പണം നൽകിയിട്ടും മരുന്ന് നൽകിയില്ല; രോഗികൾ ദുരിതത്തിൽ
text_fieldsമൊഗ്രാൽപുത്തൂർ: ഗ.വ ഹോമിയോ ഡിസ്പെൻസറിയിൽ അവശ്യ മരുന്ന് എത്തിക്കാനായി പുത്തൂർ ഗ്രാമപഞ്ചായത്ത് സർക്കാരിന്റെ കീഴിലുള്ള ഏജൻസിക്ക് മുൻകൂറായി നൽകിയത് ഏഴു ലക്ഷം രൂപ.
2021 - 22ൽ 3,50,000രൂപയും, 2022 - 23 ലെ പദ്ധതി പ്രകാരം 3,50,000 രൂപയുമാണ് മരുന്നിനായി നൽകിയത്. എന്നാൽ വർഷം രണ്ടുകഴിഞ്ഞിട്ടും മരുന്ന് മാത്രം കിട്ടിയില്ല. പഞ്ചായത്ത് പ്രസിഡന്റടക്കം ഇതിന് നേതൃത്വം നൽകുന്നവരെ ബന്ധപ്പെട്ടപ്പോഴെല്ലാം മുൻഗണനാടിസ്ഥനത്തിൽ മരുന്ന് എത്തിക്കും എന്നായിരുന്നു മറുപടി. പദ്ധതി കാലയളവ് കഴിഞ്ഞ് ഒരു വർഷമായിട്ടും മരുന്ന് എത്തിക്കാൻ ഒരു നടപടിയും ഇല്ല. മരുന്ന് എത്തിക്കാത്തതിനാൽ ശക്തമായ പ്രതിഷേധം ജനങ്ങൾക്കിടയിൽ ഉയരുന്നുണ്ട്. 2021 - 22 വർഷത്തെ മരുന്ന് പോലും എത്തിയില്ല.
ദിവസവും 80 - 100 ലേറെ രോഗികൾ ഈ ഡിസ്പെൻസറിയിൽ ചികിത്സ തേടി എത്തുന്നുണ്ട്. ആവശ്യമായ മരുന്ന് ലഭിക്കാത്തതിനാൽ രോഗികൾ ഏറെ വിഷമിക്കുന്ന സ്ഥിതിയാണ്. ഹോംകോയുടെ നേതൃത്വത്തിലാണ് മരുന്ന് എത്തിക്കേണ്ടത്. പണം നൽകിയിട്ടും ആവശ്യമരുന്ന് എത്തിക്കാത്ത നടപടിയിൽ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സമീറ ഫൈസലിന്റെ അധ്യക്ഷതയിൽ ചേർന്ന ഹോമിയോ ഡിസ്പെൻസറി എച്ച്.എം.സി യോഗം ശക്തമായി പ്രതിഷേധിച്ചു.
എത്രയും വേഗത്തിൽ മരുന്ന് എത്തിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
ജില്ല പഞ്ചായത്ത് മെംബർ ജമീല സിദ്ദീക്ക്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻമാരായ പ്രമീള മജൽ, കദീജ, ഗ്രാമപഞ്ചായത്തംഗം നൗഫൽ പുത്തൂർ, മാഹിൻ കുന്നിൽ, കെ. യോഗേഷ്, ഡോ. ഇ.കെ. സോയ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.