വയനാട്ടിൽ കുരങ്ങുപനി സ്ഥിരീകരിച്ചു; അറിയാം ലക്ഷണങ്ങളും മുൻകരുതലും
text_fieldsമാനന്തവാടി: ജില്ലയിൽ വീണ്ടും കുരങ്ങുപനി സ്ഥിരീകരിച്ചു. തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ പനവല്ലി സ്വദേശിയായ 24കാരനാണ് രോഗബാധ കണ്ടെത്തിയത്. ഈ വർഷം ആദ്യമായാണ് കുരങ്ങുപനി റിപ്പോർട്ട് ചെയ്യുന്നത്. രോഗിയുടെ പരിസരവാസികളുടെ രക്തസാമ്പിളുകൾ ആരോഗ്യവകുപ്പ് ശേഖരിച്ചു. പനിയും ചുമയുമുള്ളവർ ചികിത്സ തേടണമെന്ന് ആരോഗ്യവകുപ്പ് അധികൃതർ അഭ്യർഥിച്ചു.
വനവുമായി ബന്ധപ്പെട്ട ജോലിയില്‍ ഏര്‍പ്പെട്ട യുവാവിന് പനിയും ശരീരവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അപ്പപ്പാറ സി.എച്ച്.സിയില്‍ ചികിത്സ തേടുകയും തുടര്‍ന്ന് കുരങ്ങുപനി സംശയിക്കുകയും വയനാട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റുകയുമായിരുന്നു. ബത്തേരി പബ്ലിക് ഹെല്‍ത്ത് ലാബില്‍ നടത്തിയ സാമ്പ്ള്‍ പരിശോധനയില്‍ കുരങ്ങുപനി സ്ഥിരീകരിച്ചു. പഞ്ചായത്തിലെ 21 പേരുടെ സാമ്പ്ള്‍ പരിശോധിച്ചതില്‍ ആര്‍ക്കും കുരങ്ങുപനി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നത് ആശ്വാസമായി.
ഒരു മാസം മുമ്പ് കര്‍ണാടകയില്‍ കുരങ്ങുപനി റിപ്പോര്‍ട്ട് ചെയ്തത് മുതല്‍തന്നെ ജില്ലയില്‍ മുന്‍കരുതല്‍ നടപടികളും പ്രതിരോധ പ്രവര്‍ത്തനങ്ങളും ആരംഭിച്ചിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സഹായത്തോടെ ജില്ല വെക്ടര്‍ കണ്ട്രോള് യൂനിറ്റ് നടത്തിയ പരിശോധനയില്‍ അപ്പപ്പാറ, ബേഗൂര്‍ ഭാഗങ്ങളില്‍ കുരങ്ങുപനിയുടെ ചെള്ളിന്റെ സാന്നിധ്യം കൂടുതലാണെന്ന് കണ്ടെത്തിയിരുന്നു. വനത്തിന് പുറത്തുനിന്ന് ശേഖരിച്ച ചെള്ളുകളില്‍ കുരങ്ങുപനിയുടെ വൈറസിനെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.
1957ല്‍ കര്‍ണാടകയിലെ ഷിമോഗ ജില്ലയിലാണ് രോഗം ആദ്യമായി കണ്ടെത്തിയത്. കുരങ്ങുകളുടെ കൂട്ടത്തോടെയുള്ള മരണം കാരണം നാട്ടുകാര്‍ കുരങ്ങുപനി എന്നു വിളിച്ചു. കൈസനൂര്‍ വനത്തില്‍നിന്ന് ആദ്യമായി വൈറസിനെ വേര്‍തിരിച്ചെടുത്തതിനാല്‍ കൈസനൂര്‍ ഫോറസ്റ്റ് ഡിസീസ് എന്നു പേരുവന്നു.
ജാഗ്രത വേണം -ഡി.എം.ഒ
കൽപറ്റ: ജില്ലയില്‍ വേനല്‍ കനക്കുന്ന സാഹചര്യത്തില്‍ കുരങ്ങുപനിക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ. സക്കീന അറിയിച്ചു.
ഡിസംബര്‍ മുതല്‍ ജൂണ്‍ വരെയാണ് സാധാരണയായി രോഗം കണ്ടുവരുന്നത്. കുരങ്ങുകള്‍ ചത്തുകിടക്കുന്നത് ശ്രദ്ധയിൽപെട്ടാല്‍ ബന്ധപ്പെട്ടവരെ അറിയിക്കണം. കുരങ്ങുപനി വൈറസ് രോഗമാണ്.
