വാനര വസൂരി: മെഡിക്കൽ കോളജിൽ പ്രത്യേക വാർഡൊരുക്കി
text_fieldsപയ്യന്നൂർ: ജില്ലയിൽ വാനരവസൂരി സ്ഥിരീകരിച്ച സാഹചര്യത്തിൽ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ ചികിത്സാസൗകര്യം വിപുലമാക്കി. കൂടുതൽ രോഗികൾ എത്തുന്ന സാഹചര്യമുണ്ടായാൽ ചികിത്സ നൽകാനുള്ള സംവിധാനമൊരുക്കിയതായി മെഡിക്കൽ സൂപ്രണ്ട് ഡോ. കെ. സുദീപ് 'മാധ്യമ'ത്തോട് പറഞ്ഞു. ഇതിനായി പ്രത്യേക വാർഡ് സജ്ജമാക്കി. ഈ വാർഡിലെ ഒരു മുറിയിലാണ് നിലവിൽ സ്ഥിരീകരിച്ച യുവാവിനെ പ്രവേശിപ്പിച്ചത്. കോവിഡ് പോലെ അധികം സംവിധാനങ്ങൾ ഈ രോഗത്തിന് ആവശ്യമില്ല. വെന്റിലേറ്റർ സൗകര്യവും വേണ്ടിവരില്ല. നിരീക്ഷണമാണ് ആവശ്യം. ഇതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. നിലവിൽ ചികിത്സയിലുള്ള യുവാവിന്റെ ആരോഗ്യസ്ഥിതി സാധാരണ നിലയിലാണ്. കോവിഡ് പോലെ രോഗം പെട്ടെന്ന് പകരാന്‍ സാധ്യതയില്ലാത്തതിനാല്‍ ആശങ്കപ്പെടേണ്ട കാര്യമില്ല. രോഗികളെത്തിയാൽ അടിയന്തരചികിത്സ നൽകുന്നതിന് മെഡിക്കല്‍ സൂപ്രണ്ട് ഡോ. കെ. സുദീപിന്റെ നേതൃത്വത്തില്‍ അഞ്ചംഗ മെഡിക്കല്‍ ബോര്‍ഡ് രൂപവത്കരിച്ചിട്ടുണ്ട്. ഡെപ്യൂട്ടി മെഡിക്കല്‍ സൂപ്രണ്ട് ഡോ. ഡി.കെ. മനോജ്, ആര്.എം.ഒ ഡോ. എം.എസ്. സരിന്, നോഡല്‍ ഓഫിസര്‍ ഡോ. പ്രമോദ്, മെഡിസിന് വിഭാഗത്തിലെ ഡോ. രഞ്ജിത്ത് എന്നിവരുള്‍പ്പെടുന്നതാണ് മെഡിക്കല്‍ ബോര്‍ഡ്.
കോവിഡ് പോലെ പെട്ടെന്ന് പകരുന്ന രോഗമല്ലെങ്കിലും പി.പി.ഇ കിറ്റ് ധരിച്ച് തന്നെയാണ് ഡോക്ടര്‍മാരും ജീവനക്കാരും രോഗിയെ പരിചരിക്കുന്നത്. യുവാവിന്റെ വീട്ടുകാരിൽ ആരിലും രോഗലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.
സമ്പർക്കത്തിൽ ഉള്ളവർ അധികം ഭയപ്പെടാനില്ലെന്ന സൂചനയാണ് ഇത് നൽകുന്നത്. എന്നാൽ, നിരീക്ഷണം ശക്തമായി തുടരാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.