ആരോഗ്യ രംഗത്തെ ദേശീയ പദ്ധതികൾ നടപ്പാക്കുന്നതിൽ കേരളം മുന്നിൽ
text_fieldsന്യൂഡൽഹി: മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ സ്ത്രീകളിലും കുട്ടികളിലും പോഷകാഹാരക്കുറവും വിളർച്ചയും കുറവാണെന്ന് പഠന റിപ്പോർട്ട്. ആരോഗ്യ മേഖലയിലെ ദേശീയ പദ്ധതികൾ നടപ്പിലാക്കുന്നതിലും കേരളം മുന്നിലാണെന്നാണ് പഠനത്തിൽ പറയുന്നത്. ദേശീയ ആരോഗ്യ സർവേ വിവരങ്ങൾ അടിസ്ഥാനമാക്കിയും ഇന്ത്യയിലെ പ്രധാനപ്പെട്ട അഞ്ച് ദേശീയ പദ്ധതികൾ വിശകലനം ചെയ്തുമാണ് ഹാർവർഡ് യൂനിവേഴ്സിറ്റിയും ജോഗ്രഫിക് ഇൻസൈറ്റ്സ് ലാബും പഠന റിപ്പോർട്ട് തയാറാക്കിയത്.
2022 ഓടെ വിളർച്ച ബാധിതരുടെ നിരക്ക് 32% ആയി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്കരിച്ച 'അനീമിയ മുക്ത് ഭാരത്', 'ബേട്ടി ബച്ചാവോ ബേട്ടി പഠാവോ', എല്ലാകുട്ടികൾക്കും പ്രതിരോധ കുത്തിവയ്പ്പ് ഉറപ്പാക്കുന്നതിനുള്ള പദ്ധതിയായ 'ഇന്ദ്രധനുഷ്', 'പോഷൺ അഭിയാൻ', ഗർഭിണികൾക്ക് സാമ്പത്തിക സഹായം നൽകുന്ന പ്രധാനമന്ത്രി 'മാതൃ വന്ദന യോജന' എന്നീ പദ്ധതികളാണ് പഠനത്തിനായി വിശകലനം ചെയ്തത്.
രാജ്യത്ത് കുട്ടികളിലും സ്ത്രീകളിലും വിളർച്ച വർധിക്കുകയാണെന്നും പ്രസവസമയത്ത് സ്ത്രീകളിലുണ്ടാവുന്ന വിളർച്ച അടുത്ത തലമുറയിലേക്ക് കൈമാറപ്പെടുന്നതിനാൽ ഇത് നിയന്ത്രിക്കുന്നതിനായി ശ്രദ്ധിക്കണമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. രാജ്യത്തെ നിരവധി ജില്ലകളിൽ സ്ത്രീകളും കുട്ടികളും പോഷകാഹാരക്കുറവ് നേരിടുന്നുണ്ട്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം, മണിപ്പൂർ, ഗോവ എന്നിവിടങ്ങളിൽ കുട്ടികളിലും സ്ത്രീകളിലും വിളർച്ച കുറവാണ്. എന്നാൽ ബീഹാർ, ഝാർഖണ്ഡ്, ഗുജറാത്ത്, ഉത്തർപ്രദേശ്, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലാണ് വിളർച്ച കൂടുതൽ. കൂടാതെ, ലഡാക്കിലും ജമ്മു -കാശ്മീരിലും വിളർച്ച ബാധിതരുടെ എണ്ണം കൂടുതലാണ്.
അതുപോലെ വിളർച്ച നേരിടുന്നതിനായുള്ള പദ്ധതികൾ നടപ്പിലാക്കുന്നതിലും കേരളം മുന്നിലാണ്. കേരളത്തെ കൂടാതെ മണിപ്പൂർ, ഗോവ എന്നീ സംസ്ഥാനങ്ങളും പദ്ധതികൾ നടപ്പിലാക്കുന്നുണ്ട്. എന്നാൽ വിളർച്ച നിരക്ക് കൂടുതലുള്ള സംസ്ഥാനങ്ങളായ ഗുജറാത്തും ബീഹാറും ഝാർഖണ്ഡും പദ്ധതികൾ നടപ്പിലാക്കുന്നതിലും പിന്നിലാണെന്നും പഠനത്തിൽ പറയുന്നു.
ലിംഗാനുപാത നിരക്ക് അസന്തുലിതാവസ്ഥയും പഠനം തുറന്നുകാട്ടുന്നു. കേരളത്തിലെ ആലപ്പുഴയിൽ ജനനനിരക്കിൽ പെൺകുട്ടികളാണ് കൂടുതൽ എന്നും എന്നാൽ മധ്യപ്രദേശിലെ സത്ന ജില്ലയിൽ ജനനനിരക്കിൽ ആൺകുട്ടികളാണ് മുന്നിലെന്നും ഉദാഹരണമായി പഠനത്തിൽ പറയുന്നു. ഇന്ത്യയിലെ ലിംഗാനുപാത അസന്തുലിതാവസ്ഥക്കുപുറമെ പ്രതിരോധ കുത്തിവെപ്പുകൾ നടപ്പാക്കുന്നതിൽ അസമത്വവും നിലനിൽക്കുന്നുണ്ടെന്നും വിദഗ്ധർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.