വാനര വസൂരി: രോഗബാധിതരുടെ ആരോഗ്യനില തൃപ്തികരം –മന്ത്രി
text_fieldsകണ്ണൂർ: നിലവിൽ മൂന്നുപേർക്ക് മാത്രമാണ് സംസ്ഥാനത്ത് വാനര വസൂരി സ്ഥിരീകരിച്ചതെന്നും അന്യരാജ്യങ്ങളിൽ നിന്നെത്തിയ ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും മന്ത്രി വീണാ ജോർജ് പറഞ്ഞു. ഇവരുമായി സമ്പർക്കത്തിലുള്ളവരുടെ രക്തസാമ്പിളുകൾ പലതവണ പരിശോധന നടത്തി. ഇതുവരെയുള്ള ഫലങ്ങളെല്ലാം നെഗറ്റിവ് ആണ്. കണ്ണൂരിൽ റീജനൽ ലാബിന്റെ രണ്ടാം നില ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു. വാനര വസൂരി സംബന്ധിച്ച ജാഗ്രത നിർദേശം നേരത്തെ തന്നെ നൽകിയിട്ടുണ്ട്. കോവിഡ് കണക്കുകൾ കൃത്യമായിത്തന്നെ കേന്ദ്രത്തിന് നൽകുന്നുണ്ട്. മറിച്ചുള്ള വാദങ്ങൾ തെറ്റാണ്. കോവിഡ് കാലമായതിനാൽ പലയിടങ്ങളിലും മരുന്നുപയോഗത്തിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടായി. ഇത് പരിശോധിക്കാൻ സമിതിയെ നിയോഗിച്ചു. സമിതി നിർദേശമനുസരിച്ച് മരുന്ന് വിതരണം ഏകോപിച്ചിട്ടുണ്ട്. 2030ഓടെ പേവിഷബാധ കൊണ്ടുള്ള മരണം ഉണ്ടാവരുതെന്നതാണ് സർക്കാറിന്റെ ലക്ഷ്യം. അതിനുള്ള ഇടപെടലുകൾ നടത്തുന്നുണ്ട്. ഇക്കാര്യത്തിൽ ആരോഗ്യ, തദ്ദേശ സ്വയംഭരണ, മൃഗസംരക്ഷണ വകുപ്പുകളുടെ മന്ത്രിതല ചർച്ച നടത്തിക്കഴിഞ്ഞു. കേരളത്തിൽ നിലവിൽ ഒരുലക്ഷം വയൽ റാബിസ് വാക്സിൻ വേണം. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇരട്ടിയാണിത്. പുതിയ മെഡിക്കൽ കോളജുകളുടെ സൗകര്യങ്ങൾ ഉറപ്പാക്കാൻ നിരന്തര ഇടപെടൽ നടത്തുന്നുണ്ട്.
കാസർകോട് മെഡിക്കൽ കോളജിൽ രണ്ട് ന്യൂറോളജി ഡോക്ടർ തസ്തികകൾ സൃഷ്ടിച്ച് നിയമനം നടത്തി.
കണ്ണൂർ ജില്ല ആശുപത്രിയിൽ നിർമിച്ച കെട്ടിടം ആഗസ്റ്റോടെ കൈമാറുമെന്നും മന്ത്രി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.