കുരങ്ങുപനി: ജാഗ്രത കൂട്ടി ഇന്ത്യ
text_fieldsന്യൂഡൽഹി: കുരങ്ങുപനി സംശയിക്കുന്നവരുടെ സാമ്പ്ളുകൾ വിദഗ്ധ പരിശോധനക്കായി പുണെ വൈറോളജി ലാബിലേക്ക് അയക്കണമെന്ന് സംസ്ഥാനങ്ങൾക്ക് കേന്ദ്ര നിർദേശം. രോഗ ലക്ഷണമുള്ളവരുമായി സമ്പർക്കമുള്ളവരെ തുടർച്ചയായി 21ദിവസം വരെ നിരീക്ഷിക്കണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം ചൊവ്വാഴ്ച സംസ്ഥാന, കേന്ദ്ര ഭരണപ്രദേശങ്ങൾക്ക് അയച്ച മാർഗ നിർദേശത്തിൽ ആവശ്യപ്പെട്ടു.
ഇന്ത്യയിൽ നിലവിൽ കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും കുരങ്ങുപനിയുടെ ഉറവിടമല്ലാത്ത മറ്റു രാജ്യങ്ങളിലും രോഗം സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ കർശന ജാഗ്രത പുലർത്തേണ്ടതുണ്ടെന്ന് കേന്ദ്രം മാർഗ നിർദേശത്തിൽ പറയുന്നു.
കുരങ്ങുപനി കൂടുതല്‍ മനുഷ്യരിലേക്ക് വ്യാപിക്കുന്നത് തടയുന്നതിന് എത്രയും വേഗത്തില്‍ പരിശോധനയും രോഗ നിര്‍ണയവും നടത്തണം. കുറഞ്ഞത് ഒരു രോഗിയിലെങ്കിലും കുരങ്ങുപനി റിപ്പോര്‍ട്ട് ചെയ്യുന്നത് രോഗവ്യാപനമായി കണക്കാക്കി സംയോജിത രോഗ നിരീക്ഷണപദ്ധതി വഴി വിശദമായ അന്വേഷണം നടത്തണം. ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ പി.സി.ആര്‍ അല്ലെങ്കില്‍ ജനിതക ശ്രേണീകരണ പരിശോധനയില്‍ സ്ഥിരീകരിക്കുന്ന സാമ്പ്ളുകള്‍ മാത്രമാണ് കുരങ്ങുപനിയായി ഉറപ്പിക്കുക. രോഗബാധിതനായ വ്യക്തി ഉപയോഗിച്ച വസ്തുക്കള്‍, മുറികള്‍ എന്നിവ ഉപയോഗിക്കരുത്. രോഗബാധിതനായ വ്യക്തിയെ മറ്റുള്ളവരുടെ സമ്പര്‍ക്കത്തില്‍ വരാതെ നോക്കുകയും രോഗിയെ പരിചരിക്കുന്നവര്‍ പി.പി.ഇ കിറ്റുകള്‍ ധരിക്കുകയും കൈകള്‍ സാനിറ്റൈസ് ചെയ്യുകയും വേണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.
രോഗലക്ഷണമുള്ളവരുടെ സാമ്പ്ളുകൾ ശേഖരിക്കാനും ലക്ഷണമുള്ളവരെ നിരീക്ഷിക്കാനും തമിഴ്നാട് സർക്കാർ സംസ്ഥാനത്തെ വിമാനത്താവളങ്ങൾക്ക് നിർദേശം നൽകി. വിദേശത്തു നിന്നുമെത്തുന്ന രോഗലക്ഷണമുള്ളവരെ പ്രവേശിപ്പിക്കാൻ പ്രത്യേക സൗകര്യമൊരുക്കാൻ ആശുപത്രികളോട് പശ്ചിമ ബംഗാൾ സർക്കാറും നിർദേശിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.