കുരങ്ങുപനി: ആദ്യമായി സ്ഥിരീകരിച്ചത് 1958-ല്‍, രോഗിയുമായി അടുത്ത് ഇടപെഴകുന്നതിലൂടെയാണ് പകരുന്നത്
text_fieldsവാഷിങ്ടണ്‍: കാനഡയ്ക്ക് പിന്നാലെ ഫ്രാന്‍സ്, ജര്‍മനി, ബെല്‍ജിയം അടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങളിലും കുരങ്ങുപനി സ്ഥിരീകരിച്ചതോടെ വിഷയത്തെ ഗൗരവത്തിലെടുത്തിരിക്കയാണ് ലോകാരോഗ്യ സംഘന. അടിയന്തര യോഗം വിളിച്ചിരിക്കയാണിപ്പോൾ. സാധാരണ ആഫ്രിക്കന്‍ ഭാഗങ്ങളില്‍ മാത്രം കണ്ടുവന്നിരുന്ന കുരങ്ങുപനി യൂറോപ്പ്, അമേരിക്ക തുടങ്ങിയ മേഖലകളിലേക്ക് വ്യാപിക്കുകയാണ്. കോവിഡിന് പിന്നാലെ കുരങ്ങുപനി റിപ്പോര്‍ട്ട് ചെയ്തതോടെ പുതിയ പകര്‍ച്ചവ്യാധിയെ കുറിച്ചുള്ള ഭീതിയിലാണ് ലോകരാജ്യങ്ങള്‍.
കാനഡ, ഓസ്ട്രേലിയ, അമേരിക്ക എന്നിവയ്ക്ക് പുറമേ ബെല്‍ജിയം, ഫ്രാന്‍സ്, ജര്‍മനി, നെതര്‍ലാന്‍ഡ്, സ്പെയിന്‍, ഇറ്റലി, യുകെ, സ്വീഡന്‍, പോളണ്ട് എന്നീ രാജ്യങ്ങളിലാണ് രോഗം റിപ്പോര്‍ട്ട് ചെയ്തത്. സ്‌പെയിനില്‍ 24 പുതിയ കേസുകളാണ് വെള്ളിയാഴ്ച റിപ്പോര്‍ട്ട് ചെയ്തത്.
1970-ലാണ് മനുഷ്യരില്‍ രോഗബാധ കണ്ടെത്തിയത്
1958-ലാണ് കുരങ്ങുകളില്‍ രോഗം സ്ഥിരീകരിച്ചത്. 1970-ലാണ് ആദ്യമായി മനുഷ്യരില്‍ രോഗബാധ കണ്ടെത്തിയത്.1970 മുതല്‍ 11 ആഫ്രിക്കന്‍ രാജ്യങ്ങളിലാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ കൊല്ലങ്ങളില്‍ മധ്യ, പടിഞ്ഞാറന്‍ ആഫ്രിക്കന്‍ ഭാഗങ്ങളില്‍ ആയിരക്കണക്കിനാളുകള്‍ക്കാണ് കുരങ്ങുപനി ബാധിച്ചത്. 2017-ന് ശേഷം നൈജീരിയയിലാണ് വലിയ രോഗവ്യാപനമുണ്ടായത്.
വൈറസ്ബാധയുള്ള മൃഗങ്ങളില്‍ നിന്നോ മനുഷ്യരില്‍ നിന്നോ ആണ് രോഗം പകരുന്നത്. പനി, പേശിവേദന, ക്ഷീണം, ലിംഫ് ഗ്രന്ഥികളിലെ വീക്കം എന്നിവയാണ് കുരങ്ങുപനിയുടെ പ്രാഥമിക ലക്ഷണങ്ങള്‍. പിന്നീട് ചിക്കന്‍പോക്‌സിലുണ്ടാകുന്നതു പോലെ കുമിളകള്‍ മുഖത്തും ശരീരത്തിലും പ്രത്യക്ഷപ്പെടും. വൈറസ് മൂലമുണ്ടാകുന്ന കുരങ്ങുപനി ബാധിച്ചാല്‍ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ രോഗി സുഖം പ്രാപിക്കും. എങ്കിലും അപൂര്‍വ്വമായി മരണം സംഭവിക്കാറുണ്ട്. എന്നാല്‍, കുരങ്ങുപനിയില്‍ മരണനിരക്ക് പൊതുവെ കുറവാണ്.
