സോറിയാസിസ് ബോധവത്കരണവുമായി ആരോഗ്യ മന്ത്രാലയം
text_fieldsകുവൈത്ത് സിറ്റി: സോറിയാസിസ് രോഗവുമായി ബന്ധപ്പെട്ട് ആരോഗ്യ മന്ത്രാലയം ബോധവത്കരണം നടത്തി. ശനിയാഴ്ച അവന്യൂസ് മാളിലാണ് ബോധവത്കരണവും പ്രചാരണവും സംഘടിപ്പിച്ചത്. വിട്ടുമാറാത്ത രോഗത്തെ പരിചയപ്പെടുത്തുന്നതിനും ചികിത്സാരീതികളും പ്രത്യാഘാതങ്ങൾ ലഘൂകരിക്കുന്നതിനുമുള്ള ബോധവത്കരണവും നടന്നു. ഇവയെക്കുറിച്ചുള്ള ലഘുലേഖകളും വിവരണങ്ങളും വിതരണം ചെയ്തു. ഡോക്ടർമാർ, നഴ്സുമാർ, ആരോഗ്യ പ്രവർത്തകർ എന്നിവർ കാമ്പയിനിന്റെ ഭാഗമായി.
സ്പെഷലിസ്റ്റുകൾ സോറിയാസിസിനെ പറ്റിയുള്ള ജനങ്ങളുടെ തെറ്റായ വിവരങ്ങൾ തിരുത്തുകയും ചെയ്തു. ചർമത്തെ ബാധിക്കുന്ന ദീർഘകാല രോഗമാണ് സോറിയാസിസ്. ചർമപാളികൾ അസാധാരണമായി ഇരട്ടിക്കുന്ന അവസ്ഥയാണിത്. ഇതുമൂലം ചർമത്തിൽ പാടുകളും ചൊറിച്ചിലും അനുഭവപ്പെടും. കൈമുട്ടുകൾ, കാൽമുട്ടുകൾ, ശരീരത്തിന്റെ പിൻവശം, ശിരോചർമം എന്നിവിടങ്ങളിലാണ് കൂടുതലായി കണ്ടുവരുന്നത്.
ചർമത്തിൽ നിറവ്യത്യാസം, ചൊറിച്ചിൽ, തൊലി കട്ടികൂടിയിരിക്കുക, ചർമത്തിൽ ചെതുമ്പൽപോലെ രൂപപ്പെടുക, ചുവപ്പു നിറത്തിലുള്ള കുമിളകൾ പ്രത്യക്ഷപ്പെടുക, ഉപ്പൂറ്റിയിലും കൈവെള്ളയിലും വിള്ളലുകൾ എന്നിവ സോറിയാസിസിന്റെ ലക്ഷണങ്ങളിൽ ചിലതാണ്. പ്രാരംഭ ഘട്ടത്തിൽത്തന്നെ ചികിത്സ ഉറപ്പാക്കുന്നത് സോറിയാസിസ് നിയന്ത്രിക്കാൻ സഹായിക്കും. ഇത് ഒരാളിൽനിന്ന് മറ്റൊരാളിലേക്ക് പകരില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.