റെഡ് കളർ നിപ്പിൾ ചാർജ്...ക്രമം തെറ്റിയ ആർത്തവം; ഒടുവിൽ ബ്രസ്റ്റ് സർജറിയിലേക്ക്
text_fieldsബ്രസ്റ്റ് സർജറിക്ക് വിധേയമായതിന്റെ ഓർമകൾ പങ്കുവെക്കുകയാണ് കട്ടപ്പന ഗവ. കോളജ് അധ്യാപികയായ നിഷാ സിദ്ധിഖ്
ആദ്യ പ്രഗ്നന്റ്സിയുടെ സമയത്താണ് PCOD ( പോളി സിസ്റ്റിക് ഓവറി ഡിസീസ് ) ആണെന്ന് സ്കാനിങ്ങിലൂടെ മനസ്സിലാക്കുന്നത്. നോർമൽ പ്രഗ്നൻസി ആയതിനാലും കുഞ്ഞിന് യാതൊരു വിധത്തിലെ പ്രശ്നങ്ങൾ ഇല്ലാത്തതിനാലും അതിനെ കാര്യമായി എടുക്കേണ്ടി വന്നില്ല. പലപ്പോഴായി ആരോഗ്യ പ്രശ്നങ്ങൾ രൂക്ഷമാകുമ്പോൾ ഒരു ശരാശരി മലയാളി വീട്ടമ്മയെ പോലെ ചെറുപ്പം മുതൽ കാണിക്കുന്ന വീടിനടുത്തുള്ള വിജയകുമാർ എന്ന ഡോക്ടറെ പോയി കാണും. അത്യാവശ്യം മരുന്ന് കഴിക്കും… ഓക്കേ ആകും… പിന്നെ അതങ്ങ് വിടും… അതാണ് പതിവ്. അങ്ങനെ വലിയ കുഴപ്പങ്ങളില്ലാതെ ജീവിതം മുമ്പോട്ട് പോയി കൊണ്ടിരിക്കവേ ആണ് വീട്ടിൽ കോവിഡ് അപ്രതീക്ഷിത വില്ലനായി വന്നത്. ഒരുപാട് പ്രിയപ്പെട്ട പലരെയും കോവിഡ് തളർത്തി. ഏറ്റവും പ്രിയപെട്ടവരിൽ ഒരാൾ ഏകദേശം മൂന്നു മാസത്തോളം കോവിഡ് ബാധിച്ചു കോട്ടയം കാരിതാസ് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. കുറച്ചു മാസങ്ങൾ ആയിട്ടുള്ള തുടർച്ചയായ മാനസിക സമ്മർദ്ദവും ഉറക്കമില്ലായ്മയും കൊണ്ടാവാം ശരീരം പ്രതികരിച്ചു തുടങ്ങിയതായി തോന്നി തുടങ്ങി. അതിന്റെ ആദ്യ ലക്ഷണം എട്ടു മാസത്തോളം പീരിയഡ്‌സ് ഇല്ലാത്തതായിരിന്നു. ആ സമയത്തെ ബുദ്ധിമുട്ട് പലപ്പോളും അസ്സഹനീയമായതിനാൽ ഹോസ്പിറ്റൽ ദിവസങ്ങളിൽ അതൊരു അനുഗ്രഹമായി കണ്ടു എന്ന് തന്നെ പറയാം.
അങ്ങനെ ഒരു വിധം ഹോസ്പിറ്റൽ കേസുകൾ ഒതുങ്ങിയപ്പോൾ അനിയത്തിയുടെയും ഭർത്താവിന്റെയും നിർബന്ധപ്രകാരം മറ്റൊരു ഗൈനക്കോളജിസ്റ്റിനെ കാണാൻ തീരുമാനിച്ചു. അപ്പോഴാണ് അടുത്ത പ്രശ്നം. കൂടെ കൂടെ റെഡ് കളർ നിപ്പിൾ ഡിസ്ചാർജ്… എന്നിൽ ഉറങ്ങി കിടന്ന ഡോക്ടർ എണീറ്റൂ… അത് പീരീയഡ്‌സ് വരാത്തതുമായി ബന്ധപ്പെട്ട പ്രശ്നമാണെന്ന് ഞാൻ വീട്ടിൽ ശക്തമായി വാദിച്ചു. പക്ഷേ, അനിയത്തിയുടെയും വീട്ടുകാരുടെയും നിർബന്ധം സഹിക്കാൻ പറ്റാതായപ്പോൾ എന്തായാലും ഡോക്ടറെ കാണാൻ തീരുമാനിച്ചു.
റിപ്പോർട്ട് കണ്ടപ്പോൾ തല കറങ്ങുന്ന പോലെ...
അങ്ങനെ വീടിനടുത്തുള്ള ഒരു പ്രൈവറ്റ് ഹോസ്പിറ്റലിൽ പോയി. ഡോക്ടർ മാറ് പരിശോധിച്ചു.. പ്രത്യേകിച്ച് മുഴയോ തടിപ്പോ ഒന്നും കാണാനില്ല. എന്നാലും സൈറ്റോളജി എന്ന ടെസ്റ്റും ബ്രെസ്‌റ്റും യൂട്രസ്സും സ്കാനിങ്ങും അടുത്ത ദിവസം ചെയ്തിട്ട് വരാൻ പറഞ്ഞു വിട്ടു. ഇത്രേം ആയപ്പോൾ തന്നെ മനസ്സിൽ വെടിക്കെട്ട് തുടങ്ങി. എന്തായാലും മറ്റൊരു ഡോക്ടറുടെ കൂടി അഭിപ്രായം കേൾക്കണം എന്ന തീരുമാനത്തിൽ കോട്ടയം മെഡിക്കൽ കോളേജിലേക്ക് പോയി. അവിടെ ചെന്നപ്പോൾ ഇതേ ടെസ്റ്റുകൾ ചെയ്തു വരാൻ ഡോക്ടർ ആവശ്യപ്പെട്ടു. അങ്ങനെ പുറത്തു പോയി സൈറ്റോളജി ടെസ്റ്റ് ചെയ്തു. അതിൽ ‘മാലിഗ്നന്റ് സെൽസ്’ ഇല്ലെന്നുള്ളത് വലിയ ഒരു ആശ്വാസം ആയിരുന്നു.
എന്നാലും അടുത്ത പടി എന്ന നിലയിൽ സ്കാനിങ്ങിനായി പോയി. എന്റെ ഭാഗ്യം കൊണ്ടാണെന്നു ഞാൻ ഇന്ന് വിശ്വസിക്കുന്നു – ചെന്ന ദിവസം ഡോക്ടർ ഉണ്ടായിരുന്നില്ല. അത് കൊണ്ട് തന്നെ വേറെ ഒന്നും ആലോചിക്കാതെ കോട്ടയം മെഡിക്കൽ കോളേജിന് അടുത്തുള്ള യൂണിറ്റി എന്ന ലാബിൽ സ്കാനിങ് നടത്തി. സ്കാനിങ് സമയത്തെ ഡോക്ടറുടെ ചോദ്യങ്ങളും മുഖഭാവവും എന്നെ പേടിപ്പിച്ചു തുടങ്ങിയിരുന്നു. അത്യാവശ്യ സംശയങ്ങൾ ഗൂഗിൾ ഡോക്ടറോട് ചോദിച്ചിട്ട് പോയ കൊണ്ട് തന്നെ നെഞ്ചിടിപ്പ് കൂടുതൽ ആയിരുന്നു. ചില സംശയങ്ങൾ ചോദിച്ചപ്പോൾ ‘ഡോക്ടറോട് സംസാരിക്കൂ ‘ എന്ന ഡോക്ടറുടെ മറുപടി കൂടുതൽ ഭീതി ഉണ്ടാക്കി.