ശരീരസ്രവങ്ങള്‍, കുരങ്ങുപനി മൂലമുണ്ടാകുന്ന വ്രണങ്ങള്‍ എന്നിവയിലൂടെയും വസ്ത്രങ്ങള്‍, കിടക്കകള്‍ എന്നിവ പങ്കുവെക്കുന്നതിലൂടെയും രോഗം പകരാം. രോഗം സ്ഥിരീകരിച്ചവരില്‍ സ്വവര്‍ഗാനുരാഗികളുടെ എണ്ണം കൂടുതലാണെന്ന് കണക്കുകള്‍ പറയുന്നു.
കുരങ്ങ്, എലി എന്നിവയില്‍നിന്ന് രോഗം പകരാനിടയുണ്ട്. കുരങ്ങുപനിയ്ക്ക് കാരണമായ വൈറസിന് രണ്ട് വകഭേദമാണുള്ളത്. 10 ശതമാനം മരണനിരക്കുള്ള കോംഗോ വകഭേദവും ഒരു ശതമാനം മരണനിരക്കുള്ള പടിഞ്ഞാറന്‍ ആഫ്രിക്കന്‍ വകഭേദവും. ഗുരുതരരോഗലക്ഷണങ്ങള്‍ പ്രകടമാകാറുണ്ടെങ്കിലും ആഴ്ചകള്‍ക്കുള്ളില്‍ രോഗം മാറുന്നതായാണ് കണ്ടുവരുന്നത്.
രോഗിയുമായി അടുത്ത് ഇടപെഴകുന്നതിലൂടെയാണ് പകരുന്നത്
കുരങ്ങുകളില്‍ അദ്യം സ്ഥിരീകരിച്ച കുരങ്ങുപനി, രോഗിയുമായി അടുത്ത് ഇടപെഴകുന്നതിലൂടെയാണ് പകരുന്നത്. പടിഞ്ഞാറന്‍- മധ്യ ആഫ്രിക്കയില്‍ സാധാരണയായി കണ്ടുവരാറുള്ള രോഗം ആഫിക്കക്ക് പുറത്ത് വ്യാപകമായി പടരുന്നതാണ് ആശങ്കക്ക് വഴിവെയ്ക്കുന്നത്. എന്നാല്‍ കോവിഡ്-19 പോലെ ഒരു മഹാമാരിയായി ഇത് പടരാനുള്ള സാധ്യതയില്ലെന്നാണ് ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നത്. കോവിഡിന് കാരണമായ സാര്‍സ് കോവ് -2 വൈറസ് പോലെ വേഗത്തില്‍ ഇത് പടരില്ല എന്നതാണ് അതിന് കാരണമായി അവര്‍ ചൂണ്ടിക്കാട്ടുന്നത്.
എന്നാല്‍, വരുംമാസങ്ങളില്‍ രോഗവ്യാപനം വര്‍ധിക്കാമെന്നും യൂറോപ്പിലാകമാനം ഇത് പടരാമെന്നും ലോകാരോഗ്യ സംഘടനയുടെ യൂറോപ്യന്‍ മേഖലാ ഡയറക്ടര്‍ ഹാന്‍സ് ക്ലൂഗ് അഭിപ്രായപ്പെട്ടു. വേനല്‍ക്കാലം ആകുന്നതോടെ വലിയ കൂടിച്ചേരലുകളും പരിപാടികളും നടക്കാന്‍ സാധ്യതയുള്ളതിനാല്‍ വ്യാപനം കൂടിയേക്കുമെന്ന് സംശയിക്കുന്നതായി അദ്ദേഹം പറഞ്ഞു. പുരുഷന്മാരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന പുരുഷന്മാര്‍, ത്വക്കില്‍ അസാധാരണമായ വിധത്തിലുള്ള ചൊറിച്ചിലോ കുമിളകളോ ഉണ്ടെങ്കില്‍ എത്രയും പെട്ടെന്ന് വൈദ്യസഹായം തേടണമെന്ന് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി മുന്നറിയിപ്പ് നല്‍കി. സ്വവര്‍ഗാനുരാഗികളിലും പുരുഷന്മാരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന പുരുഷന്മാരിലും പ്രധാനമായും കുരങ്ങുപനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് ഏജന്‍സിയുടെ മുന്നറിയിപ്പ്. രോഗം ഏളുപ്പത്തില്‍ പടരില്ലെന്നും എന്നാല്‍, കുടുതല്‍ കേസുകളും സ്വവര്‍ഗാനുരാഗികളിലാണെന്നും അവര്‍ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.