ആർത്തവ അവധി: അനുകൂല വിധി വനിതകൾക്ക് ദോഷകരമായേക്കുമെന്ന് സുപ്രീം കോടതി; മാതൃകാചട്ടമുണ്ടാക്കാൻ കേന്ദ്ര സർക്കാറിനോട് നിർദേശം
text_fieldsന്യൂഡൽഹി: ജീവനക്കാർക്ക് ആർത്തവ അവധി വേണമെന്ന ആവശ്യത്തിൽ സംസ്ഥാനങ്ങളും ബന്ധപ്പെട്ട കക്ഷികളുമായി കൂടിയാലോചിച്ച് കേന്ദ്ര സർക്കാർ മാതൃക ചട്ടം ഉണ്ടാക്കണമെന്ന് സുപ്രീം കോടതി. ഇത് നയപരമായ കാര്യമാണെന്നും കോടതി പരിഗണിക്കേണ്ടതല്ലെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ.ബി.പർദിവാല, മനോജ് മിശ്ര എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.
അനുകൂല വിധി നൽകുന്നത് വനിതകൾക്ക് ദോഷകരമാകാനും സാധ്യതയുണ്ട്. അവധിക്കാര്യം പറഞ്ഞ് തൊഴിലുടമകൾ വനിതകളെ പരിഗണിക്കാതിരുന്നേക്കാം. അവധി എങ്ങനെയാണ് കൂടുതൽ സ്ത്രീകളെ തൊഴിലിടത്തിലേക്ക് കൊണ്ടുവരാൻ സഹായകമാവുകയെന്ന് കോടതി ഹരജിക്കാരോട് ചോദിച്ചു. വിഷയത്തിൽ ഹരജിക്കാർ വനിത ശിശു വികസന മന്ത്രാലയത്തെ സമീപിക്കണം. ഇത് മന്ത്രാലയ സെക്രട്ടറി പരിഗണിക്കണം. കേന്ദ്രം ഇക്കാര്യത്തിൽ കൂടിയാലോചന നടത്തുന്നത്, സംസ്ഥാനങ്ങൾക്ക് വിഷയത്തിൽ തീരുമാനമെടുക്കുന്നതിന് തടസമാകില്ല -കോടതി വ്യക്തമാക്കി.
നിലവിൽ ആർത്തവാവധി നൽകുന്ന കമ്പനികൾ:
ഓൺലൈൻ ഭക്ഷ്യവിതരണ കമ്പനിയായ സെമാറ്റോ വനിത, ട്രാൻസ്‌ജെൻഡർ ജീവനക്കാർക്ക് പ്രതിവർഷം 10 ദിവസം വരെ ശമ്പളത്തോടുകൂടിയ ആർത്തവാവധി നൽകുന്നുണ്ട്. കൾച്ചർ മെഷീൻ എന്ന കമ്പനി ആർത്തവത്തിന്റെ ആദ്യ ദിവസം സ്ത്രീ ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
ഗോസൂപ് ഓൺലൈൻ എന്ന ഡിജിറ്റൽ മീഡിയ കമ്പനി ആർത്തവത്തിന്റെ ആദ്യ ദിവസം ശമ്പളത്തോടുകൂടിയ അവധിയും വർക്ക് ഫ്രം ഹോമും വാഗ്ദാനം ചെയ്യുന്നു. ഇൻഡസ്ട്രി ആർക് എന്ന കമ്പനിയാകട്ടെ ആദ്യ ഒന്നോ രണ്ടോ ദിവസം അവധി നൽകുമെന്ന് അറിയിച്ചിട്ടുണ്ട്. വെറ്റ് ആൻഡ് ഡ്രൈ പേഴ്സണൽ കെയർ തങ്ങളുടെ ജീവനക്കാർക്ക് ഡോക്ടറുടെ ശുപാർശപ്രകാരം ഓരോ മാസവും രണ്ട് ദിവസം അവധി നൽകും. ബൈജൂസിലും സ്ത്രീ ജീവനക്കാർക്ക് ആർത്തവാവധി നൽകുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.