മരുന്നുകളുടെ ലഭ്യത ഉറപ്പാക്കാൻ നടപടികളുമായി മന്ത്രാലയം
text_fieldsമസ്കത്ത്: ഒമാനിൽ ചില മരുന്നുകളുടെ ക്ഷാമം അനുഭവപ്പെടുന്ന സാഹചര്യത്തിൽ ഇവ വിപണിയിൽ എത്തിക്കുന്നതിനുള്ള നടപടികളുമായി ആരോഗ്യ മന്ത്രാലയം. ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ അനുഭവപ്പെടുന്നത് പോലെ ഒമാനിലും മരുന്നുകളുടെ ക്ഷാമം നേരിടുന്നുണ്ടെന്ന് മെഡിക്കൽ വിതരണ വിഭാഗം ഡയറക്ടർ ജനറൽ ഇബ്റാഹീം നാസർ അൽ റാഷ്ദി പറഞ്ഞു. പ്രദേശിക തലത്തിലും അന്താരാഷ്ട്ര തലത്തിലും അനുഭവപ്പെടുന്ന ഗതാഗതപ്രശ്നമാണിതിന് കാരണം. ഷിപ്പിങ് മേഖലയിലെ നിയന്ത്രണങ്ങൾ, കസ്റ്റംസ് പരിശോധന വൈകൽ, അസംസ്കൃത പദാർഥങ്ങളുടെ കുറവ് എന്നിവയാണ് മരുന്നുകളുടെ ക്ഷാമത്തിന് പ്രധാന കാരണം. രാഷ്ട്രീയ കാരണങ്ങളും സാമ്പത്തിക മേഖലയിലെ വ്യതിയാനങ്ങളും മരുന്നുകളുടെ ഗതാഗതം വിതരണം എന്നിവയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.
മരുന്നുകളുടെ ദൗർലഭ്യത കാരണം ചികിത്സ വൈകുന്നതടക്കമുള്ള പ്രശ്നങ്ങൾ ഇപ്പോൾ രോഗികൾ നേരിടുന്നുണ്ട്. ഇതിനാൽ മരുന്നുകൾ ലഭിക്കാൻ വിൽപനക്കാരുടെ മേൽ സമ്മർദവും നിലനിൽക്കുന്നുണ്ട്. ചില രോഗങ്ങൾക്ക് സ്ഥിരമായി കഴിക്കുന്ന ചില മരുന്നുകളുടെ ദൗർലഭ്യതയാണ് ഏറെ പ്രയാസം സൃഷ്ടിക്കുന്നത്. ജീവൻ രക്ഷാ മരുന്നുകൾ, വേദന സംഹാരികൾ അടക്കമുള്ള മരുന്നുകളും ഇതിലുൾപ്പെടും. വിതരണ സംവിധാനത്തിന് വേഗം കൂട്ടാനും പ്രദേശികമായി ഉൽപാദിപ്പിക്കുന്ന മരുന്നുകൾ വർധിപ്പിക്കാൻ മന്ത്രാലയം ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.
സാമ്പത്തിക ഗതാഗത വെല്ലുവിളികൾ, രാഷ്ട്രീയ പ്രതിസന്ധികൾ എന്നിവക്കൊപ്പം കാലാവസ്ഥ മാറ്റവും മരുന്നുകളുടെ ഗുണനിലവാരം സംബന്ധമായ പ്രശ്നങ്ങളും ക്ഷാമത്തിന് കാരണമാക്കുന്നു. പ്രാദേശിക മാർക്കറ്റിൽ പല മരുന്നുകൾക്കും പകരം കുറവായതും അപ്രതീക്ഷിതമായി മരുന്നുകളുടെ ഉപഭോഗം വർധിച്ചതും മറ്റ് കാരണങ്ങളാണ്. പ്രശ്നം പരിഹരിക്കാൻ നിരവധി നടപടികളാണ് അധികൃതർ എടുത്തിരിക്കുന്നത്.
മരുന്നു കമ്പനികളുടെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുക, മരുന്ന് ഉൽപാദനത്തിനും വിതരണത്തിലും ഗുണനിലവാരവും സുരക്ഷാ മാനദണ്ഡങ്ങളും ഉറപ്പ് വരുത്തുക, മരുന്ന് ഉൽപാദന മേഖലയിൽ നിക്ഷേപം പ്രോത്സാഹിപ്പിക്കുകയും കൂടുതൽ മരുന്നുകൾ പ്രദേശികമായി ഉൽപാദിപ്പിക്കുകയും ചെയ്യുക എന്നിവ ഇതിൽ ഉൾപ്പെടും. ലോകാരോഗ്യ സംഘടനയുമായും മറ്റ് രാജ്യങ്ങളുമായി ബന്ധപ്പെട്ട് മരുന്നുകളുടെ ലഭ്യത ഉറപ്പാക്കുന്ന കാര്യത്തിലും മന്ത്രാലയം ശ്രമങ്ങൾ നടത്തുന്നുണ്ട്. ഇത് ഭാവിയിൽ മരുന്ന് ക്ഷാമം ഉണ്ടാവുന്നത് ഒഴിവാക്കാൻ സഹായിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.