വാനര വസൂരി: കേരളവും അതിജാഗ്രതയിലേക്ക്
text_fieldsതിരുവനന്തപുരം: വാനര വസൂരി (മങ്കിപോക്സ്) വ്യാപകമാകുന്നത് മുൻനിർത്തി ആഗോള ആരോഗ്യ അടിയന്തരാവസ്ഥ ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചതോടെ അതിജാഗ്രതാ നടപടികളിലേക്ക് കേരളവും. രാജ്യത്ത് ആദ്യമായി വാനര വസൂരി കേരളത്തിൽ റിപ്പോർട്ട് ചെയ്ത സാഹചര്യം കൂടി കണക്കിലെടുത്താണിത്. കൊല്ലം, കണ്ണൂർ, മലപ്പുറം സ്വദേശികൾക്കാണ് കേരളത്തിൽ രോഗം സ്ഥിരീകരിച്ചത്. ഇതിനു പുറമെ വിമാനയാത്രക്കാരുടെ ഇടപഴകൽ കൂടുതലുള്ള തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എന്നീ അഞ്ച് ജില്ലകള്‍ക്ക് പ്രത്യേക ജാഗ്രതയും നല്‍കിയിട്ടുണ്ട്.
അതിന്റെ അടിസ്ഥാനത്തിൽ സ്റ്റാന്‍ഡേഡ് ഓപറേറ്റിങ് പ്രൊസീജിയര്‍ ആരോഗ്യ വകുപ്പ് പുറത്തിറക്കുകയും ചെയ്തു. ഐസൊലേഷന്‍, ചികിത്സ, സാമ്പ്ള്‍ കലക്ഷന്‍ തുടങ്ങിയവയെല്ലാം ഉള്‍ക്കൊള്ളിച്ചുള്ളതാണ് സ്റ്റാന്‍ഡേഡ് ഓപറേറ്റിങ് പ്രൊസീജിയര്‍. എല്ലാ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളും ഈ എസ്.ഒ.പി പിന്തുടരണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് നിർദേശിച്ചിട്ടുണ്ട്. ഇപ്പോൾ കേരളത്തിനു പിന്നാലെ രാജ്യതലസ്ഥാനത്തും വാനര വസൂരി റിപ്പോർട്ട് ചെയ്തിരിക്കുകയാണ്. അതിന്റെ അടിസ്ഥാനത്തിൽ ലോകാരോഗ്യ സംഘടന മുന്നോട്ടുവെക്കുന്ന പുതുക്കിയ മാർഗനിർദേശം എല്ലാ സംസ്ഥാനങ്ങൾക്കും ബാധകമാക്കി കേന്ദ്ര ആരോഗ്യമന്ത്രാലയം ഉടൻ പുറത്തിറക്കും.
അപ്രകാരം ഊർജിത പ്രതിരോധ നടപടികൾ കേരളത്തിലും വ്യാപകമാക്കാനാണ് തീരുമാനം. എല്ലാ ജില്ലകള്‍ക്കും ജാഗ്രതാ നിർദേശംനല്‍കി നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്. ആദ്യ പോസിറ്റിവ് കേസില്‍നിന്നുള്ള സാമ്പ്ള്‍ പരിശോധനയില്‍ പശ്ചിമ ആഫ്രിക്കൻ വൈറസ് വകഭേദം എന്നാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതു താരതമ്യേന പകര്‍ച്ച കുറവുള്ളതും മരണനിരക്ക് കുറവുള്ളതുമാണെന്നാണ് ഇപ്പോഴത്തെ വിലയിരുത്തൽ. എന്തായാലും ചിക്കന്‍പോക്സിന്റെ സമാന ലക്ഷണങ്ങളുള്ളവരെയെല്ലാം നിരീക്ഷിച്ച് വാനര വസൂരി അല്ലെന്ന് ഉറപ്പു വരുത്തും.
സമൂഹത്തില്‍ മറ്റൊര്‍ക്കെങ്കിലും രോഗമുണ്ടോയെന്ന് കണ്ടെത്താന്‍ സമാനലക്ഷണമുള്ള സാമ്പിളുകള്‍ റാണ്‍ഡമായി പരിശോധിക്കും. എയര്‍പോര്‍ട്ടില്‍ നിരീക്ഷണം ശക്തമാക്കും. ക്രമീകരണങ്ങൾ എല്ലാ മെഡിക്കൽ കോളജുകളിലും 14 ജില്ലകളിലും സജ്ജമാക്കാൻ നിർദേശം നൽകിയിട്ടുണ്ട്. പ്രതിരോധത്തിനുള്ള പരിശീലനവും ദ്രുതഗതിയില്‍ നടന്നുവരുന്നു. എയര്‍പോര്‍ട്ട് ജീവനക്കാര്‍ക്കും പരിശീലനം നൽകുന്നു. നിലവിൽ വാനര വസൂരി സ്ഥിരീകരിച്ചവരുടെ ആരോഗ്യനില തൃപ്തികരമാണ്. മറ്റാര്‍ക്കുംതന്നെ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടില്ല. സമ്പര്‍ക്കപട്ടികയിലുള്ള എല്ലാവരേയും നിരന്തരം നിരീക്ഷിക്കുന്നു. കോവിഡ് പൂർണമായും ഒഴിയും മുമ്പെ മറ്റൊരു പകർച്ചവ്യാധികൂടി ഭീഷണിയായി വന്നത് ആരോഗ്യവകുപ്പിന് കുടുത്ത വെല്ലുവിളി ഉയർത്തിയിട്ടുണ്ട്.
ഇതിനു പുറമെ, നാലാം തരംഗത്തിന്റെ സൂചന നൽകി കോവിഡും ഡെങ്കി, എലിപ്പനി, ചെള്ളുപനി തുടങ്ങിയ വ്യാധികളും വ്യാപകമായി പടരുകയാണ്. മരണസംഖ്യയും കുത്തനെ ഉയരുകയാണ്.
ശ്രദ്ധിക്കാൻ
കഴിഞ്ഞ ദിവസങ്ങളില്‍ മങ്കിപോക്സ് റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളില്‍ യാത്ര ചെയ്തിട്ടുള്ളവര്‍, പനിയോടൊപ്പം ശരീരത്തില്‍ തടിപ്പുകള്‍, അല്ലെങ്കില്‍ കുമിളകള്‍, തലവേദന, ശരീരവേദന, പേശി വേദന, തൊണ്ടവേദന, ഭക്ഷണം ഇറക്കുവാന്‍ പ്രയാസം തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ എയര്‍പോര്‍ട്ട് ഹെല്പ് ഡെസ്കിനെ സമീപിക്കണം. രോഗലക്ഷണങ്ങളുള്ളവര്‍ വീട്ടില്‍ 21 ദിവസം വായുസഞ്ചാരമുള്ള മുറിയില്‍ കഴിയുക. ഈ കാലയളവില്‍ വീട്ടിലെ ഗര്‍ഭിണികളുമായോ, കുട്ടികളുമായോ, പ്രതിരോധ ശേഷി കുറഞ്ഞവരുമായോ അടുത്തിടപഴകരുത്. സമ്പര്‍ക്കം ഉള്ളവര്‍ രക്തം, കോശങ്ങള്‍, ടിഷ്യൂ, അവയവങ്ങള്‍, സെമന്‍ എന്നിവ ദാനം ചെയ്യാന്‍ പാടില്ല. ലക്ഷണങ്ങള്‍ എന്തെങ്കിലും കണ്ടാല്‍ ഉടന്‍ ദിശ 104, 1056, 0471 2552056 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.