മഴയെത്തി, രോഗങ്ങൾക്കെതിരെ കുട ചൂടാം
text_fieldsമലപ്പുറം: മഴക്കാലം തുടങ്ങുന്നതോടെ ജലജന്യ, കൊതുകുജന്യ രോഗഭീതിയിൽ ജില്ല. വിവിധ ഭാഗങ്ങളിൽ ഡെങ്കിപ്പനി, എലിപ്പനി, മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങൾ റിപ്പോർട്ട് ചെയ്തുതുടങ്ങിയതാണ് ഭീതിപരത്തുന്നത്. ജില്ലയിൽ മുൻകാലങ്ങളിൽ ഉണ്ടായ രോഗബാധയുടെ റിപ്പോർട്ടുകൾ അനുസരിച്ച് ഈ വർഷം ഡെങ്കി, എലിപ്പനി രോഗങ്ങൾ കൂടുതൽ ഉണ്ടാവാനും പകർച്ചവ്യാധി മരണങ്ങൾ കൂടാനും സാധ്യത ഏറെയാണെന്ന് ജില്ല മെഡിക്കൽ ഓഫിസർ ഡോ. ആർ. രേണുക അറിയിച്ചു. പകർച്ചവ്യാധികൾക്കെതിരായ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തണം. നേരത്തേ മഴയെത്തിയതിനാൽ പരിസരശുചീകരണം അടക്കമുള്ള പ്രതിരോധ പ്രവർത്തനങ്ങൾ കൃത്യമായി പാലിച്ച് എലി, കൊതുക്, ഈച്ച മുതലായവ വളരുന്നതിനുള്ള സാഹചര്യം ഒഴിവാക്കണമെന്നും അവർ പറഞ്ഞു.
കൊതുകിെൻറ ഉറവിടം നശിപ്പിക്കുക, കൊതുക് വളരാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കുക എന്നതായിരിക്കണം ശുചീകരണത്തിൽ മുഖ്യമായും ശ്രദ്ധിക്കേണ്ടത്. ശുചീകരണ പ്രവർത്തനങ്ങൾ നടത്തുമ്പോൾ കോവിഡ് പ്രോട്ടോകോൾ പാലിക്കണം. എലിപ്പനി സാധ്യതയുള്ള പ്രദേശങ്ങൾ, അത്തരം സ്ഥലങ്ങളിൽ ജോലിചെയ്യുന്നവർ, തൊഴിലുറപ്പ് ജീവനക്കാർ, ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നവർ, കൃഷിക്കാർ, വെള്ളത്തിലിറങ്ങി ജോലി ചെയ്യേണ്ടിവരുന്നവർ, മഴ വെള്ളത്തിലും ചളി വെള്ളത്തിലും കളിക്കുന്ന കുട്ടികൾ എന്നിവർ പ്രത്യേകം രോഗപ്രതിരോധ നടപടികൾ സ്വീകരിക്കണം. പ്രദേശത്തെ ആരോഗ്യപ്രവർത്തകരുമായി ബന്ധപ്പെട്ട് എലിപ്പനി പ്രതിരോധത്തിനായി ഡോക്സിസൈക്ലിൻ ഗുളിക കഴിക്കണമെന്നും ഡി.എം.ഒ നിർദേശിച്ചു.
