കോവിഡ് പ്രതിരോധം: ഇന്ന് മോക്ക് ഡ്രിൽ, വാക്സിന് ആവശ്യക്കാർ ഏറുന്നതായി റിപ്പോർട്ട്
text_fieldsന്യൂഡൽഹി: ചൈനയിൽ കോവിഡ് കേസുകൾ കുത്തനെ ഉയർന്ന സാഹചര്യത്തിൽ രാജ്യത്ത് പ്രതിരോധത്തിനുള്ള തയ്യാറെടുപ്പുകളുടെ സ്ഥിതി പരിശോധിക്കാൻ സംസ്ഥാനതലത്തിൽ ചൊവ്വാഴ്ച മോക്ക് ഡ്രിൽ നടത്തും. ജില്ലാതലത്തിൽ ആരോഗ്യസംവിധാനങ്ങളുടെ ലഭ്യത ഉറപ്പാക്കുകയാണ് ലക്ഷ്യം. കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ ചൊവ്വാഴ്ച സഫ്ദർജംഗിലെ കേന്ദ്ര സർക്കാർ ആശുപത്രിയിൽ നേരിട്ട് ഹാജരാകും.
അത്യാഹിതവിഭാഗങ്ങളിലുൾപ്പെടെ കിടക്കകൾ, ഡോക്ടർമാർ, ആരോഗ്യപ്രവർത്തകർ, ആംബുലൻസുകൾ തുടങ്ങിയവയുടെ എണ്ണം, ആർ.ടി.പി.സി.ആർ.-ആർ.എ.ടി. പരിശോധനക്കിറ്റുകൾ, പി.പി.ഇ. കിറ്റുകൾ, എൻ-95 മാസ്കുകൾ, മെഡിക്കൽ ഓക്സിജൻ ലഭ്യത, ടെലിമെഡിസിൻ സർവീസിന്റെ പ്രവർത്തനം എന്നിവ പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാനാണ് കേന്ദ്രനിർദേശം. പരിശോധനയ്ക്ക് ജില്ല കലക്ടർമാർ മേൽനോട്ടം വഹിക്കണം. മോക്ക് ഡ്രിൽ റിപ്പോർട്ട് ചൊവ്വാഴ്ച വൈകീട്ടുതന്നെ കോവിഡ് ഇന്ത്യ പോർട്ടലിൽ അപ്‌ലോഡ് ചെയ്യണം.
ഇന്ത്യയിൽ കോവിഡ് വാക്സിന് ആവശ്യക്കാർ ഏറുന്നതായി റിപ്പോർട്ട്. വാക്സിനെടുക്കുന്നവരുടെ എണ്ണം രണ്ടുശതമാനം കൂടി. ആവശ്യക്കാർ കൂടിയതോടെ വാക്സിൻ സ്റ്റോക്കില്ലെന്നും അധിക ഡോസ് അനുവദിക്കണമെന്നും ആവശ്യപ്പെട്ട് മഹാരാഷ്ട്ര, കർണാടക സംസ്ഥാനങ്ങൾ ആരോഗ്യമന്ത്രാലയത്തിന് കത്തയച്ചു. തിങ്കളാഴ്ച രാജ്യത്ത് 196 പുതിയ കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ സജീവ രോഗികളുടെ എണ്ണം 3,428 ആയി. അനാവശ്യ കോവിഡ് ഭീതി ജനങ്ങളിലുണ്ടാക്കും വിധം നടക്കുന്ന വ്യാജപ്രചാരണങ്ങൾ തടയാൻ ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷനോട് (ഐ.എം.എ.) ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.