കുരങ്ങുപനി മനുഷ്യരിലേക്കും പകരാം; വേണം ജാഗ്രത
text_fieldsകൽപറ്റ: കുരങ്ങുപനി ചില സാഹചര്യങ്ങളിൽ മനുഷ്യരിലേക്കും പകരാമെന്നും ഇക്കാര്യത്തിൽ ജാഗ്രത വേണമെന്നും ആരോഗ്യവകുപ്പ്. ജില്ല മെഡിക്കല്‍ ഓഫിസിന്റെ ആഭിമുഖ്യത്തില്‍ കുരങ്ങുപനി പ്രതിരോധവുമായി ബന്ധപ്പെട്ട് ജനപ്രതിനിധികള്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കായി ഏകദിന ശില്പശാല സംഘടിപ്പിച്ചു.
ജില്ല മെഡിക്കല്‍ ഓഫിസര്‍ (ആരോഗ്യം) ഡോ. പി. ദിനീഷ് ഉദ്ഘാടനം ചെയ്തു. കുരങ്ങുപനി തടയുന്നതിന് കര്‍മപദ്ധതി തയാറാക്കിയതായി ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.
ഡിസംബര്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവിലാണ് സാധാരണയായി രോഗം സാധ്യതയുള്ളത്. കുരങ്ങുകള്‍ ചത്തുകിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ബന്ധപ്പെട്ടവരെ അറിയിക്കണം. കുരങ്ങുകളിലാണ് രോഗം കണ്ടെത്തുന്നതെങ്കിലും ചെള്ളിന്റെ കടിയേല്‍ക്കുന്ന മനുഷ്യരിലേക്കും രോഗം പകരുന്നു. ആരോഗ്യ കേരളം ജില്ല പ്രോഗ്രാം മാനേജര്‍ ഡോ. സമീഹ സൈതലവി അധ്യക്ഷതവഹിച്ചു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.കെ. ജയഭാരതി, തിരുനെല്ലി ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്മാന് പി.എന്‍. ഹരീന്ദ്രന്‍, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. ആന്‍സി മേരി ജേക്കബ്, ജില്ല സര്‍വലന്‍സ് ഓഫിസര്‍ ഇന്‍-ചാര്‍ജ് ഡോ. കെ. ദീപ, മൃഗ സംരക്ഷണ വകുപ്പ് അസി. ഡയറക്ടര്‍ ഡോ. ജയേഷ്, ജില്ല ആര്.സി.എച്ച് ഓഫിസര്‍ ഡോ. ജെറിന് എസ് ജെറോഡ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, ആരോഗ്യ വകുപ്പ് ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.
കുരങ്ങുപനി ലക്ഷണങ്ങള്‍
ശക്തമായ പനി, വിറയലോടുകൂടിയ പനി, ശരീരവേദന, തലവേദന, ഛർദി, കടുത്ത ക്ഷീണം, രോമകൂപങ്ങളില്‍ നിന്ന് രക്തസ്രാവം, അപസ്മാരത്തോടുകൂടിയതോ അല്ലാതെയോയുള്ള തലകറക്കം, സ്ഥലകാല ബോധമില്ലായ്മ എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങള്‍. രോഗലക്ഷണങ്ങളുള്ളവര്‍ വൈദ്യസഹായം തേടി ആവശ്യമായ പരിശോധനകള്‍ നടത്തണം. വനത്തില്‍ പോകുന്നവര്‍ ചെള്ള് കടിയേല്‍ക്കാതിരിക്കാന്‍ കട്ടിയുള്ള ഇളം നിറത്തിലുള്ള നീണ്ട വസ്ത്രങ്ങള്‍ ധരിക്കുക. വസ്ത്രത്തിന് പുറമെയുള്ള ശരീരഭാഗങ്ങളില്‍ ചെള്ളിനെ അകറ്റുന്ന ലേപനങ്ങള്‍ പുരട്ടണം. വനത്തില്‍നിന്നും തിരിച്ചെത്തുന്നവര്‍ ശരീരത്തില്‍ ചെള്ള് കടിച്ചിട്ടില്ലെന്ന് ഉറപ്പാക്കണം.
വനത്തില്‍ പോകുന്ന കന്നുകാലികളുടെ ദേഹത്ത് ചെള്ള് പിടിക്കാതിരിക്കാനുള്ള മരുന്ന് മൃഗാശുപത്രികളില്‍ ലഭിക്കും. മരുന്ന് കന്നുകാലികളുടെ ശരീരത്തില്‍ പുരട്ടണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.