അര മണിക്കൂർ കഴിഞ്ഞപ്പോൾ റിപ്പോർട്ട് കയ്യിൽ കിട്ടി. ഞെട്ടലോടെ ആണ് അത് വായിച്ചത്. റിപ്പോർട്ടിൽ റൈറ്റ് ബ്രേസ്റ്റിൽ ഒരു വളർച്ച കണ്ടെത്തിയിട്ടുണ്ട് ( 9* 6 mm). അത് കണ്ടപ്പോൾ ചുറ്റും തല കറങ്ങുന്ന പോലെ തോന്നി. ഇത്തരം അവസ്ഥകളിൽ നമ്മുടെ മനസ്സിൽ ഉണ്ടാകുന്ന ചിന്തകൾക്ക് പരിധികൾ ഇല്ല. ( കടല് പോലെ പരന്ന, വേദനിപ്പിക്കുന്ന ചിന്തകൾ ). എന്ത് വന്നാലും നേരിടാതെ പറ്റില്ലല്ലോ! എന്തിനെയും നേരിടണം. അല്ലാതെ പറ്റില്ല എന്ന് മനസ്സിനെ നിരന്തരം ഓർമ്മിപ്പിച്ചു പഠിപ്പിച്ചു അടുത്ത ദിവസം മെഡിക്കൽ കോളേജ് സർജറി ഓ. പിയിൽ ടിക്കറ്റ് എടുത്ത് ഞാനും അനിയത്തിയും കാത്തിരുന്നു.
‘ഒരു അര മണിക്കൂർ ആലോചിക്കാൻ സമയം വേണം’
ഏകദേശം ഒരു മണി കഴിഞ്ഞാണ് ഡോക്ടറെ കാണാൻ സാധിക്കുന്നത്. ഒരു വലിയ കൂട്ടമാണ് സർജറി ഓ. പിയുടെ മുമ്പിൽ… കയ്യൊടിഞ്ഞവർ, കാലു മുറിച്ചവർ, ആക്‌സിഡന്റിൽ പെട്ടു മുറിവേറ്റവർ…. അങ്ങനെ ഒരുപാട് വലിയ കൂട്ടം… കൂടുതലും മറ്റു ജില്ലക്കാർ ആണ്… അങ്ങനെ കാത്തിരുന്നു കാത്തിരുന്നു ഒരു ഡോക്ടറുടെ ടേബിളിൽ എത്തപെട്ടു. Dr. വികാസ്… ആ പേര് ഇപ്പോഴും മറന്നിട്ടില്ല. ഏകദേശം മുപ്പതുകളിൽ പ്രായം. ഡോക്ടർ വിശദമായി കാര്യങ്ങൾ ചോദിച്ചു. വളരെ സിമ്പിൾ ആയി പറഞ്ഞു ‘ most probabaly, it will be cancerous cells.’ ചിലപ്പോൾ ഫാറ്റി ടിഷ്യൂ ആകാം… എന്തായാലും ഒരു സർജറി വേണം… അത് എത്രേം വേഗം നടത്തിയാൽ അത്രേം നല്ലത്. നിങ്ങൾ വെയിറ്റ് ചെയ്യു… എന്ന് പറഞ്ഞു സീനിയർ ഡോക്ടർമാരോട് സംസാരിക്കാൻ അദ്ദേഹം പോയി. കുറച്ചു സമയങ്ങൾക്ക് ശേഷം തിരിച്ചു വന്നു അദ്ദേഹം പറഞ്ഞു… “സ്ത്രീകളുടെ നിപ്പിൾസിന് ചുറ്റും കുറച്ചധികം മിൽക്ക് ഡക്റ്റുകൾ ഉണ്ട്. ടീച്ചറിന്റെ ഒരു മിൽക്ക് ഡക്റ്റിൽ ഒരു ചെറിയ ബ്ലോക്ക് കാണിക്കുന്നുണ്ട്. നമുക്ക് microductotomy എന്ന ഒരു ചെറിയ സർജറി ചെയ്യേണ്ടി വരും. അതിന്റെ ബിയോപ്സി റിസൾട്ട് വന്നാൽ മാത്രമേ എന്തെങ്കിലും പറയാൻ സാധിക്കൂ! ചിലപ്പോൾ ബ്രസ്റ്റ് കാൻസറിന്റെ തുടക്കം ആകാം. ചിലപ്പോൾ ഒന്നുമല്ലാതെയും ഇരിക്കാം… രണ്ട് ആണെങ്കിലും നിങ്ങൾ ലക്കി ആണ്… സാധരണ സ്ത്രീകളിൽ ഇത്രേം തുടക്ക അവസ്ഥയിൽ ഇത് കണ്ടെത്താൻ പറ്റാറില്ല… അത്കൊണ്ട് നമുക്ക് എത്രേം വേഗം സർജറി നടത്താം.”
ഞാനും അനിയത്തിയും അനക്കമില്ലാതെ ഇരിക്കുകയാണ്. ഡോക്ടർ തുടരുന്നു ” നിങ്ങൾക്ക് നല്ല ഭാഗ്യം ഉണ്ടെന്നേ ഞാൻ പറയൂ… ഇന്ന് അഡ്മിറ്റ് ആകുവാണെങ്കിൽ വ്യാഴാഴ്ച രാവിലെ നമുക്ക് സർജറി നടത്താം.. കോവിഡ് ആയ കൊണ്ട് അന്ന് സർജറി നടത്താൻ ഇരുന്ന ഒരാളുടെ സ്ലോട്ട് ഒഴിവുണ്ട്. സാധരണ, ഇങ്ങനെ ഒരു കേസിനു തീയതി കിട്ടാൻ കുറച്ചു മാസങ്ങൾ കാത്തിരിക്കേണ്ടി വരും.. അപ്പോൾ എങ്ങനാ, അഡ്മിറ്റ് എഴുതട്ടെ?
