മങ്കി പോക്സ്: പ്രതിരോധ പ്രവർത്തനങ്ങളുമായി ആരോഗ്യ വകുപ്പ്
text_fieldsതിരുവനന്തപുരം: മങ്കി പോക്സിനെ പ്രതിരോധിക്കാൻ ശക്തമായ നീക്കങ്ങളുമായി ആരോഗ്യ വകുപ്പ്. സംസ്ഥാനത്ത് ഒരാൾക്ക് മങ്കി പോക്സ് സ്ഥിരീകരിക്കുകയും മറ്റൊരാൾ രോഗം സംശയിക്കപ്പെട്ട് ചികിത്സയിലിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ആരോഗ്യ വകുപ്പിന്റെ നടപടി.
എല്ലാ ജില്ലകളിലും ഐസൊലേഷന്‍ സൗകര്യം സജ്ജമാക്കിയിട്ടുണ്ട്. മെഡിക്കല്‍ കോളജുകളിൽ മങ്കി പോക്സ് രോഗികളെ ചികിത്സിക്കാൻ പ്രത്യേക സൗകര്യമൊരുക്കും. മങ്കിപോക്‌സ് സ്ഥിരീകരിച്ച രാജ്യങ്ങളില്‍ നിന്നും യാത്രക്കാര്‍ ഉള്ളതിനാല്‍ എയര്‍പോര്‍ട്ടുകളില്‍ ശക്തമായ പരിശോധന ആരംഭിച്ചിട്ടുണ്ട്. സംസ്ഥാന തലത്തില്‍ മോണിറ്ററിംഗ് സെല്‍ രൂപീകരിച്ച് എല്ലാ ജില്ലകള്‍ക്കും ഗൈഡ്‌ലൈന്‍ നല്‍കുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
അതേസമയം, മങ്കി പോക്സ് സ്ഥിരീകരിച്ച കൊല്ലം ജില്ലയിൽ ഇന്ന് ഡോ. പി. രവീന്ദ്രന്റ നേതൃത്വത്തിൽ കേന്ദ്ര സംഘം സന്ദർശിക്കും. രോഗം സ്ഥിരീകരിച്ച കൊല്ലം സ്വദേശി തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. രോഗ ലക്ഷണങ്ങൾ ഉള്ളവരെ ഐസൊലേഷനിലേക്ക് മാറ്റണമെന്നാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ കേന്ദ്ര സംഘം മുന്നോട്ടുവെച്ച നിർദേശം. രോഗലക്ഷണങ്ങളുള്ളവരെ റാൻഡം പരിശോധനക്ക് വിധേയമാക്കാനാണ് സംസ്ഥാന സർക്കാറിന്റെ തീരുമാനം. ചിക്കൻ പോക്സ് ലക്ഷണങ്ങളുള്ളവരിലും പരിശോധന നടത്തും.
രോഗം സ്ഥിരീകരിച്ച കൊല്ലം സ്വദേശിക്ക് 35ഓളം പേരുമായി സമ്പർക്കമുണ്ടായിട്ടുണ്ട്. അതേതുടർന്ന് അഞ്ചു ജില്ലകളിൽ ജാഗ്രതാ നിർദേശവും ആരോഗ്യ വകുപ്പ് നൽകിയിരുന്നു. രോഗലക്ഷണങ്ങളുമായി കണ്ണൂരിൽ ചികിത്സയിലുള്ളയാൾ ഗൾഫിൽ നിന്ന് മംഗലാപുരം വിമാനത്താവളത്തിലാണ് എത്തിയത്. അവിടെ നിന്ന് മങ്കി പോക്സ് ലക്ഷണങ്ങൾ കണ്ട് ആംബുലൻസിലാണ് പരിയാരം മെഡിക്കൽ കോളജിൽ എത്തിച്ചത്.
രോഗികൾ യാത്ര ചെയ്ത വിമാനത്തില്‍ വന്നവര്‍ സ്വയം നിരീക്ഷിക്കേണ്ടതാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. 21 ദിവസത്തിനകം എന്തെങ്കിലും രോഗലക്ഷണമുണ്ടെങ്കില്‍ ആരോഗ്യ പ്രവര്‍ത്തകരെ വിവരം അറിയിക്കണം.
രോഗികളെ കൈകാര്യം ചെയ്യുന്നതിനായി ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വിദഗ്ധ പരിശീലനം ലഭ്യമാക്കും. രോഗിയുമായി മുഖാമുഖം വരിക, രോഗി ധരിച്ച വസ്ത്രങ്ങള്‍, പാത്രങ്ങള്‍, കിടക്ക എന്നിവ ഉപയോഗിക്കുക, പിപിഇ കിറ്റ് ഇടാതെ സമീപിക്കുക, രോഗം വന്നയാളുമായി ലൈംഗിക ബന്ധം പുലര്‍ത്തുക എന്നിവ ക്ലോസ് കോണ്ടാക്ട് ആയി വരും.
സംശയമുള്ളവര്‍ ദിശ 104, 1056, 0471 2552056 എന്നീ നമ്പരുകളില്‍ ബന്ധപ്പെടേണ്ടതാണെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.