ആരോഗ്യ കേന്ദ്രങ്ങളിൽ രോഗനിർണയത്തിന് കൂടുതൽ ഉപകരണങ്ങൾ
text_fieldsകണ്ണൂർ: 15ാം ധനകാര്യ കമീഷന് അവാര്‍ഡ് പ്രകാരം ഈ വർഷത്തെ ആരോഗ്യ ഗ്രാൻഡ് ഉപയോഗപ്പെടുത്തി കോര്‍പറേഷന്റെ ആരോഗ്യ സ്ഥാപനങ്ങളില്‍ രോഗനിര്‍ണയ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനുള്ള പദ്ധതികള്‍ കണ്ണൂര്‍ കോര്പറേഷന് കൗണ്‍സില്‍ യോഗം അംഗീകരിച്ചു. 2022- 23 വർഷം ആരോഗ്യ ഗ്രാന്റായി കോര്പറേഷന് 108.28 ലക്ഷം രൂപയാണ് അനുവദിച്ചത്. നഗരസഭയിലെ വിവിധ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലേക്കും ഉപകേന്ദ്രങ്ങളിലേക്കും ലാബ് ഉപകരണങ്ങള്‍, പരിശോധന കിറ്റുകള്‍ എന്നിവ വാങ്ങുന്നതിനുള്ള പദ്ധതിക്കാണ് അംഗീകാരം നല്‍കിയത്. ഇത് ജില്ല ആസൂത്രണ സമിതിക്ക് സമര്‍പ്പിക്കാന്‍ കൗൺസിൽ തീരുമാനിച്ചു.
നഗരത്തിലെ സോഡിയം വേപര്‍ വിളക്കുകള്‍ മാറ്റി എല്‍.ഇ.ഡി വിളക്കുകളാക്കുന്ന പ്രവൃത്തി ഏകദേശം പൂര്‍ത്തിയായതായി മേയർ അറിയിച്ചു.
സംസ്ഥാന സര്‍ക്കാറിന്റെ നിലാവ് പദ്ധതിയില്‍ ഉള്‍പ്പെടാതെ കോര്പറേഷന് സ്വന്തമായി നടപ്പിലാക്കുന്നതാണ് തെരുവ് വിളക്കുകൾ മാറ്റുന്ന പദ്ധതി. കെ.എസ്.ഇ.ബി നടപ്പിലാക്കുന്ന നിലാവ് പദ്ധതിയില്‍ ഉള്‍പ്പെട്ട പല തദ്ദേശസ്ഥാപനങ്ങളും തെരുവുവിളക്കുകൾ കൃത്യമായ അറ്റകുറ്റപ്പണി നടക്കാതെ ബുദ്ധിമുട്ടുകയാണെന്നും മേയർ പറഞ്ഞു. അതുകൊണ്ടാണ് കോർപറേഷൻ പദ്ധതി സ്വയം ഏറ്റെടുത്തത്.
അടുത്ത ഘട്ടമെന്ന നിലയില്‍ കോര്പറേഷന് പരിധിയില്‍ സ്മാര്‍ട്ട് ലൈറ്റുകള്‍ സ്ഥാപിച്ച് തെരുവു വിളക്കുകളുടെ അറ്റകുറ്റപ്പണിയും പരിപാലനവും കുറ്റമറ്റ രീതിയില്‍ മുന്നോട്ടുകൊണ്ടുപോകാനാണ് പദ്ധതി. പുതുതായി ലൈന്‍ വലിച്ച സ്ഥലങ്ങളില്‍ തെരുവു വിളക്കുകള്‍ സ്ഥാപിക്കുന്നതിന് 55 ലക്ഷം രൂപ വകയിരുത്തിയതായും മേയർ പറഞ്ഞു.
പൊതുമരാമത്ത് പദ്ധതികളുടെ പുരോഗതി വിലയിരുത്തുന്നതിന് അടുത്ത ദിവസങ്ങളില്‍ സാങ്കേതിക വിഭാഗം ഉദ്യോഗസ്ഥരുടെ യോഗം ചേരും. കൗണ്‍സില്‍ യോഗത്തില്‍ മേയര്‍ അഡ്വ.ടി.ഒ. മോഹനന്, സ്റ്റാൻഡിങ് കമ്മിറ്റി ചെയര്മാന്മാരായ എം.പി. രാജേഷ്, അഡ്വ. പി. ഇന്ദിര, സിയാദ് തങ്ങള്‍, സുരേഷ് ബാബു എളയാവൂര്, കൗണ്‍സിലര്‍മാരായ ടി. രവീന്ദ്രന്, കെ.പി. അബ്ദുറസാഖ്, അഡ്വ. പി.കെ. അന്‍വര്‍, എസ്. ഷഹീദ, കെ. പ്രദീപന്, എ. കുഞ്ഞമ്പു തുടങ്ങിയവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.