന്ന ഈ ഗവേഷണ ഫലം ലോകാരോഗ്യ സംഘടനയുടെ കോവിഡ് ഗവേഷണം സംബന്ധിച്ച പ്രസിദ്ധീകരണങ്ങളുടെ പട്ടികയിലും ഇടം നേടിയിട്ടുണ്ട്.
തങ്ങളുടെ പഠനത്തിലൂടെ, കോവിഡുമായി ബന്ധപ്പെട്ട ജീവൻ അപകടപ്പെടുത്തുന്ന സങ്കീർണതകൾക്കുള്ള പ്രതിവിധി കണ്ടെത്താനാകുമെന്ന് പ്രതീക്ഷിക്കുന്നതായി സംഘത്തിലെ പ്രധാനിയും മലപ്പുറം പെരിന്തൽമണ്ണയിലെ മൗലാന കോളജ് ഓഫ് ഫാർമസിയിലെ ഫാർമസ്യൂട്ടിക്കൽ വിഭാഗം പ്രഫസറുമായ ഡോ. പി.പി. നസീഫ് പറഞ്ഞു.
'കോവിഡിെൻറ തീവ്രത നിർണയിക്കുന്നതിൽ ശരീരത്തിലെ ഇരുമ്പിെൻറ രാസവിനിമയം പ്രധാന പങ്കുവഹിക്കുന്നു. ഇത് നിയന്ത്രിക്കുന്ന സംയുക്തമാണ് ഫെറിറ്റിൻ. രക്തത്തിലെ ഫെറിറ്റിൻ വർധന, കോവിഡ് കാരണം ജീവൻ അപകടപ്പെടുത്തുന്ന സങ്കീർണതകളുമായി ബന്ധപ്പെട്ടിരിക്കുന്നു. കോവിഡിനെ പ്രതിരോധിക്കാനുള്ള ചികിത്സയിൽ പ്രധാന മാർഗമായി തങ്ങൾ ഫെറിറ്റിൻ നിർദേശിക്കുന്നുവെന്ന് ഗവേഷണത്തിന് നേതൃത്വം നൽകിയ കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് സർവകലാശാലയിലെ അനിമൽ ബ്രീഡിങ് ആൻഡ് ജനറ്റിക്സ് വിഭാഗം അസി. പ്രഫസർ ഡോ. മുഹമ്മദ് എളയടത്ത് മീത്തൽ പറഞ്ഞു. വിശാലമായ സഹകരണത്തിലൂടെ ഈ മേഖലയിൽ പഠനം വ്യാപിപ്പിക്കുകയാണ് ലക്ഷ്യമെന്ന് ഇവർ വ്യക്തമാക്കുന്നു.
ഇന്ത്യൻ സ്ഥാപനങ്ങളിൽനിന്നുള്ള ഗവേഷകർക്ക് പുറമേ, സൗദി അറേബ്യയിലെ കിങ് ഖാലിദ് സർവകലാശാലയിലെ ഡോ. മുഹമ്മദ് സഹീർ കുരുണിയനും ഗവേഷണത്തിൽ പങ്കാളിയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.