മങ്കിപോക്സ് : കണ്ണൂരിൽ യുവാവ് നിരീക്ഷണത്തിൽ
text_fieldsകണ്ണൂർ: മങ്കി പോക്സ് ലക്ഷണങ്ങളോടെ വിദേശത്തു നിന്നെത്തിയ യുവാവ് കണ്ണൂർ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ. യുവാവിനെ നിരീക്ഷിക്കുകയാണെന്നും സ്രവം പരിശോധനക്കയച്ചിട്ടുണ്ടെന്നും ആശുപത്രി അധികൃതർ അറിയിച്ചു. സ്രവത്തിന്റെ പരിശോധനാഫലം എത്തിയിട്ടില്ല. അത് വന്നാൽ മാത്രമേ മങ്കി പോക്സ് ആണോ എന്ന കാര്യം ഉറപ്പിക്കാനാകൂവെന്നും ആശുപത്രി അധികൃതർ പറഞ്ഞു.
ഗൾഫിൽ നിന്നും മംഗളൂരു വിമാനത്താവളം വഴിയാണ് ഇയാൾ കഴിഞ്ഞ ദിവസം എത്തിയത്. ഇപ്പോൾ ആശുപത്രിയിൽ പ്രത്യേകം സജ്ജമാക്കിയ ഐസൊലേഷൻ മുറിയിൽ നിരീക്ഷണത്തിലാണ്.
ഇന്ത്യയിൽ ആദ്യമായി മങ്കി പോക്സ് സ്ഥിരീകരിച്ചത് കേരളത്തിലാണ്. വിദേശത്തു നിന്ന് എത്തിയ കൊല്ലം സ്വദേശിക്ക് ജൂലൈ 14നാണ് മങ്കി പോക്സ് സ്ഥിരീകരിച്ചത്. രോഗിയുമായി കൂടുതൽ സമയം അടുത്ത സമ്പർക്കത്തിലേർപ്പെട്ടാൽ മാത്രമാണ് രോഗം പകരുക. ഭയപ്പെടേണ്ടതില്ലെന്നും ജാഗ്രത മതിയെന്നും ആരോഗ്യ വകുപ്പ് അറിയിച്ചിട്ടുണ്ട്. രോഗ ലക്ഷണങ്ങളുള്ളവർ ഉടൻ സമീപത്തുള്ള ആശുപത്രികളിൽ ചികിത്സ തേടുകയും സ്വയം ക്വാറൈന്റനിൽ നിന്ന് രോഗം മറ്റുള്ളവർക്ക് പകരുന്നത് ഒഴിവാക്കുകയും വേണമെന്ന് ആരോഗ്യ വകുപ്പ് അറിയിക്കുന്നു.
രോഗ വ്യാപന സാധ്യത കുറവാണെങ്കിലും കുട്ടികൾക്ക് രോഗം ബാധിച്ചാൽ മാരകമായേക്കാമെന്നാണ് വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്. ചിക്കൻ പോക്സ്, മീസെൽസ് പോലുള്ള മറ്റു രോഗങ്ങളാണെന്ന് തെറ്റിദ്ധരിക്കാതിരിക്കാൻ ജാഗ്രത പുലർത്തണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. രോഗലക്ഷണങ്ങളുള്ളവർ എത്രയും പെട്ടെന്ന് ചികിത്സ തേടണം.
കടുത്ത തലവേദന, പനി, പുറംവേദന, ക്ഷീണം, നീർവീഴ്ച, ലിംഫ് നോഡുകളിൽ വീക്കം, ശരീരത്തിലും മുഖത്തും തടിപ്പുകൾ എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങൾ. ഇത്തരം ലക്ഷണങ്ങളുണ്ടെങ്കിൽ ഉടൻ ചികിത്സ തേടണം. രോഗികളുമായി സമ്പർക്കം പുലർത്താതിരിക്കുക, വന്യ മൃഗങ്ങൾ, ചത്ത മൃഗങ്ങൾ എന്നിവയുമായി സമ്പർക്കമുണ്ടാകാതെ സൂക്ഷിക്കുക എന്നിവയും ശ്രദ്ധിക്കേണ്ടതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.