അതൊരു വലിയ ചോദ്യം ആയിരുന്നു. ഞാൻ ഡോക്ടറോട് പറഞ്ഞു ” എനിക്ക് ഒരു അര മണിക്കൂർ ആലോചിക്കാൻ സമയം വേണം. ഭർത്താവിനോട് ചോദിക്കണം. ” ഡോക്ടർ പത്തു മിനിട്ട് ആലോചിച്ചിട്ട് വേഗം മറുപടി പറയാൻ പറഞ്ഞു. തിരിച്ചിറങ്ങി ഭർത്താവിനെ വിളിച്ചു. കിട്ടിയില്ല… കുറച്ചു നേരം വെയിറ്റ് ചെയ്തു. എന്നിട്ട് പിന്നെ കൂടുതൽ ഒന്നും ആലോചിക്കാതെ അഡ്മിറ്റ് ആകാൻ സമ്മതം ആണെന്ന് ഡോക്ടറെ അറിയിച്ചു. ഡോക്ടർ ചോദിച്ചു, ‘ടീച്ചർക്ക് പേടി ഉണ്ടോ? ‘എത്ര ധൈര്യം ഉള്ളവർ ആണെങ്കിലും സ്വന്തം ദേഹത്ത് കത്തി വെക്കുമ്പോ പേടി തോന്നും ഡോക്ടറെ’ എന്ന് പറയാൻ മനസ്സിൽ വന്നു. പക്ഷേ, ഉള്ളതെല്ലാം തൊണ്ടയിൽ വന്നു തങ്ങി നിന്നു. “ഒന്നും പേടിക്കേണ്ട. 20 മിനിട്ട് മാത്രേ ഉള്ളു കാര്യം. ധൈര്യമായി ഇരിക്കൂ” എന്നും പറഞ്ഞു സർജറിക്കു മുമ്പായി ചെയ്യേണ്ട ഒരു നീണ്ട ലിസ്റ്റ് രക്ത പരിശോധനകൾക്കും, എക്സ് റേ, ഇ. സി. ജി തുടങ്ങിയവയ്ക്കും എഴുതി തന്നു. ഞങ്ങൾ ഡോക്ടറോട് ചോദിച്ചു വീട്ടിൽ പോയി സാധനങ്ങൾ എടുത്തിട്ട് വേഗം എത്താം എന്നു പറഞ്ഞു മടങ്ങി…
അപ്പോഴേക്കും ഫൈസലിന്റെ വിളി എത്തിയിരുന്നു. കക്ഷി എന്തോ മീറ്റിങ്ങിൽ ആയിരുന്നു. കാര്യം പറഞ്ഞപ്പോൾ ‘ഇപ്പോ അഡ്മിറ്റ് ആകണോ? നമുക്ക് വേറെ ഹോസ്പിറ്റലിൽ പോയാലോ?’ എന്നൊരു ചോദ്യം വന്നു.. ഞാൻ പറഞ്ഞു ” വേണ്ട, മെഡിക്കൽ കോളജിൽ തന്നെ മതി. ഞാൻ ഇവിടെ ഓക്കേ ആണ്. രോഗിക്ക് ഡോക്ടറെ വിശ്വാസം ഉണ്ടെങ്കിൽ പകുതി ഓക്കേ ആയി എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. അത് കൊണ്ട് ഇവിടെ മതി മാഷേ” എന്ന് ഉറപ്പിച്ചു പറഞ്ഞപ്പോൾ “വൈകുന്നേരത്തേക്ക് ഞാൻ എത്തിയേക്കാം. നിങ്ങൾ എല്ലാം ശരി ആക്കി” ക്കൊള്ളാൻ കക്ഷി പറഞ്ഞു. അങ്ങനെ, എല്ലാം ടെസ്റ്റുകളും ചെയ്യാൻ മെഡിക്കൽ കോളജിനടുത്തുത്തുള്ള സഹോദരൻ ജോലി ചെയുന്ന ലാബിൽ ഏല്പിച്ചു. ഒരു നാല് മണിയോടു കൂടി ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയി.
കർട്ടൻ മാറ്റിയപ്പോൾ കണ്ട കാഴ്ച ഞെട്ടിച്ചു
അങ്ങനെ സർജറി വാർഡിൽ പോയി അഡ്മിറ്റ് ആയി കാത്തിരുന്നു. ഭാഗ്യത്തിന് ബെഡ്ഡ് ഉണ്ടായിരുന്നു. കിട്ടിയ ബെഡ്ഡിന്റെ മൂന്നു വശങ്ങളും വലിയ കർട്ടൻ കൊണ്ട് മറച്ചിരുന്നു. എല്ലാ രോഗികളും വേദന കൊണ്ട് കരയുകയും നിലവിളിക്കുകയും ഒക്കെ ചെയ്യുന്നു. പ്രത്യേകിച്ച് ഒന്നും ചെയ്യാൻ ഇല്ലാതിരുന്ന ഞാൻ വെറുതെ അനിയത്തിയോട് സംസാരിച്ചു കൊണ്ടിരുന്നു.
അപ്രതീക്ഷിതമായാണ്, മുമ്പിലെ കർട്ടൻ മാറ്റപ്പെട്ടത്. കണ്ട കാഴ്ച വല്ലാതെ ഞെട്ടിച്ചു. ദേഹം പൂർണമായും പൊള്ളിയ ഒരു സ്ത്രീ ബാത്‌റൂമിലേക്ക് പോകാൻ എണീറ്റതാണ്. ദേഹം മുഴുവൻ തൊലി പോയി വെന്ത റോസ് നിറം. കണ്ണുകൾക്ക് മാത്രം കറുപ്പ്. വല്ലാതെ ഞെട്ടി.. ജീവിതത്തിലാദ്യത്തെ അനുഭവം ആണ്. മൂന്നു സൈഡിലും ദേഹമാസകലം പൊള്ളലേറ്റവർ… ഭയം മാറി വേദനിച്ചു തുടങ്ങി. മെഡിക്കൽ കോളജ് സത്യത്തിൽ ഒരു വലിയ യൂണിവേഴ്സിറ്റി ആണെന്ന് പലപ്പോളും തോന്നിയിട്ടുണ്ട്.
റൂം എടുക്കാമെന്ന് തീരുമാനിച്ചു തന്നെയാണ് ഞങ്ങൾ അഡ്മിറ്റ് ആയത്. എല്ലാം കാഴ്ചകളും കൂടി നമ്മളെ ബാധിച്ചു തുടങ്ങിയിരുന്നു. റൂമിനെ കുറിച്ച് ചോദിച്ചപ്പോൾ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഡോക്ടർ പറഞ്ഞു ” നിങ്ങൾക്ക് റൂം കിട്ടില്ല. ഈ സർജറിക്ക് വാർഡിൽ തന്നെ ആണ് അഡ്മിഷൻ “. വല്ലാതെ വിഷമിച്ചു. പതിയെ ബെഡ്ഡിൽ നിന്നും മാറി വരാന്തയിൽ പോയി ഇരുന്നു. കൂടെ അപ്പോഴും അനിയത്തി ആണ്. ഭർത്താവ് വന്നിട്ട് വേണം അവൾക്ക് പോകാൻ… അഡ്മിറ്റ് ആയി സന്ധ്യ ആകാറായിട്ടും ഒരു മരുന്നും തുടങ്ങിയിട്ടില്ല. ഡോക്ടർ വന്നപ്പോൾ ചോദിച്ചിട്ട് വീട്ടിൽ പോയി നാളെ രാവിലെ എത്തിയാൽ മതിയോ എന്ന് ചോദിക്കാൻ തീരുമാനിച്ചു.
