മെഡിസെപ്: കാലാവധി തീരാറായി; കരാർ ഇപ്പോഴും പരമരഹസ്യം
text_fieldsതിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്പിന്റെ കാലാവധി തീരാൻ ഒരു വർഷം മാത്രം ശേഷിക്കുമ്പോഴും ഇൻഷുറൻസ് കമ്പനിയുമായുള്ള കരാർ പരമരഹസ്യമാക്കി സർക്കാർ. 2022 ജൂലൈ ഒന്നുമുതൽ 2025 ജൂൺ 30 വരെ മൂന്ന് വർഷത്തേക്കാണ് കരാർ.
ഇതുസംബന്ധിച്ച് നിയമസഭയിൽ ഉന്നയിച്ച ചോദ്യങ്ങൾക്ക് ‘ഇൻഷുറൻസ് കമ്പനിയുമായി നടത്തിയ കരാറിന്റെ രജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിക്കാത്ത സാഹചര്യത്തിൽ കരാർ പരസ്യപ്പെടുത്താൻ കഴിയില്ല’ എന്നാണ് ധനമന്ത്രിയുടെ മറുപടി. സർക്കാർ ജീവനക്കാരും പെൻഷൻകാരും ആശ്രിതരുമടക്കം 30 ലക്ഷത്തോളം പേർ അംഗങ്ങളായ പദ്ധതിയുടെ കരാർ രഹസ്യമാക്കുന്നതെന്തിനെന്ന ചോദ്യത്തിനും ഉത്തരമില്ല.
കാഷ്ലെസ് സംവിധാനം അവസാനിപ്പിച്ചത് മുതൽ പാക്കേജുകളുടെ പേരിലെ പ്രഹസനവും ആശുപത്രികൾ മെഡിസെപ് കാർഡ് സ്വീകരിക്കാത്തതുമടക്കം പദ്ധതി ജീവനക്കാരെയും ആശ്രിതരെയും വട്ടം കറക്കാൻ തുടങ്ങിയിട്ട് ഏറെനാളായി. മെഡിസെപ്പിന്റെ മറവിൽ കെ.ജി.എസ്.എം.എ റൂൾസ് പ്രകാരം ജീവനക്കാർക്കുള്ള മെഡിക്കൽ റീ ഇമ്പേഴ്സ്മെന്റ് സംവിധാനവും അവസാനിപ്പിച്ചിരുന്നു.
നിയമബാധ്യതയിൽനിന്ന് തലയൂരി
സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ആരോഗ്യ പരിപാലനം സര്‍ക്കാറിന്റെ ഉത്തരവാദിത്തമാണെന്ന് വ്യവസ്ഥ ചെയ്യുന്നതാണ് 1960ലെ കേരള ഗവ. സർവന്‍സ് മെഡിക്കൽ അറ്റന്റൻസ് റൂൾസ് (കെ.ജി.എസ്.എം.എ). ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ് ആരംഭിച്ചെങ്കിലും കെ.ജി.എസ്.എം.എ പ്രകാരമുള്ള റീ ഇമ്പേഴ്സ്മെന്റ് സംവിധാനം തുടരുമെന്നായിരുന്നു അന്ന് സർക്കാർ പ്രഖ്യാപിച്ചത്.
നിയമസഭ പാസാക്കിയതിനാൽ നിയമപ്രാബല്യമുണ്ടെന്നതായിരുന്നു കാരണം. എന്നാൽ ‘മെഡിസെപ് വന്നശേഷം സർക്കാർ അംഗീകൃത സ്വകാര്യ ആശുപത്രികളിലെ ചികിത്സക്ക് കെ.ജി.എസ്.എം.എ റൂൾ പ്രകാരം മെഡിക്കൽ റീ ഇമ്പേഴ്സ്മെന്റ് അനുവദിക്കുന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ലെന്നാണ്’ സർക്കാർ നിലപാട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.