പുരുഷൻമാരിലും മെനോപോസ്? ലക്ഷണങ്ങൾ ഇങ്ങനെ...
text_fieldsമെനോപോസ് എന്നത് സ്ത്രീകളിലെ ആർത്തവ വിരാമത്തെ കുറിച്ച് സൂചിപ്പിക്കുന്ന പദമാണ്. എന്നാൽ പുരുഷൻമാർക്കും മെനോപോസ് ഉണ്ടാകുമെന്നാണ് പഠനങ്ങൾ പറയുന്നത്. പുരുഷൻമാരിൽ പതിവായി ശരീര ഭാരം കുറയുക, ഹോർമോൺ വ്യതിയാനം കൊണ്ട് ശരീരത്തിലെ ഊഷ്മാവ് അനിയന്ത്രിതമായി രീതിയിൽ വർധിക്കുക, ലൈംഗിക താൽപര്യം കുറയുക എന്നീ ലക്ഷണങ്ങളുണ്ടെങ്കിൽ അത് മെനോപോസ് ആകാമെന്നാണ് പറയുന്നത്. ഈ ശാരീരിക അവസ്ഥയെ ആൻഡ്രോപോസ് എന്നാണ് പറയുക. സ്ത്രീകളിലെ മെനോപോസിന് കൃത്യമായ നിർവചനങ്ങളും ലക്ഷണങ്ങളുമുണ്ട്. എന്നാൽ പുരുഷൻമാരിലെ ശാരീരിക മാറ്റങ്ങൾ ആർക്കും മനസിലാകണമെന്നില്ല. അതിനെ കുറിച്ച് കൂടുതൽ ഗവേഷണം നടന്നിട്ടുമില്ല.
മെനോപോസിലൂടെ കടന്നു പോകുന്ന ഒരു പുരുഷന്റെ ടെസ്റ്റോസ്റ്റിറോണിന്റെ അളവ് പെട്ടെന്ന് കുറയും. ആൻഡ്രോജനുകൾ അഥവാ പുരുഷ ഹോർമോണുകളിൽ ഏറ്റവുമധികം ഉൽപാദിക്കപ്പെടുന്നത് ടെസ്റ്റോസ്റ്റിറോൺ ആണ്. പ്രായമാകും തോറും പുരുഷൻമാരിൽ ബീജത്തിന്റെ ഉൽപ്പാദനം കുറയുകയും ഈ ഹോർമോൺ പ്രവർത്തനം ഇല്ലാതാവുകയും ചെയ്യും. ഈ അവസ്ഥയാണ് യഥാർഥത്തിൽ ആൻഡ്രോപോസ്.
പ്രായമാകും തോറും സ്ത്രീകളെ പോലെ തന്നെ പുരുഷൻമാരിലും മാറ്റങ്ങൾ പ്രകടമാണ്. മുടി നരക്കുക, പേശികളുടെ ബലക്ഷയം എന്നിവ ലക്ഷണങ്ങളിൽ ചിലതാണ്. മറ്റൊന്നാണ് ടെസ്റ്റോസ്റ്റിറോണിന്റെ ഉൽപ്പാദനം കുറയുന്നത്.
മെനോപോസ് കാലത്ത് പുരുഷൻമാർക്ക് ജോലിയിൽ സമ്മർദം, വൈവാഹിക ജീവിതത്തിൽ പ്രശ്നങ്ങൾ, മറ്റ് ഹോർമോൺ വ്യതിയാനങ്ങൾ എന്നിവ അനുഭവപ്പെടാമെന്ന് ന്യൂഡൽഹിയിലെ മദേഴ്സ് ലാപ് ഐ.വി.എഫ് സെന്ററിലെ ഡോ. ശോഭ ഗുപ്ത പറയുന്നു. പ്രായമാകുമ്പോൾ പുരുഷൻമാരിൽ ടെസ്റ്റിസ്റ്റിറോൺ ഉൽപ്പാദനം കുറയും. പ്രമേഹ ബാധിതനാണെങ്കിലും ഇത് സംഭവിക്കുമെന്നും ഡോക്ടർ പറയുന്നു. ക്ഷീണം, ശ്രദ്ധക്കുറവ്, ലൈംഗിക താൽപര്യമില്ലായ്മ, പേശീക്ഷയം, ശരീരത്തിൽ ചൂട് അനുഭവപ്പെടുക, എപ്പോഴും വിയർക്കുക, കൈകളും പാദങ്ങളും തണുത്തിരിക്കുക, ശരീരമാസകലം വേദന എന്നിവയാണ് മെനോപോസ് ആകുമ്പോൾ ശരീരം കാണിക്കുന്ന ചില ലക്ഷണങ്ങൾ. ഏതാണ്ട് 40 വയസു മുതൽ ആൻഡ്രോപോസ് തുടങ്ങാം. ആരോഗ്യകരമായ ഭക്ഷണം, പതിവായി ശാരീരിക പരിശോധന നടത്തുക, വ്യായാമം, എയ്റോബിക്സ് എന്നിവ കൊണ്ട് ആൻഡ്രോപോസ് കാലവും മറികടക്കാമെന്നും ഡോക്ടർ ശോഭ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.