25 നു രാവിലെ അനേസ്തെഷ്യ, കാർഡിയോളജി ഡോക്ടര്മാരെ കണ്ട് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് വാങ്ങേണ്ടതാണ്. വീട് വളരെ അടുത്താണ്. ഉറപ്പായും നേരത്തെ എത്താം എന്ന് വാക്ക് കൊടുത്ത് അന്ന് വൈകിട്ട് വീട്ടിൽ ചെന്ന് ഉറങ്ങാതെ ഉറങ്ങിയെന്നു വരുത്തി പിറ്റേന്ന് രാവിലെ വീണ്ടും അഡ്മിറ്റ് ആയി. അന്ന് എല്ലാ പരിശോധനകളും നടത്തി അവിടെ കാത്തിരുന്നു. വൈകിട്ട് വരെ വേറെ പരിപാടികൾ ഒന്നും ഇല്ലായിരുന്നു. അതിനിടയിൽ ബ്ലഡ് റിസൾട്ടുകൾ എല്ലാം വന്നിരുന്നു. CA ടെസ്റ്റുകളുടെ റിസൾട്ടുകൾ വളരെ നോർമൽ ആണ് എന്നുള്ളത് ഒരു ആശ്വാസം ആയിരുന്നു. ഭാഗ്യത്തിന് അന്ന് കിട്ടിയ ബെഡ്ഡ് ഒരു മൂലക്ക് ആയിരുന്നു. ആരുടേം വിഷമങ്ങളും സങ്കടങ്ങളും കാണേണ്ട…
സ്ത്രീകളുടെ വാർഡ് ആയ കൊണ്ട് ബൈസ്റ്റാൻഡർ സ്ത്രീ തന്നെ ആയിരിക്കണം എന്നതു നിർബന്ധം ആയിരുന്നു. വീട്ടിൽ വേണ്ടപ്പെട്ടവർക്കൊക്കെ പനി ആണ്. അത്കൊണ്ട് അമ്മായി ആണ് കൂട്ടിനു വന്നത്. വൈകിട്ട് ഒരു 5 മണി ഒക്കെ കഴിഞ്ഞപ്പോൾ സിസ്റ്റർ വന്നു കാനുല ഇട്ടു. രാത്രിയിൽ ഇൻജെക്ഷൻസ് ഉണ്ട്. നേരത്തെ ഭക്ഷണം കഴിക്കണം എന്നും വൈകിട്ട് 10 നു ശേഷം ഒന്നും കഴിക്കരുത് എന്നും ഓർമിപ്പിച്ചു. കഥകൾ പറഞ്ഞും വിഷമങ്ങൾ പങ്കുവെച്ചും ഞങ്ങൾ അങ്ങനെ ഇരുന്നു. ഏകദേശം 9:30 ആയപ്പോൾ സിസ്റ്റർ മെഡിസിൻ തരാൻ വന്നു. കൂടെ ഇൻജെക്ഷൻസും ഉണ്ട്. വളരെ സൗഹൃദപരമായ പെരുമാറ്റം ഉള്ള ഒരു സ്ത്രീ… ‘കുറച്ചു സംശയങ്ങൾ ചോദിക്കാൻ ഉണ്ട്’ എന്ന് ഞാൻ പറഞ്ഞപ്പോൾ ‘പറഞ്ഞോടോ’ എന്ന് ചിരിച്ചോണ്ട് മറുപടി. എന്തെങ്കിലും അലർജി ഉണ്ടോന്നു ചോദിച്ചു. ‘ഇല്ല’ എന്ന് ഞാൻ തല ആട്ടി.
അതിനിടയിൽ ഇൻജെക്ഷൻ കാനുല വഴി തന്നു. ദേഹം മുഴുവൻ തരിപ്പ് തോന്നി.. വായിലൂടെ എന്തോ… വാ തുറക്കാൻ ശ്രമിക്കുകയും ഒരു വിധത്തിലും നിയന്ത്രിക്കാനാവാതെ സിസ്റ്ററിന്റെയും അമ്മായിയുടെയും ദേഹത്തേക്ക് ഒറ്റ ശർദ്ദിക്കൽ… ഞാൻ വാ പൊത്തി കൊണ്ട് വാഷ് ബേസിനിലേക്ക് ഓടി. അവിടെ ഉള്ളവർ ഒക്കെ ഇതൊക്കെ എന്ത് എന്ന മട്ടിൽ എന്നെ നോക്കുന്നു. എനിക്ക് എന്തോ വല്ലാതായി. നമ്മളായിട്ട് ഒരാളേം ഉപദ്രവിക്കരുത് എന്ന് നിർബന്ധം ഉള്ള വ്യക്തി ആണ് ഞാൻ. അവസാനം തളർന്നു തകർന്നു ബെഡ്ഡിൽ വന്നിരുന്നു. എന്നെ കിടത്തിയിട്ട് അമ്മായി അതെല്ലാം ക്ലീൻ ചെയ്ത് അന്ന് രാത്രി എന്നെ തലോടി ഉറക്കി. രാവിലെ സർജറി ഉള്ളതിനാൽ പിന്നീട് ഒന്നും കഴിക്കാൻ പാടില്ല. അത് മാത്രം അല്ല, ഒന്നിനും ശേഷി ഇല്ലാതെ തകർന്ന ഒരവസ്ഥയിൽ ഞാൻ തളർന്നുറങ്ങി എന്ന് പറയാം.
അങ്ങനെ ഓഗസ്റ്റ് 25 നു രാവിലെ എണിറ്റു കുളിച്ചു മുടി രണ്ട് വശത്തേക്കും മടക്കി കെട്ടി, വെള്ള മുണ്ടും ഷർട്ടും ഇട്ടു( ജീവിതത്തിൽ ഏറ്റവും പേടിയുള്ള വേഷം ആണ്. പ്രസവ വാർഡിലേക്ക് ഈ വേഷത്തിൽ നടന്നു പോകുന്ന സ്ത്രീകളെ കാണുമ്പോ മരണത്തിലേക്ക് നടന്നകലുന്ന പോലെ പലപ്പോഴും സ്വപ്നം കണ്ടിട്ടുണ്ട്. പിന്നെ ഉള്ള ഓർമ ‘താളവട്ടം’ സിനിമയുടെ അവസാന സീനിൽ കാർത്തിക ഈ ഡ്രസ്സിൽ വരുന്നതാണ്. രണ്ടും ചെറുപ്പം മുതൽ പേടിപ്പിക്കുന്ന സ്വപ്‌നങ്ങൾ ആണ് )ഞാൻ തീയേറ്ററിലേക്ക് പോകാൻ റെഡി ആയി. 8 മണി കഴിഞ്ഞപ്പോൾ വീൽ ചെയറിൽ എന്നെ കൊണ്ട് പോകാൻ അറ്റൻഡർ എത്തി. ‘നടന്നോളാം ചേച്ചി’എന്ന് പറഞ്ഞപ്പോൾ അവർ എന്നെ ഒന്ന് കടുപ്പിച്ചു നോക്കി. പിന്നെ ഒന്നും മിണ്ടാതെ ഞാൻ കയറി ഇരുന്നു. തിയേറ്ററിൽ കൊണ്ട് പോയി ഇറക്കി. നോക്കുമ്പോൾ അവിടെ 5, 6 പേർ കാത്തിരിക്കുന്നുണ്ട്. ഇവിടം തൊട്ടാണ് യഥാർത്ഥ കഥയുടെ തുടക്കം.
