ബറക്കുഡ മത്സ്യത്തിന്റെ കുത്തേറ്റ് യുവാവിന്‍റെ സുഷുമ്ന നാഡിക്ക് ഗുരുതര പരിക്ക്
text_fieldsകൊച്ചി: മത്സ്യബന്ധനത്തിനിടെ അപകടകാരിയായ ബറക്കുഡ മത്സ്യത്തിന്റെ കുത്തേറ്റ് ഗുരുതര പരിക്കേറ്റ മാലദ്വീപ് സ്വദേശിക്ക് ചികിത്സയിൽ പുതുജീവൻ. കൊച്ചി അമൃത ആശുപത്രിയിലാണ് 32 വയസ്സുകാരന് വിദഗ്ധ ചികിത്സ നൽകിയത്.
കടലിനടിയിലെ രാത്രി മത്സ്യബന്ധനത്തിനിടെയാണ് യുവാവിനെ ടൈഗർ ഫിഷ് ഗണത്തിൽപെടുന്ന ബറക്കുഡ മത്സ്യം ആക്രമിച്ചത്. മത്സ്യത്തിന്റെ കുത്തേറ്റ് കഴുത്തിന് പിറകിലുള്ള നട്ടെല്ല് തകരുകയും സുഷുമ്ന നാഡിക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്ത യുവാവിനെ ആദ്യം സ്വദേശത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമായതിനാൽ എയർ ലിഫ്റ്റ് ചെയ്ത് അമൃതയിൽ എത്തിക്കുകയായിരുന്നു.
മത്സ്യത്തിന്റെ പല്ല് സുഷുമ്ന നാഡിയിൽ തറച്ചതിനാൽ യുവാവിന്റെ ഇടതുകൈയും കാലും തളർന്ന അവസ്ഥയിലായിരുന്നു. തുടർന്ന് നടത്തിയ വിദഗ്ധപരിശോധനയിൽ കഴുത്തിലെ സുഷുമ്ന നാഡിയിൽ മത്സ്യത്തിന്‍റെ പല്ലിന്‍റെ പത്തിലധികം ഭാഗങ്ങൾ തറച്ചതായും കണ്ടെത്തി. ന്യൂറോ സർജറി വിഭാഗം മേധാവി ഡോ. സജേഷ് മേനോന്റെയും ഡോ. ഡാൽവിൻ തോമസിന്‍റെയും നേതൃത്വത്തിലുള്ള വിദഗ്ധസംഘം ശസ്ത്രക്രിയക്ക് വിധേയമാക്കി. ഗുരുതരാവസ്ഥ തരണംചെയ്ത യുവാവിനെ വാർഡിലേക്ക് മാറ്റി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.