വൈറസ് രൂപം മാറുന്നു; വാക്സിനെടുത്തവർ മാസ്കും സാമൂഹിക അകലവും തുടരണം -എയിംസ് മേധാവി
text_fieldsന്യൂഡൽഹി: കൊറോണ വൈറസിെൻറ വിവിധ വകഭേദങ്ങളുണ്ടാവുകയും അത് പടർന്നുപിടിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ആളുകളുടെ ഇടയിൽ വാക്സിൻ ഫലപ്രാപ്തിയെക്കുറിച്ചുള്ള അനിശ്ചിതത്വം വർധിച്ചുകൊണ്ടിരിക്കുകയാണ്. പൂർണമായി വാക്സിനേഷൻ ലഭിച്ച ആളുകൾക്ക് മാസ്ക് ധരിക്കേണ്ട ആവശ്യമില്ലെന്നും മഹാമാരിക്ക് മുമ്പുള്ളതുപോലെ ജീവിച്ചു തുടങ്ങാമെന്നുമാണ് യു.എസിലെ സെൻറർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടത്.
എന്നാൽ, ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) ഡയറക്ടർ ഡോ. രൺദീപ് ഗുലേറിയ അതിലുള്ള വിയോജിപ്പ് രേഖപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ്. രണ്ട് ഡോസ് വാക്സിൻ കുത്തിവെപ്പ് എടുത്തവർ പോലും മാസ്ക് ധരിക്കുന്നതും ശാരീരിക അകലം പാലിക്കുന്നതും തുടരേണ്ടതുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. വാക്സിനെടുത്തവർ മാസ്ക് ധരിക്കേണ്ടതില്ലെന്നും സാമൂഹിക അകലം പാലിക്കേണ്ടതില്ലെന്നുമൊക്കെ പ്രഖ്യാപിക്കുന്നത് ഇന്ത്യ പോലുള്ള രാജ്യത്ത് പ്രത്യേകിച്ച് വൈറസ് മ്യൂേട്ടഷൻ സംഭവിക്കുന്ന സാഹചര്യത്തിൽ പ്രായോഗികമല്ലെന്നാണ് സർക്കാർ ഉദ്യോഗസ്ഥരും മെഡിക്കൽ വിഭാഗവും മുന്നറിയിപ്പ് നൽകുന്നത്.
''കൂടുതൽ ഡാറ്റ ലഭിക്കുന്നത് വരെ ജാഗ്രത പാലിക്കൽ തുടരേണ്ടതുണ്ട് എന്നാണ് കരുതുന്നത്. വൈറസ് അതിബുദ്ധിമാനാണ്, അതിന് പരിവർത്തനം സംഭവിച്ചുകൊണ്ടിരിക്കുകയാണ്, അതുകൊണ്ട് തന്നെ പുതുതായി പൊങ്ങിവരുന്ന വകഭേദങ്ങളിൽ നിന്ന് വാക്സിൻ എത്രത്തോളം സംരക്ഷണം നൽകുന്നുണ്ട് എന്ന് ഞങ്ങൾക്ക് ഇപ്പോൾ പറയാനാകില്ല. മാസ്ക് ധരിക്കലും ശാരീരിക അകലം പാലിക്കലും തുടരുക തന്നെ ചെയ്യണം, കാരണം, വൈറസിെൻറ ഏത് വകഭേദമായാലും അവ രണ്ടും പാലിച്ചാൽ സംരക്ഷണം ലഭിക്കും''. -ഡോ. ഗുലേറിയ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.
അതേസമയം, കോവിഡ് സുരക്ഷാ മാനദണ്ഡങ്ങളുമായി ബന്ധപ്പെട്ട് വാക്സിനെടുത്തവർക്ക് നൽകിയിട്ടുള്ള നിർദേശങ്ങൾ തൽക്കാലത്തേക്ക് പരിഷ്കരിക്കാനുള്ള പദ്ധതിയില്ലെന്ന് ആരോഗ്യ മന്ത്രാലയവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്. ''ഈ ഘട്ടത്തിൽ ഞങ്ങൾക്ക് അത്തരമൊരു റിസ്ക് എടുക്കാനാവില്ല, കുറച്ചുപേർക്ക് മാത്രമായിരുന്നുവെങ്കിലും വാക്സിൻ എടുത്തവരിലും അണുബാധകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മാസ്കുകൾ ഒഴിവാക്കാൻ തൽക്കാലത്തേക്ക് അനുവാദം നൽകാൻ കഴിയില്ല''. ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.
വാക്സിനേഷൻ പ്രോത്സാഹിപ്പിക്കുന്നതിനും, അമേരിക്കയിലെ സാമ്പത്തിക പ്രവർത്തനങ്ങൾ പുനരാരംഭിക്കാനുമുള്ള സർക്കാറിെൻറ ലക്ഷ്യവുമായാണ് സിഡിസിയുടെ വാഗ്ദാനങ്ങളെ വിദഗ്ധർ ബന്ധപ്പെടുത്തുന്നത്. യുഎസിലുടനീളം നിലനിൽക്കുന്ന വാക്‌സിൻ വിരുദ്ധതയും ചിലർ ഉയർത്തിക്കാട്ടുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.