ഓപറേഷൻ തിയറ്ററിൽ
ആദ്യം പരിചയപ്പെട്ടത് രണ്ട് ഹൈ സ്കൂളിൽ പഠിക്കുന്ന ആൺകുട്ടികളെ ആണ്. അടുത്തടുത്ത സ്കൂളിൽ പഠിക്കുന്നവർ ആണ്. അവന്മാർ ഇടി ഉണ്ടാക്കുന്നു. ഞാൻ നോക്കി ആസ്വദിക്കുന്നു. ഇടക്ക് എന്നോടും വിശേഷം തിരക്കാൻ വന്നു. അവന്മാരുടെ പ്രശ്നം വളരെ ചെറുതാണ്. കാലിലെ കുഴിനഖം ഉള്ളിലേക്ക് വളർന്നത് കളയാൻ ഒരു ചെറിയ സർജറി… അവന്മാരുടെ ബഹളം കേട്ട് പല തവണ അകത്തുള്ളവർ തല പൊക്കി നോക്കി. എന്നോടും കല പില സംസാരം തുടങ്ങി. ഇടക്ക് ജോലി ടീച്ചർ ആണെന്ന് പറഞ്ഞപ്പോ പിന്നെ മിണ്ടൽ നിന്നു.
തൊട്ടടുത്തുണ്ടായിരുന്ന മറ്റൊരു മധ്യവയസ്കയായ ചേച്ചി വെയ്റ്റിംഗ് റൂമിൽ വന്നപ്പോ മുതൽ കരച്ചിലാണ്. കുറേ കഴിഞ്ഞപ്പോൾ ഞാൻ ചേച്ചിയോട് ‘വിഷമിക്കേണ്ട’ എന്ന് മാത്രം പറഞ്ഞു. അപ്പോൾ ആ ചേച്ചിയുടെ ചോദ്യം ‘ ക്യാൻസർ ആണോ മോളേ ‘ എന്നതായിരുന്നു. ഒരു നടുക്കം പെട്ടെന്ന് മനസ്സിൽ ഉണ്ടായി. പതിയെ ‘അറിയില്ല ചേച്ചി’ എന്ന് മറുപടി കൊടുത്തു. പിന്നീട് അങ്ങോട്ട് ചേച്ചി പറഞ്ഞു തുടങ്ങുവായിരുന്നു. “ഒന്നും വരില്ല മോളേ! ഞാനും പ്രാർത്ഥിക്കാം. മോൾക്ക് അറിയുമോ, എനിക്ക് ആദ്യം വലതു വശത്തു ആയിരുന്നു. പിന്നീട് ഇടത്… രണ്ടും എടുത്തു കളഞ്ഞു. ഇപ്പോ കക്ഷത്തിൽ പുതിയ മുഴകൾ. മടുത്തു മോളേ! എന്ത് ചെയ്യാനാ? ദൈവം കരുതി വെച്ചത് അനുഭവിച്ചല്ലേ പറ്റൂ.” അങ്ങോട്ട് നിർത്താതെ കരയുന്ന, എനിക്ക് ആരുമല്ലാത്ത ആ സ്ത്രീ ഒരുപാട് എന്നെ വേദനിപ്പിച്ചു.
അതിലേറെ വേദനിപ്പിച്ചത് ഒരു നാല് വയസ്സുകാരി പെൺകുട്ടി ആണ്. വാർഡിൽ പല സ്ഥലങ്ങളിൽ അവളെ കണ്ടിരുന്നു. മിടുക്കിയായ, ചുറുചുറുക്കുള്ള പെൺകുട്ടി. പലപ്പോളും മകളെ അവൾ ഓർമിപ്പിച്ചു. നീണ്ട സ്വർണതലമുടി ആയിരുന്നു അവൾക്ക്. ‘എന്ത് പറ്റി മോളൂ’ എന്ന് ആ മുടിയിൽ കൊഞ്ചിച്ചു കൊണ്ട് ചോദിച്ചപ്പോൾ അവൾ എന്നോട് പറഞ്ഞു. “ആന്റിക്ക് അറിയുമോ എനിക്ക് ബ്രെയിൻ ട്യൂമർ ആണ്. എന്റെ മുടി മുഴുവൻ വെട്ടി കളയും. ഉപ്പച്ചി പറഞ്ഞു വെക്കേഷൻ ആകുമ്പോൾ വേറെ നല്ല മുടി എനിക്ക് ഒത്തിരി വരും എന്ന്. ഞങ്ങൾ കൂട്ടാർ ആണ് താമസിക്കുന്നത്. തല വേദന എല്ലാം ഈ ഓപ്പറേഷൻ കഴിയുമ്പോ പോകും. അപ്പോ എനിക്കും കൂട്ടുകാരുടെ ഒക്കെ ഒപ്പം കളിക്കാൻ പോകാം..” സത്യത്തിൽ ആ വാക്കുകൾ എന്നെ അങ്ങ് വല്ലാതെ തളർത്തി. എന്റെ മോൾടെ അതേ പ്രായം. എന്തോരു ഓമനത്തം ഉള്ള മുഖം. അവൾക്ക് ഒന്നും വരുത്തരുതേ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിച്ചു. എന്റെ മകൾ… ആ അമ്മയുടെ വേദന എനിക്ക് വല്ലാതെ അനുഭവപ്പെട്ടു. അവരെ ഞാനും കുറേ ആശ്വസിപ്പിച്ചു. സ്വയം ആശ്വസിക്കാൻ ശ്രമിച്ചു. ഒന്നും വരില്ല എന്ന്…
ബാക്കി ഉള്ള എല്ലാവരുടെ മുഖത്തും വല്ലാത്തൊരു കടുപ്പം ഉണ്ടായിരുന്നു. ഇതെല്ലാം കണ്ടു കഴിഞ്ഞപ്പോ ആ കടുപ്പം പോലും അവരുടെ അതിജീവനത്തിന്റെ ഭാഗമായി കാണാൻ മാത്രമേ സാധിച്ചുള്ളൂ. ആരോടും അങ്ങോട്ട് മിണ്ടാൻ മനസ്സ് അനുവദിച്ചില്ല. പ്രക്ഷുബ്ധമായ ഹൃദയവുമായി ജീവിക്കുന്ന ആരുടേം സമാധാനത്തെയും നിശബ്ദതയെയും നശിപ്പിക്കേണ്ട. കുറച്ചു നേരം സമാധാനമായി ഇരിക്കട്ടെ എല്ലാരുമെന്നു വിചാരിച്ചു. അങ്ങനെ ഒരു 9. 30 ഒക്കെ കഴിഞ്ഞപ്പോൾ നിഷാ സിദ്ധിക്കിന് വിളി വന്നു.
ആലോചിക്കും തോറും തലക്ക് പെരുപ്പ്
അങ്ങനെ സർജറി ടേബിളിൽ എത്തി. ചുറ്റും 7, 8 ഡോക്ടർമാർ… Dr. വികാസിനെയും ആ ടേബിളിൽ ഉണ്ടായിരുന്ന മറ്റൊരു ഡോക്ടരേം ( പേര് ഓർക്കുന്നില്ല ) വിഷ് ചെയ്തു. മറ്റുള്ള എല്ലാവർക്കും ഹലോ പറഞ്ഞു. ഇടക്ക് സംസാരിച്ചോണ്ട് ഇരുന്ന വഴി കണ്ണടഞ്ഞു പോയി. പിന്നീട് എപ്പോളോ “കഴിഞ്ഞു നിഷാ… കണ്ണ് തുറക്കൂ” എന്ന് ഏതോ ഒരു ഡോക്ടർ കവിളിൽ തട്ടി വിളിച്ചപ്പോൾ ആണ് ഉണരുന്നത്. ‘പിന്നീട് സംസാരിക്കാം. ഒബ്സെർവേഷനിലേക്ക് മാറ്റുകയാണെ’ ന്നു ഒരു ഡോക്ടർ പറഞ്ഞു. എനിക്ക് അനേസ്തെഷ്യയുടെ കെട്ട് വിട്ടിട്ടുണ്ടായിരുന്നില്ല. ഫൈസൽ ഓടി സർജറി ചെയ്തു റിമൂവ് ചെയ്ത ഭാഗം ബയോപ്സിക്ക് കൊടുക്കാൻ പോയിരുന്നു. പുറത്ത് അനിയത്തിയും കുടുംബക്കാരും കാത്തിരിപ്പുണ്ടായിരുന്നു. എല്ലാരും വല്ലാതെ പേടിച്ചു പോയിരുന്നു. കാരണം 20 മിനിറ്റ് എന്ന് പറഞ്ഞു തിയേറ്ററിൽ കേറ്റിയിട്ട് നാല് മണിക്കൂറോളം കഴിഞ്ഞാണ് ഇറക്കിയത്. പ്രാർത്ഥനകളും നോയിമ്പുമായി മാത്രം ഇരിക്കുന്ന കുറേ അധികം ആളുകൾ.