ഉണ്ണി, പട്ടുണ്ണി, വട്ടന്‍ തുടങ്ങിയ പേരുകളില്‍ അറിയപ്പെടുന്ന ചെള്ളുകളാണ് രോഗം പരത്തുന്നത്. കുരങ്ങുകളിലാണ് രോഗം കണ്ടുവരുന്നതെങ്കിലും ചെള്ളിന്റെ കടിയേല്‍ക്കുന്നതിലൂടെ മനുഷ്യരിലേക്കും ഇതു പകരുന്നു. രോഗലക്ഷണങ്ങളുള്ളവര്‍ക്ക് രോഗം പിടിപെട്ടതായി കണക്കാക്കേണ്ടതില്ല.
എങ്കിലും ലക്ഷണങ്ങളുള്ള, സ്ഥിരമായി വനവുമായി ബന്ധപ്പെട്ട് കഴിയുന്നവര്‍ക്ക് കുരങ്ങുപനി സംശയിക്കാം. അവര്‍ വൈദ്യസഹായം തേടുകയും ആവശ്യമായ പരിശോധനകള്‍ നടത്തുകയും വേണം.
പ്രധാന രോഗലക്ഷണങ്ങൾ
• ശക്തമായ പനി അല്ലെങ്കില്‍ വിറയലോടുകൂടിയ പനി.
• ശരീരവേദന അല്ലെങ്കില്‍ പേശിവേദന.
• തലവേദന, ഛർദി, കടുത്ത ക്ഷീണം.
• രോമകൂപങ്ങളില്‍നിന്ന് രക്തസ്രാവം.
• അപസ്മാരത്തോടുകൂടിയോ അല്ലാതെയോ
ഉള്ള തലകറക്കം, സ്ഥലകാല ബോധമില്ലായ്മ.
മുൻകരുതൽ
• കുരങ്ങുപനി കാണപ്പെട്ട പ്രദേശങ്ങളിലെ വനത്തിനുള്ളില്‍ കഴിവതും പോകാതിരിക്കുക.
• വനത്തില്‍ പോകേണ്ടിവരുന്നവര്‍ ചെള്ള് കടിയേല്‍ക്കാതിരിക്കാന്‍ കട്ടിയുള്ള ഇളംനിറത്തിലുള്ള നീണ്ട വസ്ത്രങ്ങള്‍ ധരിക്കുക.
• വസ്ത്രത്തിനു പുറമെയുള്ള ശരീരഭാഗങ്ങളില്‍ ചെള്ളിനെ അകറ്റുന്ന ലേപനങ്ങള്‍ പുരട്ടുക.
• വനത്തില്‍നിന്ന് തിരിച്ചുവരുന്നവര്‍ ശരീരത്തില്‍ ചെള്ള് കടിച്ചിരിക്കുന്നില്ലെന്നു വിശദമായി പരിശോധിച്ച് ഉറപ്പുവരുത്തുക.
• വനത്തില്‍ പോകുന്ന കന്നുകാലികളുടെ ദേഹത്ത് ചെള്ള് പിടിക്കാതിരിക്കാനുള്ള മരുന്ന് മൃഗാശുപത്രികളില്‍ ലഭ്യമാണ്. അവ വാങ്ങി കന്നുകാലികളുടെ ശരീരത്തില്‍ പുരട്ടുക.
• കുരങ്ങുകള്‍ ചത്തുകിടക്കുന്നതായി കണ്ടാല്‍ വനംവകുപ്പ് അധികൃതരെയോ ആരോഗ്യപ്രവര്‍ത്തകരെയോ വിവരം അറിയിക്കുക.
• കടുത്ത തലവേദന, ക്ഷീണം എന്നിവയോടുകൂടിയ പനിയുള്ളവര്‍ സ്വയം ചികിത്സക്കു മുതിരാതെ തുടക്കത്തില്‍തന്നെ ഡോക്ടറുടെ ഉപദേശം തേടുക.
• വനത്തില്‍ പോയവര്‍ അക്കാര്യം ഡോക്ടറോട് പറയാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
• വനത്തില്‍ പോയി തിരിച്ചുവന്നാല്‍ ഉടന്‍ കുളിക്കുന്നത് കുരങ്ങുപനി പിടിപെടാതിരിക്കുന്നതിന് സഹായകരമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.