ഡെങ്കിപ്പനി
കൊതുകുജന്യമായ വൈറസ് രോഗമാണ് ഡെങ്കിപ്പനി. ഈഡിസ് വിഭാഗത്തിൽപെട്ട പെൺകൊതുകുകളാണ് ഈ രോഗം ഒരാളിൽനിന്ന് മറ്റൊരാളിലേക്ക് പകർത്തുന്നത്. കോവിഡിെൻറ പല ലക്ഷണങ്ങളും ഡെങ്കിപ്പനിയിൽ ഉണ്ടാവുന്നതിനാൽ സ്ഥിതി കൂടുതൽ രൂക്ഷമാവുന്നു. നേരത്തേ തിരിച്ചറിഞ്ഞ് ഫലപ്രദ ചികിത്സ നൽകിയില്ലെങ്കിൽ രോഗി അപകടാവസ്ഥയിലാവുന്നതിനും മരണം സംഭവിക്കാനും സാധ്യതയുണ്ട്. വീടിന് അകത്തും പുറത്തും കൊതുക് വളരുന്ന സാഹചര്യം ഒഴിവാക്കുക, കൊതുകുകടി ഏൽക്കാതിരിക്കാൻ ആവശ്യമായ മുൻകരുതൽ എടുക്കുക എന്നിവയാണു പ്രധാന പ്രതിരോധ പ്രവർത്തനങ്ങൾ.
എലിപ്പനി
സ്പൈറൊക്കീറ്റ്സ് വിഭാഗത്തിൽപെട്ട ബാക്ടീരിയ മൂലമാണ് എലിപ്പനിയുണ്ടാവുന്നത്. പ്രധാനമായും എലികളുടെ മൂത്രത്തിലൂടെ ജലാശയങ്ങളിൽ എത്തുന്ന ഈ രോഗാണു ആ ജലവുമായി സമ്പർക്കത്തിൽ വന്നവരുടെ ശരീരത്തിൽ എത്തി രോഗബാധിതരാക്കുന്നു.
പനി, തലവേദന, മൂത്രത്തിന് നിറവ്യത്യാസം തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ. മഞ്ഞപ്പിത്തത്തിെൻറ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നതിനാൽ മഞ്ഞപ്പിത്തമായി കരുതി ശരിയായ രോഗനിർണയവും ചികിത്സയും നടത്താത്തത് രോഗം ഗുരുതരമാകാൻ ഇടയാക്കും. മലിനജലവുമായി സമ്പർക്കത്തിൽ വരാതെ ശ്രദ്ധിക്കുക, വെള്ളത്തിൽ ഇറങ്ങേണ്ടിവന്നാൽ പിന്നീട് കാലുകൾ സോപ്പ് ഉപയോഗിച്ച് ചൂടുവെള്ളത്തിൽ കഴുകുക, കാലിലെ മുറിവുകൾ ശരിയായി ഡ്രസ് ചെയ്തതിനുശേഷം മാത്രം വെള്ളത്തിൽ ഇറങ്ങുക, ആരോഗ്യപ്രവർത്തകരുടെ നിർദേശാനുസരണം ഡോക്സിസൈക്ലിൻ ഗുളിക കഴിക്കുക, എലി പെറ്റുപെരുകുന്ന സാഹചര്യങ്ങൾ ഒഴിവാക്കുക എന്നിവയാണ് പ്രധാന പ്രതിരോധ മാർഗങ്ങൾ.
മഞ്ഞപ്പിത്തം
ജലത്തിലൂടെ പകരുന്ന വൈറസ് രോഗമാണിത്. രോഗിയുടെ മലത്തിലൂടെ പുറത്തുവരുന്ന രോഗാണു ഏതെങ്കിലും മാർഗത്തിലൂടെ വെള്ളത്തിലോ ഭക്ഷണ സാധനങ്ങളിലോ എത്തിപ്പെടുകയും തുടർന്ന് വേറൊരു വ്യക്തിയിൽ എത്തുകയും ചെയ്യുന്നു. മലവിസർജനം കക്കൂസുകളിൽ മാത്രമാക്കുക, കൈകൾ ശരിയായി കഴുകുക, ഭക്ഷണസാധനങ്ങൾ അടച്ചുവെക്കുക, തണുത്തതും തുറന്നു വെച്ചിരിക്കുന്നതുമായ ഭക്ഷണം ഒഴിവാക്കുക. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. ഈച്ച വളരുന്ന സാഹചര്യങ്ങൾ ഒഴിവാക്കുക എന്നിവയാണ് പ്രതിരോധമാർഗങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.