പോസ്റ്റ് ഓപ്പറേഷൻ വാർഡിന്റെ വാതിൽക്കൽ അറ്റെൻഡർ ട്രോളി കൊണ്ട് നിർത്തി. എനിക്ക് ചെറുതായി ബോധം വന്നു തുടങ്ങിയിരുന്നു. ആ ട്രോളിയിൽ നിന്നും ബെഡ്ഡിലേക്ക് കുറേ പേർ കൂടി എന്നെ മാറ്റി കിടത്തി. അതൊക്കെ എന്നെ വല്ലാതെ പേടിപ്പെടുത്തിയിരുന്നു. അന്നാണ് ആരോഗ്യത്തിന്റെ വില എത്ര മാത്രം ഉണ്ടെന്നു മനസിലാക്കുന്നതെന്നു നിസംശയം പറയാം. തന്നെ എണീക്കാൻ പോലും വയ്യാത്ത അവസ്ഥ, നെഞ്ചിൽ വലിയൊരു കെട്ടും, വിങ്ങലും… അധികം ഒന്നും ഓർമ ഇല്ല. പിന്നീട് വൈകിട്ടാണ് കണ്ണ് തുറക്കുന്നത്. കണ്ണ് തുറക്കുന്നതും നോക്കി ആന്റിയും അനിയത്തിയും ഭർത്താവും കാത്തിരിക്കുന്നുണ്ടായൊരുന്നു . എനിക്ക് വല്ലാതെ മൂത്രം ഒഴിക്കാൻ തോന്നിയിരുന്നു. എണീറ്റ് ബാത്‌റൂമിൽ പൊക്കോട്ടെ എന്ന് ചോദിച്ചപ്പോൾ നേഴ്സ് പറഞ്ഞു 24 മണിക്കൂർ കഴിയാതെ എണീക്കാൻ പറ്റില്ല. അനേസ്തെഷ്യയുടെ എഫക്ട് കാണും. അത്കൊണ്ട് പാത്രം വെച്ചു കൊടുക്കാൻ… എന്നാൽ ഇപ്പോ വേണ്ട എന്ന് പറഞ്ഞു ഞാൻ കിടന്നു. നെഞ്ചിൽ ആണെങ്കിൽ വിങ്ങുന്ന വേദന… കുറേ കഴിഞ്ഞപ്പോൾ ഒരു രക്ഷേം ഇല്ല. തുറന്നു കിടന്നു മൂത്രം ഒഴിക്കാൻ മടിയും. അവസാനം അനിയത്തിയും ആന്റിയും കൂടി പോയി ഒരു കർട്ടൻ ഒപ്പിച്ചു കൊണ്ട് വന്നു. ഒരു നാണവും ഇല്ലാതെ ഞാൻ മാനമായി മൂത്രം ഒഴിച്ചു.
അപ്പോഴോക്കെ എന്നെ ബാധിച്ച ചിന്തകൾ ബ്രെസ്റ്റ് കാൻസറും ആയി ബന്ധപ്പെട്ട ഓർമകൾ ആയിരുന്നു. ആ വാർഡിൽ കിടന്ന കൂടുതൽ സ്ത്രീകളും ബ്രെസ്റ്റ് കാൻസർ രോഗികൾ ആയിരുന്നു. ഇനി ഞാനും… ആലോചിക്കും തോറും തലക്ക് പെരുപ്പ്… വിശപ്പില്ല… ദാഹമില്ല… തൊണ്ട വറ്റി വരളുന്നു. ലൈറ്റ് ആയി എന്തേലും കഴിക്കാൻ കൊടുക്കാൻ പറഞ്ഞിരുന്നു. എങ്ങനെ കഴിക്കാൻ പറ്റും? ഭർത്താവിനെ കാണണം എന്ന് അനിയത്തിയോട് പറഞ്ഞു. ലേഡീസ് വാർഡ് ആയ കൊണ്ട് വിസിറ്റിംഗ് ടൈം ഉണ്ട്. അങ്ങനെ വിസിറ്റിംഗ് ടൈമിൽ ഭർത്താവ് വന്നു. എനിക്ക് ചോദിക്കാൻ കുറേ അധികം ചോദ്യങ്ങൾ ഉണ്ട്. പതിയെ എല്ലാരും മാറി തന്നു.
ഞാൻ കുഴഞ്ഞ ശബ്ദത്തിൽ തുടർന്നു, “ഡോക്ടർ എന്തേലും പറഞ്ഞോ? ബിയോപ്സിക്ക് എന്തോരം എടുത്തു? കുറേ എടുത്തോ? ” അങ്ങനെ നമ്മുടെ ചിന്തകളെ വല്ലാതെ വേദനിപ്പിക്കുന്ന ചോദ്യങ്ങൾ.
ഫൈസൽ പറഞ്ഞു ” ഡോക്ടർ ഒന്നും പറഞ്ഞില്ലെടോ! ബിയോപ്സിക്ക് ഒരു പാത്രത്തിൽ ആണ് തന്നു വിട്ടത്. ഞാൻ ഓർക്കുന്നില്ല ” തുടങ്ങീ ഒന്നും തൊടാതെ ഉള്ള മറുപടികൾ.
‘നിങ്ങൾ ഫോട്ടോ എടുത്തില്ലേ? ഞാൻ പറഞ്ഞിരുന്നല്ലോ ഫോട്ടോ എടുക്കണം എന്ന്.’
‘അപ്പോളത്തെ മാനസികാവസ്ഥയിൽ ഒന്നും പറ്റിയില്ല. നീ ഇപ്പോ തത്കാലം കിടക്ക്’ എന്ന് ഒഴുക്കൻ മട്ടിൽ പറഞ്ഞു പുള്ളി എന്നെ ഒതുക്കി. വൈകിട്ട് പിന്നീട് ഒന്നും സംഭവിച്ചില്ല. മെയിൻ ഡോക്ടറും സംഘവും പിറ്റേന്ന് രാവിലെ റൗണ്ട്സിനെത്തി. ഡോക്ടർ വിശദമായി കാര്യങ്ങൾ പറഞ്ഞു.
