വാനര വസൂരി: വിവാദമായി ജില്ല മെഡിക്കൽ ഓഫിസിെൻറ പാളിച്ച
text_fieldsകൊല്ലം: വിദേശത്തുനിന്നെത്തിയ കൊല്ലം സ്വദേശിക്ക് രാജ്യത്തുതന്നെ ആദ്യമായി വാനര വസൂരി സ്ഥിരീകരിച്ചതിനു പിന്നാലെ, ജില്ലയിൽ ആരോഗ്യവകുപ്പിനെ വെട്ടിലാക്കി വീഴ്ചയും വിവാദവും ആശയക്കുഴപ്പവും.
സ്വകാര്യ ആശുപത്രിയിൽനിന്ന് രോഗി തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് പോയതു മുതൽ രോഗിയുടെ റൂട്ട് മാപ്പ് തയാറാക്കി പുറത്തുവിട്ടതുവരെ ഗുരുതരമായ വീഴ്ചയുണ്ടായതാണ് വിവാദമായത്.
രോഗം സ്ഥിരീകരിച്ച വ്യാഴാഴ്ച രാത്രിയിൽ ജില്ല മെഡിക്കൽ ഓഫിസർ പുറത്തുവിട്ട റിപ്പോർട്ടിൽ വിദേശത്തുനിന്ന് തിരുവനന്തപുരം എയർപോർട്ടിലെത്തിയ രോഗി ടാക്സി കാറിൽ വീട്ടിലെത്തുകയും അകത്ത് കയറാതെ മാതാവിനൊപ്പം പാലത്തറയിലുള്ള എൻ.എസ് സഹകരണ ആശുപത്രിയിലെത്തിയെന്നും തുടർന്ന്, കൊല്ലം മെഡിക്കൽ കോളജിൽ രോഗിയെ എത്തിക്കുകയും സാമ്പിളെടുത്ത് പരിശോധനക്ക് അയക്കുകയും ചെയ്തെന്നാണ് ഉണ്ടായിരുന്നത്. എന്നാൽ, കൊല്ലം മെഡിക്കൽ കോളജിലേക്ക് രോഗി പോയിട്ടേയില്ല. എൻ.എസ് ആശുപത്രിയിൽനിന്ന് നേരെ തിരുവനന്തപുരം മെഡിക്കൽ കോളജിലേക്കാണ് രോഗി പോയത്. സ്വകാര്യ ആശുപത്രിയിൽ വെച്ചുതന്നെ വാനര വസൂരി സംശയമുണ്ടായതിനെ തുടർന്നാണ് മെഡിക്കൽ കോളജിലേക്കു പോയത്. എന്നാൽ, പകർച്ചവ്യാധി സംശയിക്കുന്ന രോഗി മുൻകരുതലോ ആംബുലൻസോ ഒന്നുമില്ലാതെ സ്വകാര്യ ടാക്സി വാഹനത്തിലാണ് തിരുവനന്തപുരത്തേക്ക് യാത്ര ചെയ്തത്. ഇക്കാര്യം സ്വകാര്യ ആശുപത്രിയും ജില്ല ആരോഗ്യവകുപ്പ് അധികൃതരും അറിഞ്ഞില്ലെന്നും ഇതിൽ അനാസ്ഥ കാട്ടിയെന്നും ആരോപണമുയരുന്നുണ്ട്.
സ്വകാര്യ ആശുപത്രിയിൽനിന്ന് ഓട്ടോയിൽ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലേക്കും തുടർന്ന്, ടാക്സി കാറിൽ തിരുവനന്തപുരത്തേക്കുമാണ് പോയത്. തിരുവനന്തപുരത്തേക്കു പോയ ടാക്സിയുടെ ഡ്രൈവറെയാണ് ഇതുവരെയും കണ്ടുപിടിക്കാൻ കഴിയാതെയുള്ളത്.
അതേസമയം, കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലേക്ക് മറ്റൊരു ഓട്ടോയിൽ പോയിട്ടാണ് ടാക്സി പിടിച്ചതെന്ന കാര്യം പൊലീസ് സി.സി.ടിവി പരിശോധിച്ചതിനെ തുടർന്നാണ് വ്യക്തമായത്.വാനര വസൂരി സംശയിക്കുന്നയാൾ ചികിത്സക്കെത്തിയ വിവരം എൻ.എസ് ആശുപത്രിയിൽനിന്ന് അറിയിച്ചില്ലെന്നാണ് ഡി.എം.ഒ അവകാശപ്പെട്ടത്.
എന്നാൽ, എൻ.എസ് ആശുപത്രി അധികൃതർ ഈ വാദം തള്ളി. ഡി.എം.ഒ ഓഫിസിൽനിന്ന് അറിയിച്ചത് പ്രകാരമാണ് രോഗിയെ മെഡിക്കൽ കോളജിലേക്ക് വിട്ടെതന്നാണ് അവിടെ നിന്നുള്ള വിശദീകരണം. എന്നാൽ, രോഗി തന്നെ മെഡിക്കൽ കോളജിലേക്ക് പൊയ്ക്കോളാമെന്ന് പറയുകയും സ്വന്തം കാർ ഉണ്ടായിരിക്കുമെന്ന് കരുതിയുമാണ് ആംബുലൻസ് നൽകാതിരുന്നതെന്നതാണ് മറ്റൊരു വിശദീകരണം.
രോഗിയുടെ സമ്പർക്കത്തിൽ ആരൊക്കെയുണ്ട് എന്നതിൽ പോലും വ്യക്തത വരുത്താതെയും തെറ്റായ വിവരങ്ങൾ നൽകിയുള്ള റൂട്ട് മാപ്പും വലിയ ആശയക്കുഴപ്പമാണ് സൃഷ്ടിച്ചത്.
വിവരങ്ങൾ വിശദീകരിക്കാൻ കലക്ടർ വിളിച്ചുചേർത്ത വാർത്ത സമ്മേളനത്തിലും ആശയക്കുഴപ്പം വ്യക്തമായിരുന്നു. പിന്നാലെ, വാർത്ത സമ്മേളനത്തിൽ പറഞ്ഞ കാര്യങ്ങൾ പ്രസിദ്ധീകരിക്കരുതെന്ന അറിയിപ്പും പി.ആർ.ഡിയിൽനിന്ന് മാധ്യമ പ്രവർത്തകർക്ക് ലഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.