” ചെറിയ ഒരു ബ്ലോക്ക് എന്ന് കരുതിയാണ് ഞങ്ങൾ ഓപ്പൺ ചെയ്തത്. പക്ഷേ, അതിന്റെ വളർച്ച കുറച്ചധികം ആഴത്തിൽ ആയിരുന്നു. അത്കൊണ്ട് കുറച്ചധികം മുറിക്കേണ്ടി വന്നു. അവിടേം തനിക്ക് ഭാഗ്യം ഉണ്ട്. നമ്മുടെ പ്ലാസ്റ്റിക് സർജൻ dr. ഫോബിൻ ( പറഞ്ഞു വരുമ്പോൾ ഞങ്ങളുടെ അയല്പക്കകാരൻ ആയി വരും. പുന്നതുറയിൽ ആണ് താമസം) ഉണ്ടായിരുന്നത് കൊണ്ട് ഈ രൂപത്തിൽ എങ്കിലും തിരിച്ചു കിട്ടി. എന്തായാലും വേദന ഉണ്ടാകും. പതിയെ മാറിക്കൊള്ളും. 2 ആഴ്ച കഴിഞ്ഞു ഒ.പിയിൽ വരൂ. റിസൾട്ട് വന്നിട്ട് തീരുമാനിക്കാം…”
ശരീരത്തിന്റെ വേദനയെക്കാൾ മനസ്സ് തകർന്നിരുന്നതിനാൽ സർജറിയുടെ വേദനയൊന്നും ഒരു വേദനയായി തോന്നിയില്ല എന്ന് പറയാം. മനസ്സിനെ എന്തും നേരിടാൻ പഠിപ്പിക്കണമെല്ലോ! ചുറ്റുമുള്ളവരുടെ വേദനയും സങ്കടങ്ങളും അതിലേറെ എന്നെ ഭീതിയിലാഴ്ത്തി. അങ്ങനെ അന്ന് വൈകിട്ട് ഡിസ്ചാർജ് ആയി വീട്ടിൽ തിരിച്ചെത്തി.
നോമ്പും പ്രാർഥനയുമായി കുഞ്ഞുമോളും
പിന്നീട് ഉള്ള രണ്ട് ആഴ്ചയിലെ ഓരോ ദിവസങ്ങൾക്കും വല്ലാത്ത ദൈർഘ്യം. കടന്നു പോകുന്നേ ഇല്ല. അതിനിടിയിൽ വേദന കഠിനമായി തുടങ്ങി. ഗ്യാസ് കയറി കഴിക്കുന്നതെല്ലാം ശർദ്ദിക്കാൻ തുടങ്ങി. ആഞ്ഞു ശർദ്ദിക്കുമ്പോ നെഞ്ച് വിങ്ങുന്ന വേദന. എന്താകുമെന്ന് അറിയാത്ത ഭീതി മറ്റൊരു വശത്ത്… ഒരു 4 cm മുറിവേ ഉണ്ടാകൂ എന്ന് പറഞ്ഞു കയറിയിട്ട് തിരിച്ചു വീട്ടിൽ വന്നു നോക്കുമ്പോ നെഞ്ചിൽ പകുതിയിലധികം നീളത്തിൽ ഒരു വലിയ വെട്ട്. സാധരണ ശരീരത്തിലെ മറ്റുള്ള ഭാഗങ്ങൾ ഉണങ്ങുന്ന പോലെ വേഗത്തിൽ ഇവിടം ഉണങ്ങില്ല. സമയം എടുക്കും. ഒരു സ്ത്രീയുടെ ശരീരത്തിലെ ഏറ്റവും മനോഹരമായി കൊണ്ട് നടക്കുന്ന, പലപ്പോഴും സ്വകാര്യ അഹങ്കാരമായി വിചാരിക്കുന്ന ഭാഗത്തു നീളത്തിൽ ഒരു കുത്തികെട്ട്. വല്ലാതെ വേദനിച്ചിരുന്നു. ആരോടും ഒന്നും പറയാൻ പറ്റാത്ത അവസ്ഥ. ചുറ്റും നമുക്ക് വേണ്ടി എന്തും ചെയ്യാൻ തയ്യാറായി നിൽക്കുന്ന കുറേ മനുഷ്യർ. കുടുംബത്തിൽ നേർച്ചകൾ… ബിയോപ്സിയുടെ റിസൾട്ട് വരുന്നിടം വരെ എനിക്ക് വേണ്ടി നോമ്പ് എടുത്തവർ… എന്തിനേറെ പറയുന്നു, നാല് വയസുകാരി മകൾ പോലും ‘ അമ്മിക്ക് ഒന്നും വരില്ല അമ്മി, ഞാനും സമിക്കുട്ടനും ഐഷൂട്ടിയും( അനിയത്തിയുടെ മക്കൾ ) അള്ളാപ്പൂപ്പയോട് എന്നും തേടുന്നുണ്ട് ‘ എന്നും പറഞ്ഞു നടക്കുന്നു.
ഒടുവിൽ മനസ്സിൽ കുളിർമയും ആശ്വാസവും
അങ്ങനെ ഇരുന്നും നിരങ്ങിയും രണ്ട് ആഴ്ച കടന്നു പോയി. രാവിലെ ഞാനും ഭർത്താവും ഒരുങ്ങി മെഡിക്കൽ കോളേജിലേക്ക് പോയി. അവിടെ ചെന്ന് റിസൾട്ട് അന്വേഷിച്ചപ്പോൾ വന്നിട്ടില്ല… ഡോക്ടർ പറഞ്ഞു ” ചില കേസുകളിൽ സംശയം തോന്നിയാൽ ഫർതർ സ്റ്റഡിക്കു പോകാറുന്നുണ്ട്… ചിലപ്പോൾ അങ്ങനെ ആകണം… എന്തായാലും ഈ ടേബിളിൽ റിപ്പോർട്ട് വന്നിട്ടില്ല. എന്തായാലും ഡിപ്പാർട്മെന്റിൽ ഒന്നൂടെ പോയി തിരക്കി കൊള്ളൂ… “
നെഞ്ചിൽ വീണ്ടും ഭാരം. പതിയെ അവിടെ നിന്നും ഇറങ്ങി സെക്ഷനിലേക്ക് പോയി. ഫൈസൽ ഇറങ്ങി റിപ്പോർട്ട് ചോദിച്ചു, ‘റിപ്പോർട്ട് ആയാൽ സർജറി ഓ. പിയിലേക്ക് വിടുമെന്ന്’ മറുപടി. ഒന്നും പറയാതെ പുള്ളി പോന്നു. ‘ഞാൻ പോയി ചോദിക്കാം’ എന്ന് പറഞ്ഞു വണ്ടിയിൽ നിന്നും ഇറങ്ങി അവിടെ കണ്ട ഒരു സ്റ്റാഫിനോട് ചോദിച്ചു . ആദ്യം ഒരു പരുക്കൻ നോട്ടം. ‘ചേച്ചി, ഒന്ന് നോക്കുമോ’ എന്ന് ദയനീയമായി ചോദിച്ചപ്പോൾ അവരുടെ കണ്ണുകൾ ഒന്നുകൂടെ ഫയലുകളിൽ പരതി. അതിൽ അന്ന് രാവിലെ ഓ. പിയിലേക്ക് വിടാൻ മാറ്റി വെച്ച ഫയലിൽ എന്റെ റിപ്പോർട്ടും ഉണ്ടായിരുന്നു. ഞാൻ ഒപ്പിട്ടു വാങ്ങി വേഗം കാറിൽ പോയി ഇരുന്നു തുറന്നു നോക്കി. നെഞ്ചിടിപ്പിന് മൈക്കിനെക്കാൾ ശബ്ദം. കണ്ണുകൾ റിപ്പോർട്ടിലൂടെ കടന്നു പോയപ്പോൾ “Intraductal Pappilloma” എന്ന് കണ്ടു. ‘Benign fatty deposit’ എന്ന് കൂടി കണ്ടപ്പോൾ മനസ്സിൽ വല്ലാത്തൊരു കുളിർമയും ആശ്വാസവും. അതേ വേഗത്തിൽ ഓടി ഓ. പിയിൽ എത്തി. ഡോക്ടറെ കണ്ടു. അവരും ഹാപ്പി. ഇനി ഈ സർജറി മറന്നേക്കാൻ പറഞ്ഞു. എന്നാലും എല്ലാ വർഷവും ഒന്ന് സ്കാൻ ചെയ്യാൻ മറക്കേണ്ട എന്ന് ഓർമിപ്പിച്ചു. ഡോക്ടർ ഫോബിനെയും ഡോക്ടർ വികാസിനെയും മറ്റേ ഡോക്ടറെയും വിഷ് ചെയ്തു ഞങ്ങൾ മടങ്ങി.
തിരിച്ചിറങ്ങുമ്പോൾ അന്ന് ഓപ്പറേഷൻ തിയേറ്ററിൽ കൂടെ ഉണ്ടായിരുന്ന ആ ചേച്ചി! മകനോടൊപ്പം ഓടി വന്നു കയ്യിൽ പിടിച്ചു. ‘മോളേ, ബിയോപ്സി റിസൾട്ട് വന്നു കെട്ടോ… ദൈവം അനുഗ്രഹിച്ചു. അത് കാൻസർ അല്ല.’ അത് പറയുമ്പോഴും അവർ കരഞ്ഞിരുന്നു. അറിയാതെ എന്റെ കണ്ണ് അവരുടെ നെഞ്ചിലേക്ക് പതിഞ്ഞു. അവരുടെ വേദന എന്റേം വേദനയായി മാറി. പ്രണയ വിവാഹം ആയിരുന്നു എന്ന് അവരുടെ സംസാരത്തിൽ നിന്നും മനസിലാക്കിയിരുന്നു. യൗവനത്തിൽ അവരും വളരെയേറെ ഓമനിക്കുകയും ഓമനിക്കപ്പെടുകയും ചെയ്ത ഒരു ശരീര ഭാഗം ആണ്. രണ്ട് മക്കളെ പാലൂട്ടി വളർത്തിയ, സ്നേഹം നെഞ്ചിലൂടെ ഒഴുക്കിയ ഒരമ്മ ആണ്. അവരുടെ വേദന, മനസ്സ്, എല്ലാം മറ്റുള്ളവരുടെ സങ്കല്പത്തിനുമപ്പുറം കലുഷിതമാണെന്ന് അവരുടെ കണ്ണുകൾ ഓർമിപ്പിച്ചു. സത്യത്തിൽ ഇവരെ പോലുള്ളവർ അല്ലേ യഥാർത്ഥ പോരാളികൾ!
മെഡിക്കൽ കോളേജ് വല്ലാത്ത ലോകമാണ്, എല്ലാ സുഖസൗകര്യങ്ങളിലും ജീവിക്കുന്നവർക്ക് മനസ്സിലാകാത്ത ലോകം..
അസാമാന്യ ഊർജ്ജവും കഴിവും ചിന്താശേഷിയും ഉള്ളവരാണ് ഓരോ സ്ത്രീയും! ഞാൻ കണ്ടിട്ടുള്ളവരിൽ ഏറ്റവും മനഃ ശക്തിയും ആത്മധൈര്യവും ഉളളവർ സ്ത്രീകൾ തന്നെ ആണ്. ഒരു സ്ത്രീ ചെയ്യുന്ന കലാബോധത്തോടെ, ശാസ്ത്ര ബോധത്തോടെ, സമയ നിഷ്ഠമായി പല പണികൾ ഒരേ സമയം ചെയ്യാൻ പറ്റുന്ന പുരുഷന്മാർ വിരളമാണ്. അതിനു കാരണം തന്നെ പെണ്ണിന്റെ ഉള്ളിലെ അഗ്നി ആണെന്ന് ഞാൻ ശക്തമായി വിശ്വസിക്കുന്നു. Equity / Equality ഒന്നും അവകാശപ്പെടുന്നില്ല. അത്യാവശ്യം പരിഗണന, കരുതൽ ഇതൊക്കെ മാത്രം ആണ് ഏതൊരു സ്ത്രീയും ആഗ്രഹിക്കുന്നത്. അത് കുറേ എങ്കിലും നൽകാൻ പറ്റിയാൽ അതാണ് നമ്മൾ സ്ത്രീകൾക്ക് കൊടുക്കുന്ന ഏറ്റവും വലിയ സമ്മാനം.
മെഡിക്കൽ കോളേജ് ഒരു വല്ലാത്ത ലോകമാണ്. അവിടാണ് യഥാർത്ഥ ജീവിതം. വിദ്യാഭ്യാസവും സമ്പത്തും അന്തസ്സും കുടുംബ മഹിമയും എല്ലാം മറന്നു മനുഷ്യർ ദൈവങ്ങളെക്കാൾ ഉപരി ഡോക്ടർമാരെ മാത്രം വിശ്വസിച്ചു ചികിത്സക്ക് എത്തുന്ന ഒരു ലോകം. ഇപ്പോൾ എല്ലാ സുഖസൗകര്യങ്ങളിലും ജീവിക്കുന്നവർക്ക് മനസ്സിലാകാത്ത ഒരു വിസ്മയ ലോകം.. ഓരോ മനുഷ്യരും അതിജീവനത്തിന് വേണ്ടി പോരാടുന്നവർ… പലപ്പോഴും നമ്മൾ ഡോക്ടർമാരും സാധാരണ മനുഷ്യന്മാർ ആണെന്ന വസ്തുത മറന്നു പോകുന്നു… അതിന്റെ തെളിവാണ് രാവിലെ 7 മണിക്ക് തുടങ്ങുന്ന ഡ്യൂട്ടിക്ക് ഇടയിലോ മറ്റോ ഒരു 12 ആകുമ്പോ ചായ കുടിക്കാൻ പോകുമ്പോ ഡോക്ടറെ തെറി വിളിക്കുന്ന മനുഷ്യർ! സത്യത്തിൽ മെഡിക്കൽ ഫീൽഡിൽ ഉള്ളവരോട് വല്ലാത്ത വല്ലാത്ത ബഹുമാനവും ആദരവും തോന്നിയത് Dr. വികാസിനേം കൂട്ടരേം കണ്ടപ്പോൾ തന്നെ ആണ്. അവരോട് എന്നും കടപ്പെട്ടിരിക്കുന്നു. ഒപ്പം പല സമയങ്ങളിലും കട്ടക്ക് കൂടെ നിന്ന കുറേ അധികം മനുഷ്യരോടും… ആരേം പേരെടുത്തു പറയുന്നില്ല… എല്ലാവരോടും സ്നേഹം മാത്രം ❤️
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.